മാവേലിക്കര 'കുട്ടിത്രയ' ങ്ങളിലെ മൂന്നാമനും യാത്രയായി

25 Jul 2012

മാവേലിക്കര: മൃദംഗ വിദ്വാന്‍ വേലുക്കുട്ടിനായരുടെ നിര്യാണത്തോടെ മൃദംഗത്തിലെ മാവേലിക്കര 'കുട്ടിത്രയ' ങ്ങളിലെ മൂന്നാമനും ഓര്‍മയായി.

മാവേലിക്കര കൃഷ്ണന്‍കുട്ടിനായര്‍, മാവേലിക്കര ശങ്കരന്‍കുട്ടിനായര്‍, മാവേലിക്കര വേലുക്കുട്ടിനായര്‍ എന്നിവരാണ് മൃദംഗവാദനത്തിലെ കുട്ടിത്രയങ്ങള്‍ എന്നറിയപ്പെട്ടിരുന്നത്. മൂവരും വ്യത്യസ്തശൈലികള്‍ക്കുടമകളായിരുന്നു. ശങ്കരന്‍കുട്ടിനായര്‍ മധുര മുരുക ഭൂപതിയുടെയും കൃഷ്ണന്‍കുട്ടിനായര്‍ പളനി സുബ്രഹ്മണ്യം പിള്ളയുടെയും ശൈലി പിന്തുടര്‍ന്നപ്പോള്‍ വേലുക്കുട്ടിനായര്‍ പാലക്കാട്ട് മണി അയ്യരുടെ ശൈലിയാണ് പിന്തുടര്‍ന്നത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ശൈലികള്‍ കൂട്ടിക്കലര്‍ത്തി മെനഞ്ഞെടുത്ത പാലക്കാട് ബാണിയാണ് വേലുക്കുട്ടിനായര്‍ കൈകാര്യം ചെയ്തിരുന്നത്.

ചെട്ടികുളങ്ങര ഈരേഴ തെക്ക് നെടുമ്പ്രത്ത് വീട്ടിലാണ് വേലുക്കുട്ടിനായര്‍ ജനിച്ചത്. മൂത്ത സഹോദരിയുടെ മറ്റം വടക്ക് അരിയന്നൂര്‍ വീട്ടിലാണ് കുട്ടിക്കാലം കഴിച്ചുകൂട്ടിയത്. ഏഴാം വയസ്സില്‍ അച്ഛന്‍ മുതുകുളം കുമാരപിള്ളയുടെ ശിഷ്യനായാണ് മൃദംഗവാദനം അഭ്യസിച്ച് തുടങ്ങിയത്.

പതിനൊന്നാം വയസ്സില്‍ കാട്ടുവള്ളില്‍ വീരമണി ഭാഗവതരുടെ കച്ചേരിക്ക് കണ്ടിയൂര്‍ ക്ഷേത്രനടയില്‍ മൃദംഗം വായിച്ചായിരുന്നു അരങ്ങേറ്റം. അന്ന് ദക്ഷിണയായി ലഭിച്ച ഒരുരൂപയാണ് തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും വഴിതെളിച്ചതെന്ന് അദ്ദേഹം പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കേരളത്തിലാദ്യമായി ഡോ.ബാലമുരളീകൃഷ്ണ മാവേലിക്കരയില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചപ്പോള്‍ മൃദംഗം വായിക്കാന്‍ കഴിഞ്ഞതും മറക്കാനാവാത്ത അനുഭവമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് മണി അയ്യരുടെ അടുത്തായിരുന്നു മൃദംഗത്തില്‍ വേലുക്കുട്ടിനായരുടെ ഉപരിപഠനം. 32ാം വയസ്സില്‍ സ്വാതിതിരുനാള്‍ സംഗീതകോളജ് അധ്യാപകനായി. മൃദംഗത്തില്‍ വേലുക്കുട്ടിനായര്‍ രൂപപ്പെടുത്തിയ പാഠ്യപദ്ധതിയാണ് തിരുവനന്തപുരം, തൃപ്പൂണിത്തുറ, പാലക്കാട് സംഗീതകോളജുകളില്‍ ഇപ്പോഴും പിന്തുടരുന്നത്.
Tags :
Print
SocialTwist Tell-a-Friend



OTHER STORIES
 1 2 3 NEXT 
BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education