പ്രില്‍ ഒന്ന് മുതല്‍ ബിഎസ് 3 (ഭാരത് സ്‌റ്റേജ് 3) വാഹനങ്ങള്‍ നിരോധിക്കാനുള്ള അന്തിമ തീരുമാനം കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി കൈകൊണ്ടത്. ഇതോടെ ഇനി പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങളെല്ലാം ബിഎസ് 4 നിലവാരം കൈവരിച്ചവയാകും. കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നില്ലെ ? എന്നാല്‍ എന്താണ് ബിഎസ് 3, ബിഎസ് 4 എന്ന് കൃത്യമായി അറിയുമോ ? ഇന്ത്യയില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മലിനീകരണ മാനദണ്ഡ നിലവാര പരിധിയാണ് ബിഎസ് അഥവ ഭാരത് സ്റ്റേജ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു. 

അനുദിനം കുത്തനെ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ 2000 തുടക്കത്തിലാണ് മലിനീകരണ മാനദണ്ഡമായ ഭാരത് സ്‌റ്റേജ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ 1991-ല്‍ തന്നെ മലിനീകരണം കുറയ്ക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് മാത്രമായിരുന്ന ആദ്യ ഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെട്ടത്, പിന്നീട് പെട്രോള്‍ വാഹനങ്ങള്‍ക്കും നിലവാര പരിധി ബാധകമായി. അതിനു ശേഷമാണ് കൂടുതല്‍ ഫലപ്രദമായി 2000-ത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മലിനീകരണ മാനദണ്ഡമായ  'യൂറോ നിലവാരം' അടിസ്ഥാനമാക്കി ഭാരത് സ്‌റ്റേജ് രാജ്യവ്യാപകമായി പരീക്ഷിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബിഎസ് 2 നടപ്പിലാക്കി. 2005-ഓടെയാണ് രാജ്യവ്യാപകമായി ബിഎസ് 2 നടപ്പാക്കിയത്. 2010-ലാണ് ബിഎസ് 3 നിലവാരത്തിലെത്തുന്നത്. 

BS 4

ബിഎസ്‌ 3 വാഹനങ്ങളെക്കാള്‍ 80 ശതമാനം കുറവ് മലിനീകരണം മാത്രമേ ബിഎസ്‌ 4 വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ നിന്നുണ്ടാകു. ഇന്ത്യയില്‍ മലിനീകരണ തോത് വളരെക്കൂടുതലായതിനാല്‍ 2020-ഓടെ ബിഎസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബിഎസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബിഎസ് 6-ലേക്ക് കടക്കുന്നത്. അതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും. എഞ്ചിന്‍ നിലവാരം വര്‍ധിക്കുന്നതിനൊപ്പം ഇന്ധന നിലവാരവും വര്‍ധിക്കേണ്ടതുണ്ട്. നിലവിലുള്ള ബിഎസ് 4 നിലവാരമുള്ള ഇന്ധനം 2010-ലാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എണ്ണ കമ്പനികള്‍ക്കും സര്‍ക്കാറിനും വന്‍ മുടക്കു മുതല്‍ ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ ആവശ്യമായതിനാല്‍ 2020-ഓടെ ബിഎസ് 6 നടപ്പാക്കുക എന്നത് വളരെ ശ്രമകരമാണ്. 

Read More; ബിഎസ് 3 വാഹനങ്ങള്‍ വില്‍ക്കുന്നതിന് ഏപ്രില്‍ ഒന്ന് മുതല്‍ നിരോധനം​