ന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവ എന്തൊക്കെയൊന്നു നോക്കാം...

അന്യസംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ക്കു പൊതുവേ വില കുറവാണ്. ബോംബെയിലും ഡല്‍ഹിയിലും അവിശ്വസനീയമായ വിലയ്ക്ക് ബെന്‍സ് ഉള്‍പ്പെടെയുള്ള കാറുകള്‍ വില്‍പനയ്ക്ക് നിരത്തിവെച്ചിട്ടുണ്ട്. അവ വാങ്ങി കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന നിരവധിയാളുകളുണ്ട്. അവര്‍ നിങ്ങളെ കാണിക്കുന്ന രേഖകള്‍ ഒറിജിനലാണെന്നു തോന്നാം. എന്നാല്‍ വ്യാജരേഖകളുടെ വിളനിലമാണ് അന്യസംസ്ഥാന വാഹന മാര്‍ക്കറ്റുകള്‍.

രേഖകള്‍ കൃത്യമെന്നു കരുതി വാങ്ങുന്ന വാഹനം തേടി അല്പകാലം കഴിയുമ്പോള്‍ മുംബൈ-ഡല്‍ഹി പോലീസ് വീട്ടിലെത്താം. കാരണം അത് മോഷ്ടിക്കപ്പെട്ടതോ മറ്റേതെങ്കിലും നൂലാമാലയില്‍പ്പെട്ടതോ ആയിരിക്കാം. വ്യാജരേഖകള്‍ ചമച്ച് വില്‍പനയ്ക്ക് വെച്ചിരുന്നതാവാം. അതേക്കുറിച്ച് വിശദീകരിക്കുന്നതിന് മുന്‍പ് ഒരു അന്യസംസ്ഥാന വാഹനം കേരളത്തിലെത്തിച്ചാല്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കടമ്പകള്‍ എന്തൊക്കെയെന്ന് നോക്കാം. 

ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം 12 മാസത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുകയാണെങ്കില്‍ അവിടെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഉദാഹരണമായി തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം എറണാകുളം ടൗണില്‍ താമസിക്കുന്നയാള്‍ വാങ്ങിയാല്‍ ചെയ്യേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പറയാം. 

ടിഎന്‍ 37 എന്ന നമ്പരുള്ള ആ കാറിന്റെ പതിനഞ്ചു വര്‍ഷത്തേക്കുള്ള ലൈഫ് ടാക്‌സ് അടച്ചിട്ടുള്ളതായിരിക്കും. ഈ വാഹനം സംബന്ധിച്ച് യാതൊരുവിധ ടാക്‌സ് ബാധ്യതകളോ കേസുകളോ ഇല്ലെന്നും ഈ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് യാതൊരു തടസ്സങ്ങളും ഇല്ലെന്നും കാണിക്കുന്ന എന്‍ഒസി(നോ ഒബജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) കോയമ്പത്തൂരിലെ ആടി ഓഫീസില്‍നിന്നു വാങ്ങുകയാണ് ആദ്യ നടപടി.

അതിനു ശേഷം പൂര്‍ണമായും പൂരിപ്പിച്ച ഫോറം 27, എന്‍ഒസി, ഒറിജിനല്‍ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പുതുതായി രജിസ്റ്റര്‍ ചെയ്യാനുദ്ദേശിക്കുന്നയാളുടെ അഡ്രസ് പ്രൂഫിന്റെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ സഹിതം നിശ്ചിത ഫീസോടുകൂടി എറണാകുളം ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കണം. ഈ അപേക്ഷയോടൊപ്പം രണ്ടു വര്‍ഷത്തെ റോഡ് ടാക്‌സും അടയ്ക്കണം. 

അതിനുശേഷം കാറിന്റെ ചേസിസ് നമ്പറും എഞ്ചിന്‍ നമ്പറും എറണാകുളം ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ശരിയാണെന്നു സര്‍ട്ടിഫിക്കറ്റ് തരും. എന്നിട്ട് അതിന്റെ കോപ്പി കോയമ്പത്തൂര്‍ ആര്‍ടി ഓഫീസിലേക്ക് അയയ്ക്കും. മറ്റൊരു കോപ്പി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലേക്കും അയയ്ക്കും. വാഹനം ഏതെങ്കിലും ക്രൈമില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുകയാണ് ഉദ്ദേശ്യം. 

കോയമ്പത്തൂര്‍ ആര്‍ടി ഓഫീസില്‍നിന്നും ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ നിന്നും അനുകൂലമറുപടി ലഭിക്കുകയോ 30 ദിവസംവരെ മറുപടി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ വാഹനം റീ രജിസ്റ്റര്‍ ചെയ്തു നല്‍കും. അതോടെ പുതിയ, എറണാകുളം രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. പഴയ കോയമ്പത്തൂര്‍ നമ്പര്‍ റദ്ദാക്കും. 

ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാതെ പതിനാലു മാസം ഉപയോഗിച്ചാല്‍ വാഹനം പിടിച്ചെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ഓര്‍ക്കുക. 

Tips
കാര്‍ വാങ്ങുമ്പോള്‍
പുസ്തകം വാങ്ങാം

അന്യസംസ്ഥാന വാഹനത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ വാങ്ങിക്കുന്ന വാഹനത്തോടൊപ്പം നല്‍കുന്ന എന്‍ഒസി യഥാര്‍ഥമാണെന്ന് ആര്‍ടി ഓഫീസില്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതുപോലെതന്നെ, എന്‍ഒസി വാങ്ങേണ്ടത് അന്യസംസ്ഥാനത്തുനിന്നായതുകൊണ്ട്, അത് വാങ്ങേണ്ട ജോലി ഏറ്റെടുക്കാതിരിക്കുക. അതിനുവേണ്ടി അന്യസംസ്ഥാനത്തു പോയി ദീര്‍ഘകാലം താമസിക്കേണ്ടിവരും. നല്ല തുകയും ചെലവാകും. 

അന്യസംസ്ഥാനവാഹനം വിലകുറച്ചു കിട്ടുമെങ്കിലും നിങ്ങള്‍ പിന്നീടത് വില്ക്കാന്‍ ശ്രമിക്കുമ്പോഴും വില കുറയും എന്നോര്‍ക്കുക. കേരളത്തില്‍ റീരജിസ്‌ട്രേഷന്‍ ചെയ്ത കാറാണെങ്കിലും നമ്മുടെ നാട്ടുാകാര്‍ വാങ്ങാന്‍ മടിക്കും. വാങ്ങുമ്പോള്‍തന്നെ വില വളരെക്കുറച്ചേ പറയൂ... 

(ബൈജു എന്‍ നായരുടെ കാര്‍ വാങ്ങുമ്പോള്‍ എന്ന പുസ്‌കതത്തില്‍ നിന്ന്)

Content Highlights: Bought car from outside state, how to re register it