1. ചെറിയ ഗിയറുകളില്‍ എല്ലായിപ്പോഴും കൂടുതല്‍ ഇന്ധനം ആവശ്യം വരും. പരമാവധി ഉയര്‍ന്ന ഗിയറില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കണം. തെറ്റായ ഗിയറില്‍ വാഹനം ഓടിക്കുന്നതുമൂലം 20 ശതമാനംവരെ ഇന്ധന നഷ്ടമുണ്ടാക്കും. താഴ്ന്ന ഗിയറുകളില്‍ വേഗത വര്‍ധിപ്പിക്കാന്‍ പെട്ടെന്ന് ആക്‌സലറേറ്റ് നല്‍കുന്നതും ഇന്ധനക്ഷമത കുറയ്ക്കും. ഇടയ്ക്കിടയ്ക്ക് ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നതും നല്ലതല്ല. ഏത് വേഗതയില്‍ ഗിയര്‍ ഷിഫ്റ്റ് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണ മനസില്‍ ഉണ്ടായിരിക്കണം. ഈ വിവരങ്ങള്‍ വളരെ വ്യക്തമായി യൂസേഴ്‌സ് മാനുവലില്‍ നിന്ന് വായിച്ച് മനസിലാക്കണം. 

2. എല്ലാ വീലുകളിലെയും ടയര്‍ പ്രഷര്‍ കൃത്യമണെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തണം. ടയര്‍ പ്രഷര്‍ കുറവാണെങ്കില്‍ ടയറുകളുടെ കൂടുതല്‍ ഭാഗം റോഡില്‍ പതിയും, ഇത് ഘര്‍ഷണം വളരെയേറെ വര്‍ധിപ്പിക്കും. ഇത്തരത്തില്‍ വാഹനം കൂടുതല്‍ ഓടിച്ചാല്‍ അമിത ഇന്ധനവും ആവശ്യമായി വരും. പ്രഷര്‍ കൂടിയാല്‍ ടയറുകള്‍ തെന്നിമാറാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ഓരോ ടയറുകളിലും കമ്പനി നിഷ്‌കര്‍ഷിച്ച പ്രഷര്‍ തന്നെ നല്‍കുന്നതാണ് ഉത്തമം. കൃത്യസമയത്ത് വീല്‍ അലൈന്‍മെന്റും നടത്തണം. 

3. നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും വാഹനം സൈഡാക്കി ഫോണ്‍ വിളിക്കുകയോ മറ്റ് ആവശ്യങ്ങളോ വരുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യുന്നത് നല്ലതാണ്. ട്രാഫിക്കില്‍ ഏറെ കാത്തിരിക്കേണ്ടി വരുമ്പോഴും എഞ്ചിന്‍ ഓഫ് ചെയ്യണം, ഇത് ഇന്ധനം ലാഭിക്കാന്‍ സഹായകരമാകും. ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്. 

4. എത്ര അത്യാവശ്യമാണെങ്കിലും പെട്ടെന്ന് ആക്‌സലറേഷന്‍ ക്രമാതീതമായി വര്‍ധിപ്പിച്ച് വേഗത കൂട്ടുന്നത് നന്നല്ല. ഉയര്‍ന്ന വേഗത്തില്‍ പെട്ടെന്ന് ബ്രേക്ക് നല്‍കുന്നതും ഇന്ധന ക്ഷമത കുറയ്ക്കാന്‍ വഴിയൊരുക്കും. സൂക്ഷ്മതയോടെ വാഹനം പരിചരിക്കുന്നതു പോലെ തന്നെ പ്രധാനമാണ് സൂക്ഷമമായി വാഹനം ഓടിക്കുന്നതും. 45-50 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ചാല്‍ 40 ശതമാനംവരെ ഇന്ധനം ലാഭിക്കാമെന്ന് പഠനങ്ങള്‍ പറയുന്നത്. 

5. എയര്‍, ഫ്യുവല്‍ ഫില്‍റ്ററുകള്‍ വ്യത്തിയാക്കി സൂക്ഷിക്കണം. സ്പാര്‍ക്ക് പ്ലഗുകള്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തണം. ലൂബ് ഓയിലുകല്‍ മാറ്റേണ്ട ഇടവേളകളില്‍ തന്നെ മാറ്റണം. അസാധാരണമായ ശബ്ദങ്ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് സര്‍വ്വീസ് സെന്ററുകളില്‍നിന്ന് അറ്റകുറ്റപ്പണികള്‍ നടത്തുക.

6. കാറില്‍ ധാരാളം സ്ഥലമുണ്ടെന്നുവച്ച് അനാവശ്യ ലഗേജ് കരുതേണ്ട. ഭാരമുള്ള വസ്തുക്കള്‍ വാഹനത്തില്‍ സ്ഥിരമായി സൂക്ഷിക്കുകയും വേണ്ട. അമിത ഭാരം ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്ന് ഓര്‍ക്കുക.

7. ക്ലച്ചിനു മുകളില്‍ കാല്‍വച്ച് വാഹനം ഓടിക്കരുത്. അനാവശ്യമായി ക്ലച്ച് ഉപയോഗിക്കുകയും വേണ്ട. ഗിയര്‍ മാറ്റുമ്പോള്‍ മാത്രം ക്ലച്ച് ഉപയോഗിക്കുക. അനാവശ്യ ക്ലച്ച് ഉപയോഗം ഇന്ധനം പാഴാകുന്നതിനും ക്ലച്ച് ഡിസ്‌ക് തേയ്മാനത്തിനും വഴിതെളിക്കും

8. എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ച് വാഹനം ഓടിക്കുന്നത് ഇന്ധനക്ഷമത വളരെ കുറയ്ക്കുമെന്നത് മറക്കരുത്. രാവിലെ ട്രാഫിക് തിരക്ക് തുടങ്ങും മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കുമെങ്കില്‍ ഇന്ധനം ഏറെ ലാഭിക്കാന്‍ കഴിയും. മാത്രമല്ല, ഗതാഗത തിരക്കേറിയ വഴി ഒഴിവാക്കി പകരം അല്‍പ്പം ദൈര്‍ഘ്യം ഏറിയതെങ്കിലും തിരക്ക് കുറഞ്ഞ നല്ല വഴിയുണ്ടെങ്കില്‍ അത് തെരഞ്ഞെടുക്കുന്നതും ഇന്ധനം ലാഭിക്കാന്‍ സഹായിക്കും.