TopGear1
TopGear2
ആദ്യബൈക്ക് ഉപേക്ഷിക്കുന്നതിന്റെ വേദന
Posted on: 16 Sep 2013
അനീഷ് പി നായര്‍



ആദ്യമായി സ്വന്തമാക്കുന്നതെന്തിനോടും വൈകാരികമായ അടുപ്പം തോന്നുന്നത് സ്വഭാവികമാണ്. അത് കഷ്ടപ്പെട്ടാണ് നേടുന്നതെങ്കില്‍ പിന്നെ പറയുകയും വേണ്ട. മോട്ടോര്‍ സൈക്കിളുകളെ ഭ്രാന്തമായി സ്‌നേഹിക്കുന്ന മഹേന്ദ്ര സിങ്ങ് ധോനിയെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ തന്റെ ആദ്യ ബൈക്ക് ഉപേക്ഷിക്കേണ്ടിവരുന്നതിന്റെ സങ്കടം ട്വിറ്ററിലൂടെ വെളിപ്പെടുത്തുമ്പോള്‍ അതിലല്‍പ്പം വൈകാരികതയുണ്ട്.

ആദ്യമായി സ്വന്തമാക്കിയ രാജ്ദൂത് ബൈക്കിനെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉപേക്ഷിക്കുന്നതെന്ന് ട്വിറ്ററില്‍ ധോനി കുറിക്കുന്നു. ബൈക്കിന്റെ എഞ്ചിനടക്കമുളള പാര്‍ട്‌സുകളുടെ ഫോട്ടോയും നല്‍കിയിട്ടുണ്ട്. ബൈക്കിന്റെ അവസാനകാലത്തെ ഫോട്ടോകളും ഫോളോവേഴ്‌സിനായി അപ് ലോഡ് ചെയ്തിട്ടുണ്ട്. സിംബാബ്‌ബെ പര്യടനത്തിനുളള ടീമില്‍ നിന്ന് വിശ്രമാവശ്യാര്‍ഥം പിന്‍മാറിയ ധോനിയുടെ പ്രധാന ജോലി പഴയ ബൈക്കിനെ നിരത്തിലിറക്കാനുളള അറ്റകുറ്റപണികളായിരുന്നു. ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വൈകാരികമായി ധോനി ബൈക്കിന് വിട നല്‍കുന്നത്. 'ഇതിനെ നന്നാക്കാന്‍ ആര്‍ക്ക് കഴിയുമെന്ന് എനിക്കറിയില്ലെന്ന്' ബൈക്കിനെകുറിച്ചുളള നിരവധി ട്വിറ്ററുകളിലൊന്നില്‍ ധോനി കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഗസ്റ്റില്‍ താന്‍ ബൈക്ക് നന്നാക്കിയെടുക്കാനുളള ശ്രമത്തിലാണെന്ന് ഇന്ത്യന്‍ നായകന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ ബൈക്ക് സ്വന്തമാക്കിയതിന്റെ കഥ മുമ്പ് ധോനി പറഞ്ഞിട്ടുണ്ട്. 2000 രൂപ മാസവരുമാനം ലഭിച്ച കാലത്താണ് ബൈക്കിനോടുളള പ്രണയം മൂക്കൂന്നത്. വീട്ടില്‍ നിന്ന് പണം ലഭിക്കില്ലെന്ന് വ്യക്തമായതോടെ വിനോദങ്ങള്‍ വെട്ടിക്കുറച്ച് പണം മിച്ചം പിടിക്കാന്‍ ധോനി തീരുമാനിച്ചു. അതിന്റെ ഫലമായാണ് 4500 രൂപക്ക് ബൈക്ക് ധോനിയുടെ പക്കലെത്തുന്നത്. അത്തരത്തില്‍ സ്വന്തമാക്കിയ വാഹനം ഉപേക്ഷിക്കുമ്പോഴുളള വിഷമം തന്റെ 2 ലക്ഷം വരുന്ന ട്വിറ്റര്‍ ഫോളോവേഴ്‌സിനോട് പങ്കുവെച്ച് തീര്‍ക്കുകയാണ് ധോനി.

ഇനി ധോനിയുടെ വാഹന പ്രേമം അറിയുക. മഹി റേസിങ്ങ് ടീം എന്ന പേരില്‍ ഇരുചക്ര റേസിങ്ങ് ടീമിന്റെ ഉടമയാണ് ഈ റാഞ്ചിക്കാരന്‍. ലോക സുപ്പര്‍ ബൈക്ക് ചാമ്പ്യന്‍ഷിപ്പിനുളളതാണ് ടീം. 11 മുന്തിയ ഇനം ബൈക്കുകള്‍ താരത്തിനുണ്ട്. ഒപ്പം 9 കാറുകളും. യമഹ ആര്‍എക്‌സ്, യമഹ ആര്‍ എക്‌സ് ഇസെഡ് 135, കോണ്‍ഫെഡറേറ്റ് ഹെല്‍ക്യാറ്റ് എക്‌സ് 132, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ്, ഡുകാറ്റി 1098, കവാസാക്കി ഇസെഡ്എക്‌സ് 14 ആര്‍ നിന്‍ജ, എന്‍ഫീല്‍ഡ് മെഷീസ്‌മോ, യമഹ തണ്ടര്‍ക്യാറ്റ്, ടി.വി.എസ് അപ്പാഷെ, യമഹ ആര്‍ഡി 350, ഹീറോ കരിഷ്മ ഇസെഡ്എംആര്‍, എന്നിവയാണ് ധോനിയുടെ ശേഖരത്തിലുളളത്.
Print
SocialTwist Tell-a-Friend









Other stories in this section