TopGear1
ഫ്രാങ്ക്ഫര്‍ട്ടിലെ താരോദയങ്ങള്‍
Posted on: 16 Sep 2013
സന്ദീപ് സുധാകര്‍

ജര്‍മനിയിലെ ഫ്രങ്ക്ഫര്‍ട്ടില്‍ സപ്തംബര്‍ 12ന് തുടങ്ങിയ ഓട്ടോഷോയില്‍ ആയിരത്തിലേറെ വാഹന നിര്‍മ്മാതാക്കളാണ് ഇത്തവണ പുത്തന്‍ വാഹനങ്ങളുമായി അണിനിരന്നത്. വൈദ്യുത സൂപ്പര്‍കാറുകള്‍ ആയിരുന്നു ഈവര്‍ഷത്തെ ഓട്ടോഷോയിലെ മുഖ്യ ആകര്‍ഷണം. പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമവുമായ വാഹനങ്ങളും സന്ദര്‍ശകരുടെ ശ്രദ്ധനേടി. ഔഡി ക്വാട്ട്‌റോ, ഓപ്പല്‍ മോണ്‍സ, മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് കൂപ്പെ, നിസ്സാന്‍ റോഗ്, ബി.എം.ഡബ്ല്യൂ ഐ എയ്റ്റ്, ജാഗ്വാര്‍ സി-എക്‌സ് സെവന്റീന്‍ കണ്‍സെപ്റ്റ്, ഇന്‍ഫിനിറ്റി ക്വൂ തേര്‍ട്ടി കണ്‍സെപ്റ്റ് എന്നിവയാണ് ഇക്കുറി ഫ്രാങ്ക്ഫര്‍ട്ടില്‍ വാഹനപ്രേമികളുടെ മനംകവര്‍ന്നത്.

ഔഡി ക്വാട്രോഫോര്‍ ലിറ്റര്‍ വി എയ്റ്റ് എന്‍ജിന്‍ കരുത്തു നല്‍കുന്ന കണ്‍സെപ്റ്റ് മോഡലായ സ്‌പോര്‍ട്ട് ക്വാട്രോ ഇലക്ട്രിക്ക് കാറാണ്. 560 എച്ച്.പി പവര്‍ നല്‍കാന്‍ പര്യാപ്തമാണ് ഇതിന്റെ എന്‍ജിന്‍. 110 കിലോവാട്ട് ഇലക്ട്രിക്ക് മോട്ടോര്‍ കൂടിചേരുമ്പോള്‍ ഔഡിയുടെ ഈ സ്‌പോര്‍ട്ട് കാറിന് ലഭിക്കുന്നത് 700 എച്ച്.പി പവറാണ്. 2010ല്‍ പാരീസില്‍ നടന്ന ഷോയ്ക്ക് ശേഷം തന്നെ ഔഡി ഇത്തരമൊരു കാറിന് രൂപം നല്‍കുന്നതിനെ ചൊല്ലി കിവംദന്തികള്‍ പരന്നിരുന്നു. പക്ഷെ കമ്പനി ഇതെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

ഷോയില്‍ അവതരിപ്പ മോഡലിന്റെ പുറത്ത് നിന്ന് നോക്കിയാല്‍ ഒഴുകുന്ന തരത്തിലുള്ള ഫ്ലായിഡിക്ക് ഡിസൈനാണ് ഔഡി സ്‌പോര്‍ട്ട് ക്വട്ട്‌റോയില്‍ അവംലബിച്ചിരിക്കുന്നതെന്ന് പറയാം. മുന്നിലെത്തുമ്പോല്‍ ഹോക്കിഷ് ആയ ഹെഡ്‌ലൈറ്റുകളും വീതിയേറിയ ഗ്രില്ലും വീതിയേറിയ എയര്‍ഡാമും കാറിന് കരുത്തുറ്റ ലൂക്ക് നല്‍കുന്നു. ഉള്ളിലെ ഡിസൈന്‍ ഒരു എയര്‍ക്രാഫ്റ്റിലേതിന് സമാനമാണ്. ആവശ്യത്തിലേറ് സ്‌പേസും ലെഗ്‌റൂമുമുള്ള മന്‍വശത്ത് ഡാഷ് ബോര്‍ഡില്‍ മുഴുവന്‍ ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. സ്റ്റിയറിങ് ഒരു വിമാനത്തിലെ കോക്ക്പിറ്റിനെ അനുസ്മരിപ്പിക്കും. വിമാനത്തിലേതിന് സമാനമാണ് ഗിയര്‍ ലിവറും.

ഓപ്പല്‍ മോണ്‍സാ കണ്‍സെപ്റ്റ്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ ആകര്‍ഷകമായ മോഡലുകളൊന്നും അവതരിപ്പിക്കാന്‍ കഴിയാതിരുന്ന ജര്‍മന്‍ നിര്‍മാണക്കമ്പനിയായ ഓപ്പല്‍ പക്ഷെ ഇക്കുറി പതിവ് തെറ്റിച്ചു. മികച്ചൊരു മോഡലുമായാണ് ഓപ്പല്‍ ഷോയ്ക്ക് എത്തിയിരിക്കുന്നത്. ഓപ്പലിന്റെ ഹൈബ്രിഡ് മോണ്‍സ കണ്‍സെപ്റ്റ് മോഡലാണത്. ഗള്‍വിങ്ങുകളോടെയുള്ള. കടല്‍ത്തിരത്ത് തിരകളിളകി മറിയും പോലെയുള്ള ഡിസൈനാണ് ഓപ്പലിന്റെ ചീഫ് ഡിസൈനര്‍ മാര്‍ക്ക് ആഡംസ് ഈ കാറിന് നല്‍കിയിരിക്കുന്നത്. കുറത്തൊരു വേട്ടനായയെ ഓര്‍മിപ്പിക്കുന്ന ഈ മോഡല്‍ അരാധകരുടെ മനം കവര്‍ന്നു കഴിഞ്ഞു.

15 മിലിമീറ്ററോളം താഴ്ത്താവുന്ന പാസഞ്ചര്‍ ക്യാബിന്‍ കാറിനുള്ളില്‍ ആവശ്യമായ ഹെഡ്‌റൂം വ്ഗാദാനം ചെയ്യുന്നു. റൂഫ്‌ലൈന്‍ അല്‍പ്പം താഴ്ന്നതുകൊണ്ട് തന്നെയാണ് ഓപ്പല്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ഡിസ്‌പ്ലേ മോണിറ്റിറുകള്‍ക്ക് പകരം 18 എല്‍.ഇ.ഡി പ്രൊജക്റ്ററുകള്‍ ഉള്‍പ്പെടുന്ന ത്രീഡയമന്‍ഷണല്‍ എല്‍.ഇ.ഡി ഡിസ്‌പ്ലെ സിസ്റ്റമാണ് കാറിലുള്ളത്. വണ്‍ ലിറ്റര്‍ ഡയറക്ട് ഇന്‍ജക്ടഡ് ടര്‍ബോ ചാര്‍ജ്ജ്ഡ് ത്രീ സിലിണ്ടര്‍ എന്‍ജിനാണ് കാറിന് കരുത്ത് നല്‍കുന്നത്. പെട്രോളിന് പകരം പ്രകൃതി വാതകം ഉപയോഗിക്കാന്‍ കഴിയുന്ന ഈ എന്‍ജിന്‍ കുറഞ്ഞ കാര്‍ബണ്‍ മലിനീകരണമേ ഉണ്ടാക്കൂ.

മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് കൂപ്പെ2011ല്‍ പുറത്തിറക്കിയ എ-ക്ലസ് മോഡല്‍ മുതല്‍ക്കിങ്ങോട്ട് ഡിസൈനിങ്ങില്‍ വലിയ പരിഷ്‌ക്കാരങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും തയ്യാറായ മെഴ്‌സിഡസ് ബെന്‍സ് ഡിസൈനില്‍ ഒട്ടനവധി പരിഷ്‌ക്കാരങ്ങളോടെ എത്തിച്ചിരിക്കുന്ന മോഡലാണ് മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് കൂപ്പെ. മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും വേര്‍പെടുത്തുന്ന മുന്‍-പിന്‍ ഡോറുകള്‍ക്കിടയിലെ ബി.പില്ലര്‍ ഒഴിവാക്കിയാണ് ഈ മോഡലിന്റെ ഡിസൈന്‍.

കാറിന്റെ ഇന്റീരിയറിന് കൂടുതല്‍ അകര്‍ഷണം പകര്‍ന്നു കൊണ്ട് ഡോര്‍ പാനലുകളില്‍ ചേര്‍ത്തിട്ടുള്ള അലൂമിനിയവും ഡാഷ്‌ബോര്‍ഡില്‍ കാണുന്ന വേള്‍ഡ് ക്ലോക്കുമാണ് കാര്യമായി ശ്രദ്ധയില്‍പ്പെടുന്ന മാറ്റങ്ങള്‍. ഈ എസ് 500 പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറിന് ഇലക്ട്രിക്ക് മോട്ടറിന്റെ സഹായത്തോടെ 28 കിലോമീറ്റര്‍ ഓടാന്‍ കഴിയും. 329 എച്ച്.പി കരുത്ത് പകരാന്‍ പോന്ന ട്വിന്‍ ടര്‍ബോ എന്‍ജനാണ് പെട്രോള്‍ മോഡില്‍ ഈ കാറിന് ശക്തി നല്‍കുക. നൂറ് കിലോമീറ്റര്‍ വേഗം നല്‍കാന്‍ ഈ എന്‍ജിന് വേണ്ടത് കേവലം ആറ് സെക്കണ്ട് മാത്രമാണ്.

നിസ്സാന്‍ റോഗ്ജാപ്പനീസ് കാര്‍നിര്‍മാണക്കമ്പനിയായ നിസ്സാന്‍ ഫ്രാങ്കഫര്‍ട്ടില്‍ അവതരിപ്പിരിക്കുന്ന ക്രോസ് ഓവര്‍ മോഡലാണ് റോഗ്. നിസാന്റെ തന്നെ മോഡലായ ജൂക്കിനെക്കാള്‍ അല്‍പ്പം വലിപ്പം കൂടിയതും എന്നാല്‍ മുറോനോ പാത്ത്‌ഫൈന്‍ഡര്‍ മോഡലുകളെക്കാള്‍ അല്‍പ്പം വലിപ്പം കുറഞ്ഞതുമായ മോഡലാണ് നിസ്സാന്റെ റോഗ്.

ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച ഹൈക്രോസ് കണ്‍സെപ്റ്റ് മോഡലിന്റെ ചുവട് പിടിച്ചാണ് റോഗിന്റെ ഡിസൈന്‍. റോഗിന് നീളം അല്‍പ്പം കൂട്ടി മൂന്നാമത് ഒരു നിര സീറ്റുകള്‍ കൂടി നിസാന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റി, യു.എസ്.ബി പോര്‍ട്ടുകളും പിന്നിലെ ദൃശ്യങ്ങള്‍ കാണാവുന്ന മോണിറ്ററും ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ മോഡലിന് കരുത്തേകുന്നത്. ഇത് 170 എച്ച്.പി പവര്‍ നല്‍കാന്‍ പര്യാപ്തമാണ്.


ബി.എം.ഡബ്ലൂ ഐ എയ്റ്റ്ബിമ്മര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജര്‍മന്‍ സൂപ്പര്‍ ബ്രാന്‍ഡായ ബി.എം.ഡബ്ല്യൂ ഷോയില്‍ അവതരിപ്പിച്ചിരിക്കുന്ന സ്‌പോര്‍ട് കാര്‍ മോഡലാണ് ഐ എയ്റ്റ്.
ഈ ഹൈബ്രിഡ് സ്‌പോര്‍ട് കാറില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. കമ്പനി ആദ്യമായി അവതരിപ്പിച്ചിരിക്കുന്ന ഹൈബ്രിഡ് സ്‌പോര്‍ട് കാറാണിത്.

1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ജ്ഡ് ത്രീ സിലിണ്ടര്‍ ഗ്യാസോലിന്‍ എന്‍ജിനാണ് ഈ മോഡലിന്റെ ഹൃദയം. ഗ്യാസ് എന്‍ജിന്‍ കാറിന്റെ പിന്നിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനാണ് ആര്‍.എയ്റ്റിന്. ഫ്രണ്ട് വിലുകള്‍ക്ക് 2 സ്പീഡ് ഗിയര്‍ബോക്‌സ് വഴി കരുത്ത് പകരാന്‍ പോന്നതാണ് ഇതിലുള്ള ഇലക്ട്രിക്ക് മോട്ടോര്‍. 4.4 സെക്കണ്ട് കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ മോഡലിന് കഴിയും. ഇലക്ട്രിക്ക് മോഡില്‍ കൈവരിക്കാന്‍ കഴിയുന്ന പരമാവധി വേഗം 120 കിലോമീറ്ററും പെട്രോള്‍ മോഡില്‍ കൈവരിക്കാവുന്ന പരമാവധി വേഗം 155 കിലോമീറ്ററുമാണ്.


ജാഗ്വാര്‍ സി എക്‌സ് സെവന്റീന്‍ കണ്‍സെപ്റ്റ്2016ല്‍ പുറത്തിറങ്ങിയേക്കുമെന്ന് കരുതുന്ന മോഡലിന്റെ കണ്‍സപ്റ്റ് വേര്‍ഷനാണ് ജാഗ്വാര്‍ ഷോയില്‍ അവതരിപ്പിച്ച സി. എക്‌സ് സെവന്റീന്‍. അലൂമിനിയം ഫൗണ്ടേഷനിലാണ് ഈ മോഡലിന്റെ നിര്‍മിതി. ഔഡി എ ഫോര്‍, ബി.എം.ഡബ്ല്യൂ ത്രീ സീരിസ്, മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് എന്നീ മോഡലുകളോടായിരിക്കും ജാഗ്വാര്‍ സി എക്‌സ് സെവന്റീന്‍ മത്സരിക്കുക. കമ്പനി പുറത്തിറക്കുന്ന ആദ്യത്തെ ക്രോസ്ഓവര്‍ വാഹനമാണ് എക്‌സ് സെവന്റീന്‍.

ഇന്‍ഫിനിറ്റി ക്യൂ തേര്‍ട്ടി കണ്‍സെപ്റ്റ്ഡിസൈനില്‍ മറ്റ് വമ്പന്‍മാരെയെല്ലാം കടത്തിവെട്ടുന്ന ഹാച്ച്ബാക്ക് മോഡലാണ് നിസാന്റെ ഇന്‍ഫിനിറ്റി ക്യൂ തേര്‍ട്ടി കണ്‍സെപ്‌റ്റെന്ന് നിസംശയം പറയാം. കണ്‍സെപ്റ്റ് മോഡലാണെങ്കിലും ഈ ഹാച്ചബാക്ക് നിരത്ത് തൊടാന്‍ തന്നെയാണ് സാധ്യതയെന്ന് വിളിച്ചോതുന്നതും ഇതിന്റെ ഡിസൈന്‍ തന്നെ. താരതമ്യേന വലിയ ടയറുകളോടു കൂടി ആകര്‍ഷകമായ ഡിസൈനാണ് ഇന്‍ഫിനിറ്റിയിലെ എന്‍ജിനിയര്‍മാര്‍ ക്യൂ തേര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്. ഏകദേശം എല്ലാ സെഗ്മെന്റിലെ വാഹനങ്ങള്‍ക്കും ചേരുന്ന ഒരു പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതിന്റെ തിരിക്കിലാണ് ഇന്‍ഫിനിറ്റി.

അതേസമയം, ക്യൂ തേര്‍ട്ടിയുടെ ഉത്പാദനം സംബന്ധിച്ചോ ഇത് എന്ന് നിരത്തിലിറക്കുമെന്നത് സംബന്ധിച്ചോ കമ്പനി ഇതുവരെ ഒരക്ഷരം പറഞ്ഞിട്ടില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുന്നു. എയറോ ഡയനാമിക്കായ ഡിസൈനാണ് ഈ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ഓളപരപ്പില്‍ കല്ലിട്ട പോലെ ഓളം വെട്ടുന്ന ഡിസൈനും മുന്നില്‍ നിന്ന് നോക്കുമ്പോള്‍ ബാറ്റ്മാന്റെ മുഖത്തിന് സമാനമായ ഭാവവും കാറിന് ഒരു പുതുതലമുറ കാറിന്റെ എല്ലാ പരിവേഷങ്ങളും നല്‍കുന്നുണ്ട്. അകത്തെത്തിയാല്‍ ഒരു സ്‌പേസ് ക്രാഫ്റ്റിലെത്തിയ പ്രതീതി. കറുപ്പും വെള്ളുപ്പം ചേര്‍ന്ന അപ്‌ഹോളസ്റ്ററിയോട് കൂടിയ സീറ്റുകളും ആകര്‍ഷകമായ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററോടു കൂടിയ ഡാഷ്‌ബോര്‍ഡുമെല്ലാം ഡിസൈനിങ് മികവ് എടുത്തു കാണിക്കുന്നു.
Print
SocialTwist Tell-a-Friend
Other stories in this section