TopGear1
നിസ്സാന്‍ പട്രോള്‍ ഗിന്നസ് ബുക്കിലേക്ക്‌
Posted on: 04 Sep 2013
മനു കുര്യന്‍



കാറും വിമാനവും തമ്മിലെന്ത്? രണ്ടും വാഹനങ്ങള്‍. ഒന്ന് നിരത്തിന് സ്വന്തമെങ്കില്‍ മറ്റത് ആകാശസഞ്ചാരി. അതൊഴിവാക്കിയാല്‍ പ്രത്യക്ഷത്തില്‍ താരതമ്യത്തിന് ഇവ തമ്മില്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ നിസ്സാന്‍ പട്രോള്‍ എന്ന മോഡലിനെക്കുറിച്ചാകുമ്പോള്‍ ചരിത്രത്തില്‍ ഈ കാറിന് വിമാനവുമായി ബന്ധവുമുണ്ട്.

നിസ്സാന്റെ എക്കാലത്തേയും മികച്ച എസ്.യു.വിയാണ് പട്രോള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഇവന്‍ രാജാവ് തന്നെ. ഇവന്റെ ശേഷിയേയും ഉറപ്പിനേയും കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാനിടയില്‍. പ്രത്യേകിച്ച് ഒരു വിമാനം തന്നെ വലിച്ചുനീക്കി അത് തെളിയിച്ച സ്ഥിതിക്ക്.

നിര്‍മ്മിതി വാഹനങ്ങളില്‍ വെച്ച് ഏറ്റവും ഭാരമേറിയ വസ്തു വലിച്ചുനീക്കിയ ബഹുമതിയുമായി ഇവന്‍ ഗിന്നസ്സ് ബുക്കിലും കയറിപ്പറ്റിക്കഴിഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനവും കാറും തമ്മിലുള്ള ബലപരീക്ഷണം അരങ്ങേറിയത്. 170.9 ടണ്‍ ഭാരമുള്ള കാര്‍ഗോ വിമാനമാണ് കഷ്ടിച്ച് 2800 കിലോ ഭാരമുള്ള ഈ എസ്.യു.വി വലിച്ചുനീക്കിയത്. 50 മീറ്ററാണ് വിമാനവും വലിച്ചുകൊണ്ട് കാര്‍ നീങ്ങിയത്. കേവലം 15 ടണ്‍ ഭാരം നീക്കിയ ചരിത്രമാണ് പട്രോള്‍ പഴങ്കഥയാക്കിയത്.

എട്ട് മാസത്തിനിടയ്ക്ക് ഇത് രണ്ടാമത്തെ ഗിന്നസ് റെക്കോഡാണ് നിസ്സാന്‍ സ്വന്തം പേരില്‍ കുറിച്ചത്. ടെറൈന്‍ വാഹനങ്ങളുടെ ഹീറോ എന്നാണ് പട്രോള്‍ അറിയപ്പെടുന്നത്. നിസ്സാന്‍ പട്രോള്‍ ചലഞ്ച് 2012 ലാണ് തുടക്കും കുറിച്ചത്. മധ്യപൂര്‍വദേശത്തെ ജനങ്ങള്‍ക്ക് അവരുടെ സ്വപ്‌നവാഹനം ഡിസൈന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്.



1956 ല്‍ കുവൈറ്റിലാണ് നിസ്സാന്‍ പട്രോള്‍ മോഡല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അന്നുതൊട്ട് ഇന്നോളം ഗള്‍ഫ് രാജ്യങ്ങളില്‍ വാഹനപ്രേമികളുടെ ഇഷ് ടപ്പെട്ട എസ്.യു.വിയായി ഇന്നും അവന്‍ വിലസുന്നു. 50 വര്‍ഷത്തിലേറെയായിട്ടും മധ്യപൂര്‍വദേശത്തിന്റെ മുഴുവന്‍ അഭിമാന വാഹനം എന്ന ഖ്യാതി പട്രോള്‍ ഇന്നും വഹിക്കുന്നു. ഏത് കുടുംബവും അവരുടെ വാഹനശേഖരത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന കാറായി പട്രോള്‍ ഇന്നും ഓട്ടം തുടരുന്നു. പുതിയ റെക്കോഡുകളും വെല്ലുവിളികള്‍ക്കും കാതോര്‍ത്ത്.


Print
SocialTwist Tell-a-Friend




Other stories in this section