TopGear1
കാര്‍ വാങ്ങാന്‍ ഇതു നല്ലകാലം
Posted on: 12 Aug 2013
ആര്‍ റോഷന്‍കാര്‍ വിപണിയില്‍ ഓഫറുകളുടെ പെരുമഴ തോരുന്നില്ല. പതിനായിരങ്ങളുടെ ഓഫറുകളാണ് ഓരോ കാര്‍ കമ്പനികളും ഒരുക്കുന്നത്. ചില മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.

മുമ്പ്, ബുക്ക് ചെയ്ത് മാസങ്ങള്‍ വേണ്ടിവന്നിരുന്ന കാര്‍ ലഭിക്കാന്‍. എന്നാല്‍ ഇപ്പോള്‍ യാതൊരു കാത്തിരിപ്പുമില്ലാതെ ഷോറൂമില്‍ നിന്ന് കാര്‍ കൊണ്ടുപോകാം. ചില മോഡലുകള്‍ക്ക് 50,000 രൂപ കൊടുത്താല്‍ കാര്‍ 'സ്വന്തം'. ശേഷിച്ച തുക പ്രതിമാസ തവണകളായി അടച്ചാല്‍ മതി. എന്തുകൊണ്ടും ഇതു കാര്‍ വാങ്ങാന്‍ നല്ല സമയം.

സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികളാണ് ഇപ്പോള്‍ കാര്‍ വിപണിയെ പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി വില്‍പന താഴേക്കാണ്. ജീവിതച്ചെലവേറിയതും അതിനൊത്ത് വരുമാനം ഉയരാത്തതുമാണ് ഉപഭോക്താക്കളെ കാര്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നതും വില്‍പന കുറയാന്‍ കാരണമായി. വായ്പാപലിശ കുറയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതൊട്ട് കുറയുന്നുമില്ല. വില്‍പന നിരന്തരം താഴേക്ക് പോയതോടെയാണ് കാര്‍ കമ്പനികള്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ചെറുകാറുകള്‍ക്കു മുതല്‍ ആഡംബര കാറുകള്‍ക്കു വരെ ഓഫറുകളുണ്ട്.

പല കമ്പനികളും മണ്‍സൂണ്‍ ഓഫറായാണ് ഇപ്പോഴത്തെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതു ഓണം വരെ തുടരുമെന്നാണ് വിപണി നല്‍കുന്ന സൂചന. ചില കമ്പനികളാകട്ടെ, ഓരോ മാസവും പുതിയ പുതിയ ഓഫറുകള്‍ പയറ്റുകയാണ്.

മാന്ദ്യത്തിനിടയിലും നല്ല വില്‍പന ലഭിക്കുന്ന മോഡലുകളെ ഓഫറില്‍ നിന്ന് കമ്പനികള്‍ ഒഴിവാക്കിയിട്ടുണ്ട്. ഹോണ്ട അമേയ്‌സ്, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, റെനോ ഡസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, നിസ്സാന്‍ മൈക്ര എന്നിവ ഉദാഹരണം.

കാര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി ഒട്ടുമിക്ക മോഡലുകള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. ആള്‍ട്ടോയ്ക്ക് 50,000 രൂപയ്ക്ക് മേല്‍ മൂല്യമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാണ്. നേരത്തെ നാലു മാസത്തിലേറെ വെയ്റ്റിങ് പിരീഡുണ്ടായിരുന്ന സ്വിഫ്റ്റ് ഡീസലിനാകട്ടെ, 41,000 രൂപ വരെ മൂല്യമുള്ള ഓഫറുണ്ട്. സ്വിഫ്റ്റ് പെട്രോളിന് 21,000 രൂപ വരെയുള്ള ആനുകൂല്യവും. മാരുതി 800ന് 31,000 രൂപയുടേയും എര്‍ട്ടിഗ ഡീസലിന് 46,000 രൂപയുടേയും എര്‍ട്ടിഗ പെട്രോളിന് 36,000 രൂപയുടേയും വരെയും ഓഫറുണ്ട്. എസ്റ്റിലോയ്ക്കാണ് ഏറ്റവുമധികം ആനുകൂല്യം. 81,000 രൂപയുടെ ഓഫറാണ് എസ്റ്റിലോയ്ക്ക്. റിറ്റ്‌സ് ഡീസല്‍ (56,000 രൂപ), റിറ്റ്‌സ് പെട്രോള്‍ (31,000 രൂപ), വാഗണ്‍ ആര്‍ (36,000-46,000 രൂപ), എ-സ്റ്റാര്‍ (61,000 രൂപ), എസ്.എക്‌സ്4 (46,000 രൂപ) തുടങ്ങി മറ്റു മോഡലുകള്‍ക്കും ഓഫറുണ്ട്. കണ്‍സ്യൂമര്‍ ഓഫര്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ബെനഫിറ്റ് എന്നീ ഇനങ്ങളിലാണ് ഇവ നല്‍കുന്നത്.

ഹ്യുണ്ടായ് മോട്ടോഴ്‌സാകട്ടെ, മൂന്നു വര്‍ഷത്തെ എക്‌സ്റ്റന്റഡ് വാറന്റി ഉള്‍പ്പെടെയുള്ള ഇനങ്ങളിലാണ് ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായ് സൊനാറ്റയ്ക്ക് 1,39,000 രൂപയുടെ ഓഫറുള്ളത്. ഐ10ന് 73,000 രൂപയുടേയും ഐ20ക്ക് 38,000 രൂപയുടേയും ആനുകൂല്യം ഒരുക്കിയിട്ടുണ്ട്. ഇയോണിന് 21,000 രൂപയുടേയും സാന്‍ട്രോയ്ക്ക് 29,000 രൂപയുടേയും വെര്‍ണയ്ക്ക് 35,000 രൂപയുടേയും എലാന്‍ട്രയ്ക്ക് 45,000 രൂപയുടേയും ഓഫറുണ്ട്.

ടാറ്റാ മോട്ടോഴ്‌സ് ഇന്‍ഡിക്കയ്ക്ക് 60,000 രൂപയുടെ വരെയും വിസ്റ്റയ്ക്ക് 45,000 രൂപയുടെ വരെയും ഇന്‍ഡിഗോയ്ക്ക് 55,000 രൂപയുടെ വരെയും ആനുകൂല്യങ്ങള്‍ നല്‍കുന്നു. മാന്‍സ ഓള്‍ഡിന് 1.15 ലക്ഷം രൂപയുടെ വരെ ആനുകൂല്യം ലഭ്യമാണ്. സുമോ (30,000 രൂപ വരെ), ഗ്രാന്‍ഡെ (35,000 രൂപ), സഫാരി (25,000 രൂപ), സ്റ്റോം (50,000 രൂപ), ആര്യ (1.30 ലക്ഷം രൂപ വരെ), വെഞ്ച്വര്‍ (15,000 രൂപ), സെനോണ്‍ (20,000 രൂപ) എന്നിവയ്ക്കും ഓഫറുണ്ട്. ക്യാഷ് ഓഫറായും എക്‌സ്‌ചേഞ്ച് ഓഫറായുമാണ് ഇവ നല്‍കുന്നത്.

ഫോര്‍ഡ് ഇന്ത്യ ഫിഗോ, ക്ലാസിക്, എന്‍ഡവര്‍ എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഫിഗോ, ക്ലാസിക് എന്നിവയ്ക്ക് 40,000 രൂപയുടെ വരെ ഓഫറാണുള്ളത്. എന്‍ഡവറിന് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുണ്ട്. ഇന്‍ഷുറന്‍സ്, എക്‌സ്‌ചേഞ്ച് ബോണസ് എന്നീ ഇനങ്ങളിലാണ് ഇത്. കമ്പനി പുതുതായി വിപണിയിലെത്തിച്ച ഇക്കോസ്‌പോര്‍ട്ടിന് ഓഫറുകളൊന്നുമില്ല.

മഹീന്ദ്രയും ഏതാണ്ടെല്ലാ മോഡലുകള്‍ക്കും ഓഫര്‍ ഒരുക്കിയിട്ടുണ്ട്. ബൊലേറോയ്ക്ക് 20,000 രൂപയുടെ വരെയും സ്‌കോര്‍പ്പിയോയ്ക്ക് 47,500 രൂപയുടെ വരെയും സൈലോയ്ക്ക് 35,000 രൂപയുടെ വരെയും വിലക്കിഴിവ് നല്‍കുന്നു. ക്വാണ്ടോയ്ക്ക് 44,000 രൂപ വരെയും വെരിട്ടോയ്ക്ക് 37,000 രൂപ വരെയും ഓഫറുണ്ട്. ഇതിന് പുറമെ, എക്‌സ്.യു.വി.ക്ക് 15,000 രൂപയുടേയും വൈബിന് 20,000 രൂപയുടേയും എക്‌സ്‌ചേഞ്ച് ബോണസ്സും ഒരുക്കിയിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ മൂന്നു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ്, എക്‌സ്റ്റന്‍ഡഡ് വാറന്റി, ടോള്‍ ഫ്രീ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ അടങ്ങിയ പാക്കേജാണ് ഓഫറായി നല്‍കുന്നത്. പോളോ, വെന്റോ എന്നീ മോഡലുകള്‍ക്കാണ് ഈ ഓഫര്‍.

ടൊയോട്ടയും വിപുലമായ ഓഫറുകളാണ് നല്‍കുന്നത്. ആള്‍ട്ടിസിന് 60,000 രൂപ വരെയും ഇന്നോവയ്ക്ക് 40,000 രൂപ വരെയും മൂല്യമുള്ള ഓഫറുണ്ട്. ഇത്തിയോസ്, ലിവ എന്നിവയ്ക്ക് 35,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഉള്ളത്. എന്നാല്‍ ഫോര്‍ച്യൂണറിന് ഓഫറൊന്നുമില്ല.

സ്‌കോഡയില്‍ നിന്നും വന്‍ ഓഫറുകളുണ്ട്. ഫാബിയയ്ക്ക് 80,000 രൂപ വരെയും ലോറയ്ക്ക് 1.75 ലക്ഷം രൂപ വരെയും മൂല്യമുള്ള ആനുകൂല്യമുണ്ട്. ഇന്‍ഷുറന്‍സ്, വാറന്റി എന്നിവയ്‌ക്കൊപ്പം നാവിഗേറ്റര്‍, ലെതര്‍ സീറ്റ്, റിവേഴ്‌സ് സെന്‍സര്‍ എന്നിവയും നല്‍കുന്നു. കമ്പനി പുതുതായി ഇറക്കുന്ന റാപിഡിന്റെ ലീഷര്‍ വേരിയന്റിലും ഇത്തരത്തില്‍ ഒട്ടേറെ ഫീച്ചറുകളുണ്ട്.

ഷെവര്‍ലേ ഏതാണ്ടെല്ലാ മോഡലുകളും ഓഫറുകളോടെയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. സ്പാര്‍ക്കിന് 58,000 രൂപ വരെയും ബീറ്റ് ഡീസലിന് 60,000 രൂപ വരെയും ബീറ്റ് പെട്രോളിന് 66,000 രൂപയും ഓഫറായി നല്‍കുന്നു. സെയിലിന് 33,000-35,000 രൂപടെയും ക്രൂസിന് 45,000 രൂപയുടെയും ഓഫറുണ്ട്.

ഹോണ്ടയുടെ അമേയ്‌സ്, സിആര്‍വി എന്നിവയ്ക്ക് ഓഫറില്ല. എന്നാല്‍ സിറ്റി, ബ്രിയോ, അക്കോര്‍ഡ് എന്നിവയ്ക്ക് ഒരു രൂപയ്ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നു.

നിസ്സാന്‍ മള്‍ട്ടി പര്‍പ്പസ് വാഹനമായ ഇവാലിയയ്ക്ക് 75,000 വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സണ്ണി, പുതിയ മൈക്ര എന്നിവയ്ക്ക് ആനുകൂല്യങ്ങളൊന്നുമില്ല.

റെനോ ഓണത്തോടനുബന്ധിച്ച് ഉറപ്പായ പ്രീമിയം സമ്മാനങ്ങള്‍ ഒരുക്കുന്നുണ്ട്. ഇതിനു പുറമെ നിലവില്‍ പള്‍സ്, സ്‌കാല, ഫ്ലുവന്‍സ് എന്നീ മോഡലുകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുന്നു. പള്‍സിന് 5,000 രൂപയുടേയും ഫ്ലാവന്‍സിന് 20,000 രൂപയുടേയും കോര്‍പ്പറേറ്റ് ഓഫറും കമ്പനി നല്‍കുന്നു. സ്‌കാലയ്ക്കാട്ടെ, സൗജന്യ ഇന്‍ഷുറന്‍സിന് പുറമെ 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും 10,000 രൂപയുടെ ക്യാഷ് ഓഫറുമാണ് നല്‍കുന്നത്.

ഫിയറ്റ് എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ്, ഗിഫ്റ്റ് ചെക്ക് എന്നീ ഇനങ്ങളിലായാണ് ഓഫറൊരുക്കിയിരിക്കുന്നത്. ലീനിയ, പുന്തോ എന്നിവയ്ക്ക് 85,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളുണ്ട്.

മിത്സുബിഷി പജേറോ സ്‌പോര്‍ട്‌സിന്റെ ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം 94,000 രൂപ മൂല്യമുള്ള പായ്ക്ക് 55,000 രൂപയ്ക്ക് ലഭിക്കും. കമ്പനികള്‍ നേരിട്ട് നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ചില ഡീലര്‍മാരും സ്വന്തം നിലയില്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. ഫ്രീ അക്‌സസറികളാണ് മിക്കവരും നല്‍കുന്നത്. ചിങ്ങം എത്തുന്നതോടെ വില്‍പന കൂട്ടാനുള്ള ശ്രമത്തിലാണ് ഡീലര്‍മാര്‍. അതിനാല്‍ തന്നെ മിക്ക കമ്പനികളും നിലവിലുള്ള ഓഫറുകള്‍ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ തുടരാനാണ് സാധ്യത. ചില കമ്പനികള്‍ മെച്ചപ്പെട്ട ഓഫറുകള്‍ ഒരുക്കിയേക്കും.
Print
SocialTwist Tell-a-Friend
Other stories in this section