TopGear1
TopGear2
അംബാസിഡര്‍ കാര്‍ വീണ്ടും നവീകരിക്കുന്നു
Posted on: 01 Aug 2013



അംബാസിഡറിന്റെ വഴി മുടക്കാന്‍ വിദേശ കാറുകള്‍ക്കോ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കോ കഴിയുമെന്ന് കരുതേണ്ട. കാറിനെ ഒരുക്കല്‍ക്കൂടി നവീകരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഭാരത് സ്റ്റേജ് നാല് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവിധം കാര്‍ എന്‍ജിന്‍ ആധുനികവത്കരിക്കുമെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് വ്യക്തമാക്കിക്കഴിഞ്ഞു.

അംബാസിഡര്‍ കാര്‍ പഴഞ്ചനാണെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് നവീകരണമെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ഉത്തംബോസ് പറഞ്ഞു. ആധുനിക വത്കരിക്കുന്നതോടെ വില്‍പ്പനയില്‍ നേരിട്ട മാന്ദ്യം നീങ്ങുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ കാറുകള്‍ കടന്നുവന്നതോടെയാണ് അംബാസിഡര്‍ കാര്‍ വില്‍പ്പന കുറഞ്ഞത്.



അടുത്തിടെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ രാജ്യത്തെ 17 മെട്രോ നഗരങ്ങളില്‍ ബി എസ് ത്രീ കാറുകളുടെ വില്‍പ്പന നിരോധിച്ചു. അംബാസിഡറിന് കനത്ത തിരിച്ചടി ആയിരുന്നു തീരുമാനം. എന്നാല്‍ ഇതുണ്ടാക്കിയ ആഘാതത്തിനും അംബാസിഡറിനെ തകര്‍ക്കാനായില്ല എന്നതിന്റെ തെളിവാണ് വീണ്ടും നടത്തുന്ന നവീകരണം.

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാവും ഉടന്‍ വിപണിയിലെത്തുന്ന ബി എസ് ഫോര്‍ അംബാസിഡര്‍ കാറിന് കരുത്ത് പകരുക. ഉയര്‍ന്ന ടോര്‍ക്കും ഇന്ധനക്ഷമതയും നല്‍കുന്നതാണ് എന്‍ജിനെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ബി എസ് ഫോര്‍ അംബാസിഡറിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ ആര്‍ എ ഐ) യുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഒരു വര്‍ഷത്തിലേറെയായി നടന്ന ഗവേഷണങ്ങളുടെ ഫലമായാണ് കാര്‍ എന്‍ജിന്‍ നവീകരിക്കാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് കഴിഞ്ഞത്.
Print
SocialTwist Tell-a-Friend




Other stories in this section