TopGear1
TopGear2
ടവേര : ജി എം കടുത്ത നടപടിക്ക്‌
Posted on: 29 Jul 2013



ഇന്ത്യയില്‍ ഒരു ലക്ഷത്തിലേറെ ടവേര യൂട്ടിലിറ്റി വാഹനങ്ങള്‍ തിരിച്ചുവിളിക്കേണ്ടിവന്ന സംഭവത്തില്‍ അമേരിക്കയിലെ ജനറല്‍ മോട്ടോഴ്‌സ് (ജി.എം) കടുത്ത നടപടികളിലേക്ക്. ജി എം ഇന്ത്യയുടെ എന്‍ജിന്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അടക്കം പത്തോളം ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. കമ്പനിയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്ക് എതിരെയാണ് നടപടി.

ഡിട്രോയിറ്റിലെ ജനറല്‍ മോട്ടോഴ്‌സ് ആസ്ഥാനം



1.14 ലക്ഷം ടവേര വാഹനങ്ങള്‍ തിരിച്ചുവിളിക്കേണ്ടി വന്നതിനെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ജി എമ്മിന്റെ കടുത്ത നടപടി. 44 വര്‍ഷം ജി എമ്മില്‍ പ്രവര്‍ത്തിച്ച എന്‍ജിന്‍ പ്രോഗ്രാംസ് വൈസ് പ്രസിഡന്റ് സാം വൈന്‍ഗാര്‍ഡന്‍ അടക്കമുള്ളവര്‍ക്കാണ് നടപടി നേരിടേണ്ടിവന്നത്. ടവേരകളുടെ എന്‍ജിനില്‍ കൃത്രിമം നടത്തിയാണോ മലിനീകരണം സംബന്ധിച്ച സര്‍ട്ടിഫിക്കേറ്റ് നേടിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും വില്‍ക്കുകയും ചെയ്യുന്ന ടവേര വാഹനങ്ങള്‍ തിരിച്ചു വിളിക്കേണ്ടിവന്ന സംഭവത്തെക്കുറിച്ച് കമ്പനി അന്വേഷണം തുടങ്ങിയതായി ജി എം വക്താവ് ഗ്രെഗ് മാര്‍ട്ടിന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പത്തോളം ജീവനക്കാരെ ജി എം ഇന്ത്യ പിരിച്ചുവിട്ടതെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. എന്‍ജിന്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ഒഴികെ നടപടി നേരിടേണ്ടി വന്നവരെല്ലാം ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലെ ഫ്ലാന്റിലുള്ള ജി എമ്മിന്റെ വാഹന നിര്‍മ്മാണശാല.



മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജി എം തന്നെയാണ് സര്‍ക്കാരിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ടവേര വാഹനങ്ങളുടെ നിര്‍മ്മാണം കഴിഞ്ഞമാസം നിര്‍ത്തിവച്ചു. 2005 മുതല്‍ നിര്‍മ്മിച്ച എന്‍ജിനുകള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . തിരിച്ചുവിളിക്കുന്ന വാഹനങ്ങള്‍ കമ്പനിയുടെ 280 ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി അറ്റകുറ്റപ്പണി നടത്തി തകരാര്‍ പരിഹരിച്ച് നല്‍കും. തകരാര്‍ സുരക്ഷയുമായി ബന്ധപ്പെട്ടതല്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കേണ്ടിവന്നത് കമ്പനിയുടെ ഇന്ത്യന്‍ പദ്ധതികളെയും സല്‍പ്പേരിനെയും പ്രതികൂലമായി ബാധിച്ചുവെന്ന നിഗമനത്തിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്.

2005 നും 2013 നും മധ്യേ നിര്‍മ്മിച്ച ടവേരയുടെ ബി എസ് ഫോര്‍ രണ്ടുലിറ്റര്‍ , ബി എസ് ത്രീ വേരിയന്റുകള്‍ തിരിച്ചുവിളിക്കുമെന്നാണ് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രഖ്യാപിച്ചത്. 1500 മുതല്‍ 2000 വരെ ടവേരകള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നുവെന്നാണ് കണക്ക്. എ ആര്‍ എ ഐ നടത്തിയ പരിശോധനയിലാണ് ടവേര വാഹനങ്ങള്‍ക്ക് തകരാര്‍ കണ്ടെത്തിയത്. ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് ജി എം ഇന്ത്യ ടവേരകള്‍ നിര്‍മ്മിക്കുന്നത്.
Print
SocialTwist Tell-a-Friend




Other stories in this section