TopGear1
അംബാസിഡര്‍ ലോകത്തെ മികച്ച ടാക്‌സി
Posted on: 22 Jul 2013
മനു കുര്യന്‍പേരും പെരുമയും പഴങ്കഥയായി. പ്രതാപവും നഷ്ടമായിത്തുടങ്ങി. എന്നിട്ടും ഇന്ത്യന്‍ നിരത്തിലെ രാജാവായിരുന്ന അംബാസിഡര്‍ ലോകത്തെ തന്നെ മികച്ച ടാക്‌സിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആഗോള ഓട്ടോമോട്ടീവ് പരിപാടിയായ ടോപ്ഗിയറാണ് മികച്ച ടാക്‌സിയായി അംബാസിഡര്‍ അംഗീകരിക്കപ്പെട്ടത്. ബി.ബി.സി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് ടോപ്ഗിയര്‍.

ലോകമെമ്പാടും നിന്നുള്ള വമ്പന്‍ കമ്പനികളുടെ പല പ്രധാനവാഹനങ്ങളേയും പിന്തള്ളിയാണ് അംബാസിഡര്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി മികച്ച ടാക്‌സിയായത്. ബ്രിട്ടന്‍, അമേരിക്ക, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക, മെക്‌സികോ, റഷ്യ എന്നിവടങ്ങളില്‍ നിന്നുള്ള പ്രധാന മോഡലുകള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ലോകത്തെ പ്രമുഖ നിര്‍മ്മാതാക്കള്‍ ചുവടുറപ്പിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയിലെ അംബാസിഡര്‍ ലോകത്തെ മികച്ച ടാക്‌സിയായത്.

മോറിസ് ഓക്‌സ്‌ഫോര്‍ഡായി ബ്രിട്ടനിലാണ് ഹിന്ദുസ്ഥാന്‍ അംബാസിഡര്‍ ജന്മംകൊണ്ടത്. ആദ്യകാലങ്ങളില്‍ മോറിസ് ഓക്‌സ്‌ഫോര്‍ഡ് രണ്ട് മോഡല്‍തന്നെയാണ് പേരുമാറ്റിി ഇന്ത്യയിലിറക്കിയിരുന്നത് പ്രധാന വാഹനമായി. 1948 ല്‍ സി.കെ ബിര്‍ള ഗ്രൂപ്പാണ് പശ്ചിമബംഗാളില്‍ നിന്നും അംബാസിഡറിന്റെ നിര്‍മ്മാണം തുടങ്ങിയത്. 1958 ഓടെ ഏറെ മാറ്റങ്ങളുമായി ഇന്നത്തെ അംബാസിഡറിന്റെ ആദ്യം രൂപം പുറത്തിറങ്ങി. ചെറിയ മാറ്റങ്ങളുമായി അഞ്ച് തലമുറ വാഹനങ്ങള്‍ ഈ കാലത്തിനിടെ റോഡിലെത്തി. ഇതില്‍ അംബാസിഡര്‍ നോവ, ക്ലാസിക്, ഗ്രാന്‍ഡ്, അവിഗോ എന്നിവയും ചലനങ്ങളുണ്ടാക്കി.

80 കളില്‍ മാരുതിയുടെ രംഗപ്രവേശം വരെ അംബാസിഡര്‍ തന്നെയായിരുന്നു ഇന്ത്യക്കാരന്റെ അഭിമാന ചിഹ്നമായി നിലകൊണ്ടത്. മാരുതിക്ക് പിന്നാലെ പലവിദേശ കാറുകളും ഇന്ത്യന്‍ നിരത്തിലേക്ക് ഒഴുകി. വാഹനപ്രേമികള്‍ അംബാസിഡറിനെ മറികടന്ന് തുടങ്ങിയപ്പോഴും ടാക്‌സിയിലും സര്‍ക്കാര്‍ വാഹനവുമായി അംബാസിഡര്‍ പിന്നെയും സഞ്ചരിച്ചു. എന്നാല്‍ സമീകാലത്തായി വില്‍പന നന്നേ കുറഞ്ഞുയ 2012-13 കാലത്ത് കേവലം 3,390 കാറുകള്‍ മാത്രമാണ് വിറ്റത്. ഈ വര്‍ഷം ഇത് പിന്നെയും കുറയുകയാണ്. മാറ്റങ്ങള്‍ക്കൊപ്പംം സഞ്ചരിക്കാനുള്ള വൈമനസ്യമാണ് അംബാസിഡറിന് എന്നും തിരിച്ചടിയായത്. സുരക്ഷയുടെ കാര്യത്തില്‍ അംബാസിഡറിനെ പോലെ വിശ്വസിക്കാന്‍ കൊള്ളാവുന്ന കാര്‍ വേറെയില്ലെന്ന് പഴയതലമുറക്കാര്‍ ഇപ്പോഴും പറയുന്നു.

മാരുതിയില്‍ നിന്നായിരുന്നു അംബാസിഡറിന് ആദ്യ ഭീഷണി. എന്നിട്ടും ടാക്‌സി എന്ന മേല്‍വിലാസം പിന്നെയും അംബാസിഡറില്‍ തന്നെ ഒതുങ്ങിനിന്നു. ഹുണ്ടായിയും, ടയോട്ടയും, ടാറ്റയും മികച്ച വാഹനങ്ങളുടെ ശ്രേണിയുമായി വിപണി പിടിച്ചടക്കിയപ്പോള്‍ അംബാസിഡര്‍ പ്രതിസന്ധിയിലായി. 2011 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 4 നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ അംബാസിഡര്‍ നിരോധിക്കുകയുണ്ടായി. അത് പ്രതിസന്ധി രൂക്ഷമാക്കി.

അംബാസിഡര്‍ അതിന്റെ അവസാനത്തേക്ക് അടുക്കുകയാണെന്ന ആശങ്ക പങ്കുവെക്കുമ്പോഴും ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയാല്‍ അംബാസിഡറിന് ഇനിയും തിരിച്ചുവരാമെന്ന പ്രതീക്ഷയും ടോപ്ഗിയര്‍ വൃത്തങ്ങള്‍ പങ്കുവെക്കുന്നു. ഈ പ്രതീക്ഷ പക്ഷേ ഇന്ത്യക്കാര്‍ക്ക് ഉണ്ടോ; സംശയം തന്നെ. ഉത്തരത്തിനായി നിരത്തിലേക്ക് നോക്കിയിരിക്കാം

Print
SocialTwist Tell-a-Friend
Other stories in this section