TopGear1
ലാംബോര്‍ഗിനി ഇഗോയിസ്റ്റാണ്‌
Posted on: 28 May 2013
സന്ദീപ് സുധാകര്‍
ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ സൂപ്പര്‍ ബ്രാന്‍ഡായ ലാംബോര്‍ഗിനിയുടെ അമ്പതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഏത് മോഡലിനെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്നതായിരുന്നു ലാംബോര്‍ഗിനിയും അതിന്റെ ഡിസൈനറായ വാള്‍ട്ടര്‍ ഡി സില്‍വയും ആലോചിച്ചത്. മക്‌ലാരന്‍ പി വണ്ണിനും ഫെരാരി ലാ ഫെരാരി എന്നീ രണ്ട് സൂപ്പര്‍ കാറുകള്‍ക്കൊപ്പം ജനീവ ഓട്ടോ ഷോയില്‍ കാര്‍പ്രേമികളുടെ മനം കവര്‍ന്ന വെനാനോയെ ഈ ചുമതലയേല്‍പ്പിക്കാമെന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍, ഇതിനായി പുതിയൊരു കാര്‍ തന്നെ ഡിസൈന്‍ ചെയ്താലോ എന്ന് ലാംബോര്‍ഗിനിയുടെ ഡിസൈനറായ വാള്‍ട്ടര്‍ ഡി സില്‍വ ചിന്തിച്ചതോടെ സൂപ്പര്‍ കാറുകളുടെ രാജാവെന്നൊക്കെ വിളിക്കാന്‍ പോന്ന മറ്റൊരു കാര്‍ ജനിക്കുകയായിരുന്നു.

മുന്നില്‍ നിന്ന് നോക്കുമ്പോള്‍ ആര്‍മി ഹെലികോപ്പറ്ററിന്റെ വീറുറ്റ ഭംഗിയുള്ള ഇഗോയിസ്റ്റയാണ് ഇതിനോടകം കാര്‍പ്രേമികളെ അമ്പരപ്പിച്ച ആ മോഡല്‍. ഉയരം വളരെ കുറഞ്ഞ് ബാറ്റ്മാന്‍ സിനിമകളില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ട ഒരോ ലാംബോര്‍ഗിനി കാറിനെയും വെല്ലുന്ന രൂപഭംഗിയോടെയാണ് ഇഗോയിസ്റ്റ എന്ന കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.സിനിമയില്‍ ബാറ്റ്മാന്റെ അപരവ്യക്തിത്വമായ ബ്രൂസ് വെയ്‌നിന് പ്രിയപ്പെട്ട ചില മോഡലുകളെ കോര്‍ത്തിണക്കിയാണ് ഇഗോയിസ്റ്റയ്ക്ക് വാള്‍ട്ടര്‍ ജന്‍മം നല്‍കിയിരിക്കുന്നത്. ഒരു ഫൈറ്റര്‍ ജെറ്റിനെ അനുസ്മരിപ്പിക്കുന്നതാണ് ഇഗോയിസ്റ്റയുടെ കോക്ക്പിറ്റ് അഥവാ ഡ്രൈവിംഗ് സീറ്റ്. ഓറഞ്ച് നിറത്തിലുള്ള ലതര്‍ കൊണ്ട് നിര്‍മിതമായ അപ്‌ഹോള്‍സ്റ്ററി. സ്റ്റിയറിങ് വീലും വിമാനത്തിലേത് പോലെ തന്നെ. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന ഈ കോക്ക്പിറ്റില്‍ യാത്രക്കാരന് സുരക്ഷ നല്‍കാന്‍ ഫോര്‍ പോയിന്റ് സീറ്റ്‌ബെല്‍റ്റാണുള്ളത്. ഒരോ സ്ട്രിപ്പിനും നല്‍കിയ വ്യത്യസ്ഥ നിറം ഇന്റീരിയറിന് മിഴിവേറ്റുന്നു. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് സമാനമായ ഹെഡ് അപ് ഡിസ്‌പ്ലേ. ഡ്രൈവര്‍ക്ക് കാറിന് പുറത്തിറങ്ങണമെങ്കില്‍ സ്റ്റിയറിങ് വീല്‍ അഴിച്ച് ഡാഷ് ബോര്‍ഡിന് മുകളില്‍ വെച്ചതിന് ശേഷമേ സാധിക്കൂ. ഡോര്‍ തുറക്കണമെങ്കിലും ഇലക്ട്രോണിക്ക് കമാന്‍ഡ് തന്നെ നല്‍കണം. അപകട സമയങ്ങളില്‍ ഡ്രൈവറുടെ ക്യാബിന്‍ കാറില്‍ നിന്നും പൂര്‍ണമായി അടര്‍ത്തി മാറ്റി രക്ഷപ്പെടാനുള്ള സംവിധാനവും ഇഗോയിസ്റ്റയിലുണ്ട്.
മിഡ് മൗണ്ടഡ് 5.2 ലിറ്റര്‍ വി ടെന്‍ എഞ്ചിനാണ് ഈ സ്വപ്ന മോഡലിന് കരുത്തേകുന്നത്. 600 എച്ച്.പി പവര്‍ ഈ എഞ്ചിന്‍ നല്‍കും. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിതമായ ബോഡി നല്ല ആക്‌സിലറേഷനും വാഗ്ദാനം ചെയ്യുന്നു.

കാറിന്റെ പുറം മോഡിയെക്കുറിച്ച് പറയുകയാണെങ്കില്‍ എയറോഡയനമിക് അപ്പാന്‍ഡേജുകളില്ലെന്നതാണ് ഒരു വൈരുധ്യം. അതിന് പകരം ഇതേ സവിശേഷത നല്‍കുന്ന ഫ്ലാപ്പുകളാണ് ഉള്‍ച്ചേര്‍ത്തിട്ടുള്ളത്. സാഹചര്യമനുസരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനമെന്ന് മാത്രം. നല്ല സ്പീഡില്‍ കുതിക്കുമ്പോള്‍ പിന്നില്‍ ഘടിപ്പിച്ച രണ്ട് ഫ്ലാപ്പുകള്‍ തുറക്കും. വാഹനത്തിന് കൂടുതല്‍ സ്ഥിരത നല്‍കുന്നതിനായാണിത്. എന്‍ജിന്‍ ഹുഡ്ഡിന് പിന്നിലായുള്ള വെന്റിലേഷന്‍ എന്‍ജിന്‍ തണുക്കുന്നതിനായി അവശ്യം വായുവും നല്‍കും.വിമാനങ്ങളിലേതു പോലെയാണ് ഇഗോയിസ്റ്റയിലെ ലൈറ്റുകളും. സാധാരണ കാറുകള്‍ക്കുള്ള ഹെഡ് ലൈറ്റുകള്‍ക്ക് പകരം എല്‍ ഇ ഡി ക്ലിയറന്‍സ് ലൈറ്റുകളാണ് ഈ കാറിനുള്ളത്. പിന്നില്‍ ജെറ്റ് വിമാനങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് ചുവന്ന ലൈറ്റും കാറിന് വിമാന പരിവേഷം നല്‍കുന്നു. ഇഗോയിസ്റ്റ എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ അല്‍പ്പം അഹങ്കാരപൂര്‍ണമാണ് ഈ കാറിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി. ഈ കാര്‍ വിപണിയില്‍ ഇറക്കാനായല്ല ലാംബോര്‍ഗിനി വികസിപ്പിച്ചതെന്ന് ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് ഡിസൈനിങ് മേധാവിയായ വാള്‍ട്ടര്‍ ഡി സില്‍വ പറയുന്നു. അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ലാംബോര്‍ഗിനി; ലാംബോയ്ക്ക് തന്നെ നല്‍കുന്ന സമ്മാനമെന്നാണ് ഈ കാറിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.Print
SocialTwist Tell-a-Friend
Other stories in this section