TopGear1
ഔഡി തോല്‍ക്കുമോ, തോല്‍പ്പിക്കുമോ?
Posted on: 27 May 2013
സിസ്സി ജേക്കബ്‌ആഡംബര കാര്‍ വിപണ രംഗത്തെ മുമ്പനായ ബി.എം.ഡബ്ല്യുവിനെ ഓടിത്തോല്‍പ്പിക്കാനുള്ള മത്സരത്തിന് വേഗം കൂട്ടിയിരിക്കുകയാണ് ഔഡിയും മേഴ്‌സിഡസ് ബെന്‍സും. വില്‍പ്പന കൂട്ടുക എന്നതു മാത്രമല്ല ഇവരുടെ ലക്ഷ്യം. ലാഭത്തിലും മുമ്പിലെത്തണം. കൂടാതെ ഏറ്റവും ആഡംബരത്തോടെയും മറ്റാരും നല്‍കാത്ത സാങ്കേതികത്തികവോടെയും കാറിറക്കണം. മൂന്ന് ജര്‍മന്‍ കമ്പനികളും തമ്മിലുള്ള ഈ പോരാട്ടത്തില്‍ ആര്‍ക്കാവും ജയം?

2005 വരെ ആഡംബര കാര്‍ വിപണിയില്‍ മെഴ്‌സിഡസ് ബെന്‍സായിരുന്നു മുമ്പന്‍. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കാര്‍വിറ്റ്് ബി.എം.ഡബ്ല്യു അവരെ കടത്തിവെട്ടി. 2011-ല്‍ ഔഡിയും മെഴ്‌സിഡസിനു മുമ്പിലെത്തി. ചൈനയിലെ വിപണിയില്‍ ലഭിച്ച സ്വീകരണമാണ് ഔഡിയെ മുന്നിലെത്തിച്ചത്. 2020-തോടെ ബി.എം.ഡബ്ല്യുവിന്റെയും മുമ്പില്‍, ഒന്നാം സ്ഥാനത്ത് കസേരയിട്ടിരിക്കണമെന്നാണ് ഓഡിയുടെ മോഹം. കഴിഞ്ഞ വര്‍ഷം 14.7 ലക്ഷം കാറുകളാണ് ലോകത്താകെ ഓഡി വിറ്റത്. 2020-തില്‍ ഇത് 20 ലക്ഷമാക്കുകയാണ് ലക്ഷ്യം. വെറുതെ കാര്‍ വിറ്റ് ഒന്നാമനാവനല്ല ഉദ്ദേശ്യമെന്ന് ഔഡി സി.ഇ.ഒ. റൂപര്‍ട്ട് സ്റ്റാഡ്‌ലര്‍ പറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരം, മറ്റാരും നല്‍കാത്ത സേവനം തുടങ്ങിയ 'സോഫ്റ്റ് ഫാക്ടറു'കളിലും കിടയറ്റതാവണം എന്നതാണ് ആഗ്രഹം.ഔഡിയെ അങ്ങനെ മുമ്പില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് ബി.എം.ഡബ്ല്യു പറയുന്നത്. ഔഡി 20 ലക്ഷം കാര്‍ കച്ചവടം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന സമയ പരിധിയ്ക്ക് നാല് വര്‍ഷം മുമ്പ്, അതായത് 2016-ല്‍ ഈ നേട്ടം കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.എം.ഡബ്യു. മിനിയും റോള്‍സ് റോയ്‌സും ഉള്‍പ്പെടെ 18.6 ലക്ഷം വാഹനങ്ങള്‍ വിറ്റ ബി.എം.ഡബ്ല്യു ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ 12 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. സ്റ്റാഡ്‌ലര്‍ പറഞ്ഞതിന് സമാനമായ ചില കാര്യങ്ങള്‍ ബി.എം.ഡബ്യു. സി.ഇ.ഒ. നോബെര്‍ട്ട് റീഥോഫറും പറഞ്ഞു. കാര്‍ വിറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുകയല്ല, നൂതന സാങ്കേതിക വിദ്യയും സേവനങ്ങളും നല്‍കി ഉപഭോക്താക്കളെ ഫാന്‍സ് ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു റീഥോഫറിന്റെ പ്രസ്താവന.

രണ്ടുപേരുടെയും വാക്കുകള്‍ അസ്വസ്ഥനാക്കിയത് ഡെയിംലര്‍ സി.ഇ.ഒ. ഡീറ്റര്‍ സെറ്റ്‌ഷെയെയാണ്. കമ്പനിയുടെ മെഴ്‌സിഡസ്-ബെന്‍സ് കാര്‍ യൂണിറ്റ് തലവനും സെറ്റ്‌ഷെയാണ്. 2020-തോടെ മെഴ്‌സിഡസിനെ ആഡംബര കാര്‍ വിപണിയിലെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിക്കുമെന്ന് സെറ്റ്‌ഷെ പ്രതിജ്ഞ ചെയ്തത് ഒന്നരക്കൊല്ലം മുമ്പാണ്. അന്നു മുതല്‍ താഴോട്ടാണ് മെഴ്‌സിഡെസിന്റെ യാത്ര. പക്ഷേ, അടുത്ത എട്ടുവര്‍ഷം കൊണ്ട് മുന്‍മാതൃകകളില്ലാത്ത 13 പുത്തന്‍ മോഡലുകള്‍ ഇക്കാനാണ് മെഴ്‌സിഡെസിന്റെ ഉദ്ദേശ്യം. വടക്കെ അമേരിക്കയിലെയും ചൈനയിലെയും ചെറുപ്പക്കാരെ ലക്ഷ്യം വെച്ചാണ് ഇവ എത്തുക. 2014, '15, '16 വര്‍ഷങ്ങളില്‍ മെഴ്‌സിഡെസിന് ഓഡിയുടെ മുമ്പില്‍ കയറാനായേക്കുമെന്നാണ് വാഹന നിരീക്ഷകന്‍ ഇയാന്‍ ഫ്ലെച്ചറുടെ വിലയിരുത്തല്‍. പുതുതലമുള്ള എ, ബി ക്ലാസ് വാഹനങ്ങളുടെ സുവര്‍ണ കാലമായിരിക്കും ഈ വര്‍ഷങ്ങള്‍ എന്നതാണ് ഇതനദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാരണം. ബി.എം.ഡബ്ല്യുവിന്റെ യു.എസിലെ വില്‍പ്പനയെ മറികടക്കാനാവുമെങ്കില്‍ ഔഡിക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് മറ്റൊരു കാര്‍ വിപണി നിരീക്ഷകന്‍ മാക്‌സ് വാര്‍ബട്ടന്റെ വിലയിരുത്തല്‍. യൂറോപ്യന്‍, ചൈനീസ് ആംഡബര കാര്‍ വിപണികളില്‍ ഒന്നാമതെത്താനായിട്ടുണ്ടെങ്കിലും യു.എസില്‍ ഇപ്പോഴും നാലാം സ്ഥാനത്താണ് ഓഡി.യൂറോപ്പ് സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോവുകയാണെങ്കിലും ബി.എം.ഡബ്യു.വും ഔഡിയും മേഴ്‌സിഡെസും നിക്ഷേപത്തില്‍ കുറവ് വരുത്തിയിട്ടില്ല. ബി.എം.ഡബ്ല്യു. നിക്ഷേപം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.2 ശതമാനം കൂട്ടി ഏഴ് ശതമാനാമാക്കി. 10 പുതിയ വാഹനങ്ങള്‍ ഇറക്കാനാണ് കമ്പനിയുടെ പദ്ധതി. എട്ടുവര്‍ഷം കൊണ്ട് 13 പുതിയ മോഡലുകള്‍ ഇറക്കുമെന്ന് മെഴ്‌സിഡെസ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് 1100 കോടി യൂറോ ചെലവിടാനാണ് ഔഡിയുടെ ഉദ്ദേശ്യം. ഓഡിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഹംഗറിയിലെയും തെക്കന്‍ ചൈനയിലെയും ഫാക്ടറികള്‍ വിപുലീകരിക്കുന്നതോടെ ഈ വര്‍ഷം അവസാനത്തോടെ 300,000 കാറുകള്‍ ഇറക്കാമെന്നാണ് അവരുടെ പ്രതീക്ഷ. മെക്‌സിക്കോയിലെ സാന്‍ ഹോസ് ചിയാപ്പയിലുള്ള പുതിയ ഫാക്ടറിക്കാവട്ടെ 1.5 ലക്ഷം കാറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.കണ്ണടച്ചു തുറക്കുമ്പോള്‍ മാറുകയാണ് ആഡംബര കാര്‍ വിപണി. ഉപഭോക്താക്കള്‍ എസ്.യു.വികളിലേക്കും ക്രോസോവറുകളിലേക്കും മാറുകയാണ്. സെഡാനുകളും ചില സ്‌പോര്‍ട്‌സ് കാറുകളുമായിരുന്നു ബി.എം.ഡബ്യുവിന്റെയും മെഴ്‌സിഡെസിന്റെ ഔഡിയുടെയും പടനിലങ്ങള്‍. ഇപ്പോള്‍, എസ്.യു.വികളിലും ക്രോസോവറുകളിലും എന്ത് പരീക്ഷണം എന്ന നിലയിലാണ് കാര്യങ്ങള്‍. യു.എസും റഷ്യയും ചൈനയുമാണ് ഇവയുടെ ചൂടന്‍ വിപണികള്‍. മുന്‍നിര എസ്.യു.വികളുമായി ബി.എം.ഡബ്ല്യുവാണ് മുന്നില്‍. ഈ നിലയ്ക്ക് 2020-തോടെ ഒന്നാമതെത്തുകയെന്ന ഔഡിയുടെ സ്വപ്‌നം യാഥാര്‍ഥ്യമവില്ലെന്നാണ് ഐ.എച്ച്.എസ്. ഓട്ടോമോട്ടീവിന്റെ പ്രവചനം. ബി.എം.ഡബ്ല്യുവിന്റെ മുന്നേറ്റം തുടരും. ബി.എം.ഡബ്ല്യു. 22.2 ലക്ഷം കാര്‍ വില്‍ക്കും. ഔഡിയുടെ വില്‍പ്പന അപ്പോള്‍ 18.6 ലക്ഷവും മെഴ്‌സിഡെസിന്റേത് 18.1 ലക്ഷവും ആയിരിക്കുമെന്നും അവര്‍ പ്രവചിക്കുന്നു.

ഔഡിയ്ക്ക് ഓന്നാമതെത്താന്‍ കഴിയും. പക്ഷേ, ബി.എം.ഡബ്ല്യുവിന്റെ കരുത്തുവെച്ചു നോക്കുമ്പോള്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് വാര്‍ബട്ടണും പറയുന്നത്.
Print
SocialTwist Tell-a-Friend
Other stories in this section