TopGear1
TopGear2
ഡെയിംലര്‍ ചൈനയില്‍ എന്‍ജിന്‍ നിര്‍മ്മാണം തുടങ്ങി
Posted on: 17 May 2013



ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രമുഖ നിര്‍മ്മാതാക്കള്‍ തന്ത്രങ്ങള്‍ മെനയുന്നതിനിടെ ജര്‍മനിയിലെ ഡെയിംലര്‍ എ ജി ചൈനയില്‍ സ്ഥാപിച്ച പ്ലാന്റില്‍ എന്‍ജിന്‍ നിര്‍മ്മാണം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി. മെഴ്‌സിഡീസ് ബെന്‍സ് വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ഡെയിംലര്‍ വിദേശത്ത് സ്ഥാപിക്കുന്ന ആദ്യ എന്‍ജിന്‍ നിര്‍മ്മാണശാലയാണ് ചൈനയിലേത്.

പ്ലാന്റ് ഈവര്‍ഷം അവസാനത്തോടെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. ഡെയിംലറിന്റെ നിയന്ത്രണത്തിലുള്ള ബെയ്ജിങ് ബെന്‍സ് ഓട്ടോമൊബൈല്‍ കമ്പനി, ഡെയിംലര്‍ ഗ്രേറ്റര്‍ ചൈന എന്നിവയുടെ ഉടമസ്ഥതയില്‍ ഉളളതാണ് പ്ലാന്റ്. 2011 ലാണ് ഡെയിംലര്‍ ചൈനയില്‍ പ്ലാന്റ് നിര്‍മ്മാണം തുടങ്ങിയത്. ഒക്ടോബറില്‍ ഇവിടെ എന്‍ജിനുകള്‍ നിര്‍മ്മിച്ചു തുടങ്ങുമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.



പ്രതിവര്‍ഷം മൂന്നുലക്ഷം എന്‍ജിനുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് ഡെയിംലറിന്റെ ചൈനയിലെ പ്ലാന്റ്. എം 270, എം 274, എം 276 എന്നീ എന്‍ജിനുകളാവും ഇവിടെ നിര്‍മ്മിക്കുക. മെഴ്‌സിഡിസ് ബെന്‍സിന്റെ വാനുകളിലാവും ചൈനയില്‍ നിര്‍മ്മിക്കുന്ന എന്‍ജിനുകള്‍ ആദ്യം സ്ഥാനംപിടിക്കുക. സുപ്രധാന വാഹന ഘടകങ്ങളുടെ നിര്‍മ്മാണം ചൈനയിലേക്ക് മാറ്റുന്നതിന്റെ ആദ്യപടിയാണ് എന്‍ജിന്‍ നിര്‍മ്മാണശാലയെന്ന് ബെയ്ജിങ് ബെന്‍സ് ഓട്ടോമൊബൈല്‍ കമ്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

ആഡംബര കാര്‍ വിപണിയില്‍ ഒന്നാംസ്ഥാനമുള്ള ബി.എം.ഡബ്ല്യൂ ചൈനയിലെ രണ്ടാമത്തെ വാഹന നിര്‍മ്മാണശാല വടക്കുകിഴക്കന്‍ നഗരമായ ഷെന്‍യാങ്ങില്‍ അടുത്തിടെ തുറന്നിരുന്നു. ഇന്ത്യയിലെ ടാറ്റ ഉടമസ്ഥതയിലുള്ള ആഡംബര ബ്രാണ്ടായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈനയില്‍ വാഹന നിര്‍മ്മാണശാല സ്ഥാപിക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ തുടരുകയാണ്. ചൈനീസ് കമ്പനിയായ ചെറിയുടെ സഹകരണത്തോടെയാണ് അവര്‍ ആ രാജ്യത്തേക്ക് വാഹന നിര്‍മ്മാണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്.



ചൈനയില്‍ വാഹന നിര്‍മ്മാണശാല സ്ഥാപിക്കുവാനുള്ള അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്ലാന്റ് സ്ഥാപിക്കുവാനുള്ള അനുമതി അടുത്തിടെ അവര്‍ക്ക് ലഭിച്ചിരുന്നു. പ്ലാന്റിന്റെ നിര്‍മ്മാണം ജൂണില്‍ ഷാന്‍ഹായില്‍ തുടങ്ങുമെന്ന് ജി.എം വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിവര്‍ഷം ഒന്നരലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടാവും പ്ലാന്റിന്. ചൈനയില്‍ ശക്തമായ സാന്നിധ്യമുള്ള ജനറല്‍ മോട്ടോഴ്‌സിന് വിപണിയില്‍ 15.2 ശതമാനം പങ്കാളിത്തമുണ്ട്.
Print
SocialTwist Tell-a-Friend









Other stories in this section