TopGear1
ശുദ്ധമായ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് കാര്‍
Posted on: 13 May 2013
സന്ദീപ് സുധാകര്‍

പൂര്‍ണമായും വൈദ്യുതി കൊണ്ട് ഓടുന്ന ഒരു ഇലക്ട്രിക്ക് സ്‌പോര്‍ട്ട്‌സ് കാര്‍ എന്നത് ഇതുവരെ വാഹന ലോകത്തില്‍ വന്യമായ ഒരു സ്വപ്‌നമായിരുന്നെങ്കില്‍ ഇത് യാഥാര്‍ത്ഥ്യമാവുകയാണ് ഡിറ്റ്‌റോയിട്ട് ഇലക്ട്രിക്ക് പുറത്തിറക്കിയ എസ്.പി.സീറോ വണ്ണിലൂടെ.


കരുത്തുറ്റ മലീനീകരണ വിമുക്ത ഇലക്ട്രിക്ക് സ്‌പോര്‍ട്ട്‌സ് കാര്‍. ഇങ്ങനെ വേണം എസ്.പി 01 നെ വിശേഷിപ്പിക്കാന്‍. ഇലക്ട്രിക്ക് കാര്‍ നിര്‍മാണ രംഗത്ത് പ്രമുഖരായ ടെസ്ല പുറത്തിറക്കിയ റോസ്റ്ററിന് സമാനമായി അലുമിനിയം ഷാസിയില്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് ബോഡിയുടെ നിര്‍മാണം. കാര്‍ബണ്‍ ഫൈബര്‍ സാങ്കേതികത നിര്‍മാണ ചെലവ് അല്‍പ്പം ഉയര്‍ത്തുമെങ്കിലും കുറഞ്ഞ ഭാരവും മെച്ചപ്പെട്ട എയറോ ഡയനാമിക്ക് ഫീച്ചറുമാണ് ഈ സങ്കേതം ഉപയോഗിക്കാന്‍ കാരണം. 1,068കിലോയാണ് വാഹനത്തിന്റെ ഭാരം. പാസഞ്ചര്‍ ക്യാബിന് പിന്നില്‍ ഘടിപ്പിച്ച 150 കിലോവാട്ട് ഇലക്ട്രിക്ക് മോട്ടോര്‍ 201 ബി.എച്ച്.പി പവര്‍ നല്‍കാന്‍ പര്യാപ്തമാണ്. 225 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. നാല് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സാണ് എസ്.പി പൂജ്യം ഒന്നിന്. 249 കിലോമീറ്റര്‍ പരമാവധി വേഗം. ബാറ്ററി മുഴുവനായും ചാര്‍ജ്ജ് ചെയ്യാന്‍ എട്ട് മണിക്കുറുകള്‍ മതി.

നൂതന സാങ്കേതികതയുടെ കാര്യത്തിലും എസ്.പി ആരുടെയും പിന്നില്ലല്ല. കാറിനെ മുഴുവനായും നിയന്ത്രിക്കാനാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷന്‍ മാനേജ്ഡ് ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റ(സാമി)മാണ് ഈ കാറിന്റെ ആകര്‍ഷണങ്ങളിലൊന്ന്. മ്യൂസിക്ക് പ്ലെയര്‍, സാറ്റലൈറ്റ് നാവിഗേഷന്‍, ഇന്റീരിയര്‍ ലൈറ്റിംഗ് അഡ്ജസ്റ്റ്‌മെന്റ്, ബാറ്ററി സ്റ്റാറ്റസ് എല്ലാം ഈ സംവിധാനത്തിലൂടെ നിയന്ത്രിക്കാം. എന്നാല്‍ ഒരു ഇലക്ട്രിക്ക് കാറെന്നതിലുപരി ഈ കാറൊരു മൊബൈല്‍ ചാര്‍ജ്ജിങ് സ്റ്റേഷന്‍ കൂടിയാണ്. ബാറ്ററിയില്‍ ഉള്ള ചാര്‍ജ്ജ് വീട്ടാവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഊര്‍ജ്ജ യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വീടിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും കാറില്‍ നിന്ന് ഉപയോഗിക്കാന്‍ കഴിയും. 135000 ഡോളറാണ് കാറിന്റെ വില.ഡിറ്റ്‌റോയിറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഇതേത് കമ്പനിയെന്ന് ഹൈബ്രിഡ് വാഹനങ്ങളുടെ കാലത്തെ ഒരു വാഹന പ്രേമി ആശ്ചര്യപ്പെട്ടാല്‍ കുറ്റം പറയാനാവില്ല. പക്ഷെ ഹൈബ്രിഡ് വാഹനങ്ങളെയും നാണിപ്പിച്ച് കൊണ്ട് പൂര്‍ണമായും വൈദ്യുതി ഉപയോഗിക്കുന്ന ഈ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിക്കാന്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മാണ രംഗത്ത് ഒട്ടും പരിചയമില്ലാത്ത ഒരു കമ്പനിയ്ക്ക് കഴിയുമോ. ഇതും തീര്‍ത്തും ന്യായമായ ചോദ്യം. 1907ല്‍ തന്നെ ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കി വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ഡിറ്റ്‌റോയിറ്റ് ഇലക്ട്രിക്ക് എന്നറിയുമ്പോള്‍ ഈ സംശയങ്ങളെല്ലാം ഒലിച്ചുപോവും. ഒരുകാലത്ത് ഡിറ്റ്‌റോയിറ്റിലെ രാജകീയ ബ്രാന്‍ഡുകളിലൊന്നായ ഫോര്‍ഡിന്റെ സ്ഥാപകന്‍ ഹെന്‍റി ഫോര്‍ഡിന്റെ ഭാര്യ ക്ലാര ഫോര്‍ഡ് ഉപയോഗിച്ചിരുന്നത് ഡ്റ്റ്‌റോയിറ്റിന്റെ കാറാണെന്ന് അറിയുമ്പോള്‍ ഈ ബ്രാന്‍ഡിന് അന്നുണ്ടായിരുന്ന പെരുമയും മനസിലാക്കാം.

റീച്ചാര്‍ജ്ഡ്, റീബൂട്ടഡ് ആന്‍ഡ് റീബോണ്‍ എന്ന മുന്നറിയിപ്പിന്റെ സ്വരത്തിലുള്ള പരസ്യവാചകമാണ് കമ്പനി രണ്ടാം അംഗത്തിന് ഉപയോഗിക്കുന്നത്. ഇലക്ട്രിക്ക് കാറുകളുടെ നിര്‍മാണത്തില്‍ നിരവധി വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന കമ്പനിയാണ് ഡിറ്റ്‌റോയിറ്റ്. ടെസ്ലയുടെ റോഡ്‌സ്റ്റര്‍ എന്ന മോഡലില്‍ നിര്‍ത്തിവെച്ചിടത്ത് നിന്ന് തുടങ്ങുകയാണ് ഡിറ്റ്‌റോയിറ്റ് എസ്.പി വണ്‍ എന്ന ഇലക്ട്രിക്ക് കാറിലൂടെ. മലിനീകരണ രഹിത ഗതാഗത സംവിധാനങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ച് വാഹന ലോകം ചിന്തിച്ചു തുടങ്ങിയ അവസരത്തില്‍ തന്നെയാണ് ഡിറ്റ്‌റോയിറ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. മിച്ചിഗണില്‍ ആന്‍ഡേഴ്‌സണ്‍ ഇലക്ട്രിക്ക് കമ്പനി എന്ന പേരില്‍ 1907ല്‍ ഡിറ്റ്‌റോയിറ്റ് കമ്പനിയുടെ തുടക്കം.

തുടക്കത്തില്‍ റീച്ചാര്‍ജ് ചെയ്യാവുന്ന ലെഡ് ബാറ്ററികള്‍ ഉപയോഗിക്കുന്ന കാറുകളായിരുന്നു കമ്പനി നിര്‍മിച്ചിരുന്നത്. 1911 മുതല്‍ 16വരെയുള്ള കാലഘട്ടത്തില്‍ നിക്കല്‍ അയേണ്‍ ബാറ്ററികളിലേക്ക് മാറി. ഒറ്റ റീച്ചാര്‍ജ്ജില്‍ 130 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നവായായിരുന്ന താരതമ്യേന ശക്തി കുറഞ്ഞ എന്‍ജിനുകളുമായി കമ്പനി അവതരിപ്പിച്ചിരുന്ന ആദ്യ ഇലക്ട്രിക്ക് കാറുകള്‍. ഒറ്റ റീച്ചാര്‍ജ്ജില്‍ 340.1കിലോമീറ്റര്‍ വരെ ഓടിയ ചരിത്രവും ഒരു ഡിറ്റ്‌റോയിറ്റ് മോഡല്‍ അവകാശപ്പെടുന്നുണ്ട്. പക്ഷെ ഈ മോഡലിന് ലഭിച്ചിരുന്ന പരമാവധി വേഗം 32 കിലോമീറ്റര്‍ മാത്രമായിരുന്നു. പക്ഷെ നഗരതിരക്കുകളില്‍ ഉപയോഗിക്കാന്‍ വളരെ പര്യാപ്തമായാണ് ഈ മോഡലിനെ അന്ന് കണ്ടിരുന്നത്. ഡിറ്റ്‌റോയിറ്റ് ഇലക്ട്രിക് കാറുകളുടെ ഉപഭോക്താക്കളില്‍ കൂടുതലും ഡോക്ടര്‍മാരും സ്ത്രീകളുമായിരുന്നു 1910ല്‍ എത്തിയപ്പോഴേക്കും പ്രതിവര്‍ഷം 1000 മുതല്‍ 2000 കാറുകള്‍ വരെ വില്‍ക്കാന്‍ ഡിറ്റ്‌റോയിറ്റ് കമ്പനിയ്ക്ക് സാധിച്ചിരുന്നു.ഒന്നാം ലോക മഹായുദ്ധകാലത്ത് ഗ്യാസോലിന് വില വര്‍ധിച്ചതും ഡിറ്റ്‌റോയിറ്റ് ഇലക്ട്രിക്ക് കാറുകള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡുണ്ടാക്കി. എന്നാല്‍ പിന്നീടുള്ള കാലത്ത് കൂടുതല്‍ മെച്ചപ്പെട്ട ഇന്റേണല്‍ കമ്പസ്ഷന്‍ എന്‍ജിനുകളെത്തിയതോടെ ഇലക്ട്രിക്ക് കാര്‍ വിപണിയുടെ ശോഭ കുറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും പിടിച്ചു നിന്നെങ്കിലും 1929ല്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ ഡിറ്റ്‌റോയിറ്റ് ഇലക്ട്രിക്ക് കമ്പനിയുടെ നട്ടെല്ലൊടിഞ്ഞു. കടപ്രതിസന്ധിയിലേക്ക് കമ്പനി കൂപ്പുകുത്തിയ അവസരത്തില്‍ പ്രമുഖ ഗണിത ശ്‌സ്ത്രജ്ഞനും ഇലക്ട്രിക്കല്‍ എന്‍ജിനിയറുമായ ചാള്‌സ് പ്രോട്ടിയേസ് സ്‌റ്റെയിന്‍മെറ്റ്‌സും വ്യാവസായിക പ്രമുഖനായിരുന്ന തോമസ് എഡിസണ്‍ അടക്കമുള്ള പ്രമുഖര്‍ ചേര്‍ന്നാണ് കമ്പനിയെ കൈപിടിച്ചുയര്‍ത്തിയത്. പ്രമുഖ വാഹന ബ്രാന്‍ഡായ ഫോര്‍ഡിന്റെ സ്ഥാപകന്‍ ഹെന്‍റി ഫോര്‍ഡിന്റെ ഭാര്യ ക്ലാരാഫോര്‍ഡിന്റെ തന്റെ പ്രിയപ്പെട്ട വാഹനമായിരുന്നു ഡിറ്റ്‌റോയിറ്റ് പുറത്തിറക്കിയ ഇലക്ട്രിക്ക് കാര്‍ എന്നതില്‍ കൂടുതല്‍ ഒരു വിശേഷണം ഡിറ്റ്‌റോയിറ്റ് ഇലക്ട്രിക്കിന് ആവശ്യമില്ല. ഇതാണ് ഡിറ്റ്‌റോയിറ്റ് ഇലക്ട്രിക്ക് കാറിന്റെ ചുരുങ്ങിയ ചരിത്രം.

Print
SocialTwist Tell-a-Friend
Other stories in this section