TopGear1
ജി എമ്മിന്റെ എന്‍ജോയ് വിപണിയില്‍
Posted on: 09 May 2013

ന്യൂഡല്‍ഹി: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് വിവിധോപയോഗ വാഹനം എന്‍ജോയ് വിപണിയിലിറക്കി. പെട്രോള്‍ വേരിയന്റുകള്‍ക്ക് 5.49 ലക്ഷം മുതല്‍ 6.99 ലക്ഷം വരെയും ഡീസല്‍ വേരിയന്റുകള്‍ക്ക് 6.99 ലക്ഷം മുതല്‍ 7.99 ലക്ഷം വരെയുമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മാരുതി സുസുക്കി എര്‍ട്രിഗ, ടൊയോട്ട ഇന്നോവ, മഹീന്ദ്ര സൈലോ എന്നിവ ആധിപത്യം പുലര്‍ത്തുന്ന വിപണിയിലേക്കാണ് എന്‍ജോയ് എത്തുന്നത്.



60 ശതമാനം പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ജനറല്‍ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. വിപണിയിലെ മറ്റ് എം പി വികളെക്കാള്‍ കുറഞ്ഞ വിലയില്‍ എന്‍ജോയ് വിറ്റഴിക്കാന്‍ സാധിക്കുന്നത് പ്രാദേശിക ഘടകങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതുകൊണ്ടാണെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. മാരുതി സുസുക്കി എര്‍ട്രിഗയെക്കാള്‍ വിലക്കുറവാണ് എന്‍ജോയ് പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക്. ടൊയോട്ടയുടെ ഇന്നോവ, മഹീന്ദ്രയുടെ സൈലോ എന്നിവയുടെ വില ഒന്‍പത് ലക്ഷത്തിന് മുകളിലാണെന്നും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.



വാഹനത്തിന്റെ നാലു സിലിണ്ടര്‍ 1.4 ലിറ്റര്‍ എന്‍ജിന്‍ 6000 ആര്‍ പി എമ്മില്‍ 104 പി എസ് പരമാവധി കരുത്ത് പകരുന്നതാണ്. 4400 ആര്‍ പി എമ്മില്‍ 77.5 പി എസ് പരമാവധി കരുത്ത് പകരുന്നതാണ് 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. അഞ്ചു സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഡീസല്‍ വേരിയന്റിന് 18.2 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ജി എമ്മിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിലാണ് എന്‍ജോയ് എം പി വികള്‍ നിര്‍മ്മിക്കുന്നത്. വാഹനത്തിന്റെ എട്ട് വേരിയന്റുകള്‍ വിപണിയിലുണ്ടാവും. ഏഴുപേര്‍ക്കും എട്ടുപേര്‍ക്കും യാത്രചെയ്യാവുന്നതാണ് വിവിധ വേരിയന്റുകള്‍.



ഇന്ത്യന്‍ വിപണിയിലുള്ള താരതമ്യേന വിലയേറിയ എം പി വികളെക്കാള്‍ സ്ഥലസൗകര്യം കൂടുതലുണ്ട് എന്‍ജോയ്ക്ക്. എന്നാല്‍ ലളിതമാണ് ഇന്റീരിയര്‍ . പവര്‍ സ്റ്റിയറിങ്, പവര്‍ വിന്‍ഡോകള്‍ , സ്റ്റീരിയോ, എ.സി തുടങ്ങിയവയില്‍ ഒതുങ്ങുന്നു സുഖ സൗകര്യങ്ങള്‍ . ആന്റി ലോക്ക് ബ്രേക്കിങ് (എ.ബി.എസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇ.ബി.ഡി), രണ്ട് മുന്‍ എയര്‍ബാഗുകള്‍ എന്നീ സുരക്ഷാ സംവിധാനള്‍ ഉയര്‍ന്ന വേരിയന്റുകളിലുണ്ട്.


വിവിധ വേരിയന്റുകളുടെ കൊച്ചിയിലെ എക്‌സ് ഷോറൂംവില

1.4 LS-8: 559269
1.4 LS-7: 564867
1.4 LT-7: 643236
1.3 TCDi LS-8: 681402
1.3 TCDi LS-7: 688018
1.4 LTZ-7: 712444
1.3 TCDi LT-7: 756209
1.3 TCDi LTZ-7: 814222


Print
SocialTwist Tell-a-Friend




Other stories in this section