TopGear1
TopGear2
ടൊയോട്ട ഹൈബ്രിഡുകള്‍ ഇന്ത്യയിലേക്ക്‌
Posted on: 09 May 2013



ന്യൂഡല്‍ഹി: പ്രയസിന് പിന്നാലെ ഇന്ധനക്ഷമവും പരിസ്ഥിതി സൗഹൃദവുമായ കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയിലേക്കെത്തുന്നു. പുതിയ ഹൈബ്രിഡ് മോഡലുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച പഠനം ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ തുടങ്ങിക്കഴിഞ്ഞു. പ്രയസിന് വിപണിയില്‍നിന്ന് ലഭിച്ച മോശമല്ലാത്ത പ്രതികരണമാണ് കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ടൊയോട്ടയെ പ്രേരിപ്പിക്കുന്നത്.

2015 ഓടെ 18 പുതിയ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഇവയില്‍ 13 എണ്ണം പൂര്‍ണ്ണമായും പുതിയ മോഡലുകള്‍. അഞ്ചെണ്ണം നിലവിലുള്ള മോഡലുകളുടെ പുതിയ പതിപ്പുകളുമാവും. ഇവയില്‍ ഏതാനും വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുന്നത് സംബന്ധിച്ച പഠനമാണ് ടൊയോട്ട നടത്തുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹൈബ്രിഡ് കാറുകള്‍ ഇറക്കുമതി ചെയ്ത് വിറ്റഴിക്കണമോ ഇന്ത്യയില്‍തന്നെ അവ അസംബിള്‍ ചെയ്യണമോ എന്നകാര്യത്തില്‍ ടൊയോട്ട ഇനിയും തീരുമാനം എടുത്തിട്ടില്ല.



നിലവില്‍ പ്രയസ് എന്ന ഒരേയൊരു ഹൈബ്രിഡ് കാര്‍ മാത്രമാണ് ടൊയോട്ട ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രയസുകള്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. കനത്ത ഇറക്കുമതി തീരുവ നല്‍കേണ്ടി വരുന്നതിനാല്‍ സെഗ്മെന്റിലെ മറ്റ് കാറുകളെക്കാള്‍ വളരെ ഉയര്‍ന്ന വിലയാണ് ഇന്ത്യയില്‍ പ്രയസ് കാറുകള്‍ക്ക്. 29.26 ലക്ഷം മുതല്‍ 39.31 ലക്ഷം വരെയാണ് അവയുടെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 2012 -13 സാമ്പത്തിക വര്‍ഷത്തില്‍ വളരെ കുറച്ച് പ്രയസ് കാറുകള്‍ മാത്രമെ ടൊയോട്ടയ്ക്ക് ഇന്ത്യയില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ പ്രയസിന്റെ വില്‍പ്പന തങ്ങള്‍ പ്രതീക്ഷിച്ചതില്‍ ഏറെയാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ പ്രയസ് നല്‍കിയ ആത്മവിശ്വാസം തന്നെ.



50 ലക്ഷത്തിലേറെ ഹൈബ്രിഡ് വാഹനങ്ങള്‍ ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയ്ക്ക് ഇതിനകം വിവിധ ലോകരാജ്യങ്ങളില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. 1997 ലാണ് ആദ്യ ഹൈബ്രിഡ് വാഹനം അവര്‍ പുറത്തിറക്കിയത്. 51.25 ലക്ഷം കാറുകള്‍ വിവിധ രാജ്യങ്ങളിലായി അവര്‍ വിറ്റഴിച്ചു. ടൊയോട്ട, ലക്‌സസ് ബ്രാണ്ടുകളിലായി 19 ഹൈബ്രിഡ് വാഹനങ്ങളും ഒരു പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനവും നിലവില്‍ ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ലോകത്തെ 80 രാജ്യങ്ങളില്‍ ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ ലഭ്യമാണ്. കിര്‍ലോസ്‌കര്‍ ഗ്രൂപ്പാണ് ഇന്ത്യയിലെ അവരുടെ പങ്കാളികള്‍. എറ്റിയോസ് ലിവ, എറ്റിയോസ്, ഇന്നോവ, കൊറോള ഓള്‍ട്ടിസ്, ഫോര്‍ച്യൂണര്‍ , കാമ്രി, ലാന്‍ഡ് ക്രൂസര്‍ പ്രാഡോ, ലാന്‍ഡ് ക്രൂസര്‍ എന്നിവയാണ് ഇന്ത്യന്‍ വിപണിയിലുള്ള ടൊയോട്ടയുടെ മറ്റ് വാഹനങ്ങള്‍.

Print
SocialTwist Tell-a-Friend










Other stories in this section