TopGear1
റെയ്ഞ്ച് റോവറുകളുടെ നവാവതാരം
Posted on: 02 Apr 2013
സി. സാന്ദീപനി


അടിമുടി പുതുമകളോടെ റെയ്ഞ്ച് റോവര്‍ കാറുകള്‍ ഇതാ എത്തിക്കഴിഞ്ഞു. റെയ്ഞ്ച് റോവറുകളുടെ ഏറ്റവും വലിയ വിപണിയായ ന്യൂയോര്‍ക്കില്‍ വെച്ച് തികച്ചും സിനിമാറ്റിക് ആയിത്തന്നെ ഇതിന്റെ ആദ്യഡ്രൈവ് നടന്നു.

ലാന്‍ഡ് റോവറുകളില്‍ ഇന്നേവരെയുള്ള മോഡലുകളെ മുഴുവന്‍ കടത്തിവെട്ടുന്ന റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്ട് 2013, പ്രശസ്ത ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗാണ് ലോകസമക്ഷം അവതരിപ്പിച്ചത്. ഇംഗഌണ്ടിലെ സോളിഹളിലുള്ള നിര്‍മാണ പ്ലാന്റിലായിരുന്നു ഫസ്റ്റ് ഷോട്ട്.

പിന്നീട് വലിയ ഒരു കണ്ടെയ്‌നറില്‍ ആകാശമാര്‍ഗം മാന്‍ഹട്ടണില്‍ ഇറക്കിയ കാര്‍ ഡാനിയല്‍ ക്രെയ്ഗിന്റെ ചടുലമായ ഡ്രൈവിങ്ങില്‍ ന്യൂയോര്‍ക്കിനെ വിസ്മയിപ്പിച്ചുകൊണ്ട് നഗരം ചുറ്റി. അസാധാരണമായ ഒരു കാര്‍, അസാധാരണമായ ശൈലിയില്‍ അവതരിപ്പിക്കുന്നു എന്നാണ് സിനിമാശൈലിയില്‍ നടന്ന ഉദ്ഘാടനത്തെപ്പറ്റി ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് ഡയറക്റ്റര്‍ ജോണ്‍ എഡ്വേര്‍ഡ്‌സ് പറഞ്ഞത്.


ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയുടെ ഭാഗമായി നടന്ന ഈ ഉദ്ഘാടന ഓട്ടം 'ദ ഡെലിവറി' എന്ന ഷോര്‍ട്ട് ഫിലിമില്‍ പകര്‍ത്തുകയും ചെയ്തു. റോഡ് ഡൈനാമിക്‌സില്‍ നമ്പര്‍വണ്‍ ആയ ന്യൂ റോവര്‍ സ്‌പോര്‍ട്ട് ന്യൂയോര്‍ക്ക് നഗരത്തിലെ മിനുത്ത പാതയിലൂടെയും തുരങ്കത്തിനകത്തെ ഇരുണ്ട വഴിയിലൂടെയും ഏറ്റച്ചെരുക്കങ്ങളുള്ള പരുക്കന്‍ വഴികളിലൂടെയും അനായാസം ഓടി.

ഏതുതരം ഭൂപ്രദേശത്തുകൂടിയും ഓടിക്കാവുന്ന മികച്ച സസ്‌പെന്‍ഷന്‍ സംവിധാനമുള്ള ആഡംബരക്കാര്‍ എന്നതുമാത്രമല്ല റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ പ്രത്യേകത.മുഴുവനായും അലുമിനിയം കൊണ്ട് നിര്‍മിച്ചതാണ് 2013 മോഡലുകള്‍. അതായത് മുന്‍ മോഡലിനേക്കാള്‍ 420 കിലോഗ്രാം ഭാരം കുറയും. വാഹനത്തിന്റെ ഭാരം കുറഞ്ഞിട്ടുണ്ടെങ്കിലും ബോഡി പഴയതിനേക്കാള്‍ ഉറപ്പും കരുത്തുമുള്ളതാണ്. എന്നാല്‍ അകമോ തീര്‍ത്തും സോഫ്റ്റ്, ആഡംബരപൂര്‍ണം. ഇപ്പോള്‍ സീറ്റിങ്ങ് കപ്പാസിറ്റി ഏഴാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.


താരതമ്യേന കുറഞ്ഞ മലിനീകരണമേ കാര്‍ ഉണ്ടാക്കൂ എന്നും കമ്പനി അവകാശപ്പെടുന്നു. കിലോമീറ്ററിന് 194 ഗ്രാം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മാത്രമാണ് പുതിയ റെയ്ഞ്ച് റോവറിന്റെ എമിഷന്‍. ഡിജിറ്റല്‍ ക്യാമറയും അടങ്ങിയ റോഡ് മോണിറ്റര്‍ ട്രാഫിക് സിഗ്നലുകള്‍, ഗതാഗതതടസ്സം തുടങ്ങിയവ നിരീക്ഷിച്ച് ഡ്രൈവിങ്ങിന്റെ ഏകാഗ്രത നഷ്ടപ്പെടാതെ ഡ്രൈവര്‍ക്ക് വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും.

വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലൂടെ പോകുമ്പോള്‍ സെന്‍സര്‍ വഴി വെള്ളത്തിന്റെ ആഴം അറിയിക്കും. ഗിയര്‍ ബോക്‌സ് ഇലക്ട്രോണിക് നിയന്ത്രിതമായതിനാല്‍ ഇന്ധന ഉപഭോഗം കുറയും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും അഞ്ചു സെക്കന്‍ഡ് മതി. മറ്റൊരു പ്രത്യേകത കണക്റ്റഡ് ഇയര്‍ സംവിധാനമാണ്. കാറിനു പുറത്തായിരിക്കുമ്പോളും ഡ്രൈവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വഴി കാറിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാം. കാറിന് കേടുപറ്റുകയോ മോഷണം പോവുകയോ ചെയ്താല്‍ ഉടന്‍ വിവരം അറിയും എന്നര്‍ത്ഥം. കാറിനകത്ത് വൈ ഫൈ ഹോട്ട് സ്‌പോട്ട് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇന്റര്‍നെറ്റും ഉപയോഗിക്കാം.

ലാന്‍ഡ് റോവര്‍ എല്‍ ആര്‍ 2, ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ ഇവോക്ക്, ലാന്‍ഡ് റോവര്‍ എല്‍ ആര്‍ 4, ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്ട്, ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ തുടങ്ങിയവയാണ് പ്രധാന 2013 റെയ്ഞ്ച് റോവറുകള്‍. ഇന്ത്യയില്‍ വിവിധ റോവര്‍ മോഡലുകള്‍ക്ക് എണ്‍പതു ലക്ഷം മുതല്‍ ഒന്നരക്കോടി വരെ വില പ്രതീക്ഷിക്കാം. പുത്തന്‍മോഡലുകള്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ ലഭ്യമാണ്. റെയ്ഞ്ചര്‍ റോവര്‍ 2013 മോഡലുകള്‍ സപ്തംബറോടെ 169 വിപണികളില്‍ ഇറക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

-Print
SocialTwist Tell-a-Friend
Other stories in this section