TopGear1
TopGear2
അതിവേഗത്തിന്റെ തമ്പുരാന്‍
Posted on: 22 Mar 2013
സന്ദീപ് സുധാകര്‍


Previous  Next

'നേട്ടങ്ങള്‍ വെച്ചാണ് ജീവിതത്തെ അളക്കേണ്ടത്, അല്ലാതെ ജീവിച്ച വര്‍ഷങ്ങളുടെ എണ്ണം നോക്കിയല്ല'തന്റെ സുഹൃത്തും റേസ് ഡ്രൈവറുമായിരുന്ന ടിമ്മി മേയറുടെ വിയോഗത്തെ കുറിച്ചോര്‍ത്ത് തന്റെ പുസ്തകത്തില്‍ ബ്രൂസ് മെക്ക്‌ലാറന്‍ എഴുതിയതാണിത്.

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മണ്‍മറഞ്ഞ അനേകം പ്രതിഭകളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്നതാണ് തന്റെ പേരും എന്ന് ഇങ്ങനെയെഴുതുമ്പോള്‍ അതിവേഗത്തിന്റെ തോഴനായ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പക്ഷെ തന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിച്ചതിന് ശേഷമായിരുന്നു: അല്ലെങ്കില്‍ മുന്നോട്ടുള്ള തലമുറകള്‍ക്ക് ഏറെ കരുതി വെച്ചതിന് ശേഷമായിരുന്നു ബ്രൂസ് മക്‌ലാരന്റെ മരണമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് അദ്ദേഹം സ്ഥാപിച്ച വാഹനനിര്‍മാണ കമ്പനിയായ മക് ലാറന്‍ ഓട്ടോമോട്ടിവ് വിപണിയിലെത്തിക്കുന്ന; മക്‌ലാരന്‍ റേസിങ് കാര്‍ ശ്രേണിയിലെ പി വണ്‍ എന്ന പുതിയ പ്രതിനിധി.

1967 മുതല്‍ 72 വരെ കാന്‍ആം സ്‌പോര്‍ട്‌സ് കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ 56 വിജയങ്ങളോടെയായിരുന്നു മക്‌ലാരന്‍ ടീമിന്റെ വിജയ കുതിപ്പിന് തുടക്കം. റേസിങ് കാറുകളോടും ട്രാക്കുകളോടുമുള്ള ഈ അനിഷേധ്യബന്ധം ഇന്ന് എത്തി നില്‍ക്കുകയാണ് ആരാധകര്‍ ക്ഷമയില്ലാതെ കാത്തിരിക്കുന്ന ഈ റേസ് കാറില്‍.


റേസിങിനായി പ്രത്യേകം സജ്ജമാക്കിയ പവര്‍ അസിസ്റ്റ് സിസ്റ്റം മക്‌ലാരന്‍ പി വണ്ണിന് അതിവേഗത നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വേഗത്തിന്റെ ഈ തമ്പുരാന് വേണ്ടത് കേവലം മൂന്ന് സെക്കന്‍ഡ് മാത്രം. ഏഴ് സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ സ്പീഡിലെത്തും, മണിക്കൂറില്‍ 300 കി.മി. വേഗമെത്താന്‍ കഷ്ടിച്ച് 17 സെക്കന്‍ഡും. 350 കിലോമീറ്ററാണ് കൈവരിക്കാന്‍ കഴിയുന്ന പരമാവധി വേഗത. 905 ഹോഴ്‌സ് പവര്‍ ശേഷിയുള്ള കാറിന്റെ മോണോകേജ് കാര്‍ബണ്‍ ഫൈബര്‍ ബോഡിയുടെ ഭാരമാണെങ്കിലോ 95 കിലോഗ്രാമും!

കഴിഞ്ഞ സപ്തംബറില്‍ പാരിസിലെ ഓട്ടോ ഷോയില്‍ അവതരിപ്പിച്ചതിന് ശേഷം പി വണ്ണിന്റെ സ്റ്റൈലിനെക്കുറിച്ചും ഡിസൈനിനെക്കുറിച്ചുമുള്ള കാര്‍പ്രേമികളുടെ അഭിപ്രായം തിരക്കുകയായിരുന്നു കമ്പനി ഇതുവരെ. അതുകൊണ്ട് തന്നെ അന്ന് അവതരിപ്പിച്ച മോഡലില്‍ ഏറെ മാറ്റങ്ങളാണ് മക്‌ലാരന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും വലിയ മാറ്റങ്ങള്‍ കൂടാതെയാണ് പി.വണ്‍ ട്രാക്ക് തൊടാനൊരുങ്ങുന്നത്. ഫ്രണ്ട് വിലുകള്‍ക്ക് അരികില്‍ ഉള്‍ച്ചേര്‍ത്ത എല്‍.ടി.ആര്‍ ഡെക്റ്റുകള്‍ മാത്രമാണ് കമ്പനി പി വണ്ണില്‍ വരുത്തിയ പുതിയ പരിഷ്‌ക്കാരം.


തുടക്കത്തില്‍ കേവലം 375 കാറുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്. വില 8.66 ലക്ഷം പൗണ്ടും (ഏകദേശം 7 കോടി രൂപ). റേസ് ട്രാക്കിലും റോഡിലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പി.വണ്‍ നിരത്തിലെത്തുന്നത്. 3.8 ലിറ്റര്‍ ട്വിന്‍ ടെര്‍ബോ വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ് പി. വണ്ണിന്റെ ഹൃദയം. പരമാവധി 916 പി.എസ് പവറും 900 എന്‍.എം ടോര്‍ക്കും നല്‍കാന്‍ പര്യാപ്തമാണ് ഈ എന്‍ജിന്‍.

മക്‌ലാരന്റെ സാങ്കേതിക പങ്കളിയായ പിറലിയുമായി ചേര്‍ന്ന് പി. സീറോ കോര്‍സാസ് പ്രത്യകമായി ഡിസൈന്‍ ചെയ്ത ടയറുകളാണ് പി വണ്ണിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഇതുവരെ കാറുകളില്‍ ഉപയോഗിച്ചിട്ടില്ലാത്ത പ്രത്യേക തരം കാര്‍ബണ്‍ സെറാമിക് ഡിസ്‌ക്കാണ് പി വണ്ണിന്റെ ബ്രേക്കിങ് സംവിധാനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.

സിറ്റി ഡ്രൈവിന് മുഴുവനായും ഇലക്ട്രിക്ക് ഡ്രൈവ് ഉപയോഗിക്കാമെന്നതാണ് ഈ കാറിന്റെ മറ്റൊരു സവിശേഷത. ഈമോഡില്‍ ശരാശരി 48 കിലോമീറ്റര്‍ വേഗത്തില്‍ 20 കിലോമീറ്റര്‍ പി.വണ്‍ ഓടിക്കാന്‍ കഴിയും.


Print
SocialTwist Tell-a-Friend









Other stories in this section