TopGear1
സൂപ്പര്‍ സ്റ്റാര്‍ റേഞ്ച് റോവര്‍
Posted on: 27 Jan 2013
ഹാനി മുസ്തഫടാറ്റയുടെ ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നാണ് ബ്രിട്ടന്റെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍. ആര്‍.) സ്വന്തമാക്കിയത്. ടാറ്റയുടെ ഏറ്റെടുക്കല്‍ തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ജെ. എല്‍.ആര്‍-ന്റെ തലപ്പത്തുള്ളവര്‍ തന്നെ പരസ്യമാക്കിയിരുന്നു. ഇതിന്റെ മുഖ്യ കാരണം അവരുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിനുവേണ്ടി ടാറ്റ ചെലവിട്ട ഭീമമായ തുക. തങ്ങളെ ലോകത്തിലെ ഏറ്റവും മികച്ച ആഡംബര കാര്‍ നിര്‍മാതാക്കളില്‍ ഒന്നാമതെത്താന്‍ വളരെയധികം സഹായിക്കുന്നതാണെന്നും കമ്പനി വക്താക്കള്‍ പറഞ്ഞിരുന്നു. ഇതിന്റെ വലിയൊരു തെളിവാണ് ലോകത്തിലെ ഏറ്റവും മികച്ചതും ബഹുമാനിക്കപ്പെടുന്നതുമായ എസ്. യു. വി. ആയി അറിയപ്പെടുന്ന പുതുപുത്തന്‍ റേഞ്ച് റോവര്‍.

1970ല്‍ ആണ് ലാന്റ് റോവര്‍ ഒരു ആഡംബര കാര്‍ എന്ന പേരില്‍ റേഞ്ച് റോവര്‍ അവതരിപ്പിക്കുന്നത്. അന്നത്തെ റേഞ്ച് റോവര്‍ എസ്. യു. വി.കളിലെ എക്‌സ്‌ക്ലാസ് ആയിട്ടാണ് അറിയപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന നാലാം തലമുറ റേഞ്ച് റോവറിനെ എസ്. യു. വി.കളിലെ റോള്‍സ് റോയ്‌സ് ആയിട്ടാണ് ലോകമെമ്പാടുമുള്ള ഓട്ടോ ജേണലിസ്റ്റുകള്‍ വിളിക്കുന്നത്.

റേഞ്ച് റോവര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു വാഹന പ്രേമിയുടെയും മനസ്സില്‍ വരുന്നത് ഇതിന്റെ ആകാരമാണ്. പുതിയ റേഞ്ച് റോവര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ നേരിട്ട വലിയ കടമ്പ ഈ ആകാരഭംഗി കാത്തു സൂക്ഷിക്കുന്നതു തന്നെയായിരുന്നു. ഇതില്‍ പൂര്‍ണ വിജയം കൈവരിച്ചിരിക്കുകയാണ് റേഞ്ച് റോവറിന്റെ ഡിസൈനര്‍മാര്‍. 2013ലെ റേഞ്ച് റോവറിന്റെ ഏറ്റവും പുതുമയാര്‍ന്ന ഭാഗം മുന്‍-പിന്‍ വശങ്ങളാണ്. ഏറ്റവും യുവത്വം തുളുമ്പുന്ന രീതിയില്‍ ആണ് മുന്‍വശ രൂപകല്‍പന. റേഞ്ച് റോവറിന്റെ ഏറ്റവും ഇളയ അനുജനായ ഇവോക്കുമായി സമാനം. ഇതിന്റെ മുഖ്യകാരണം പുതിയ ഹെഡ്‌ലൈറ്റ് ആണ്. റേഡിയേറ്റര്‍ ഗ്രില്ലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ ഹെഡ്‌ലൈറ്റ്, ഇവോക്കിനെ പോലെ വശങ്ങളിലേക്കും കയറി നില്‍ക്കുന്ന രീതിയില്‍ ആണ്. ഇതില്‍ എല്‍. ഇ. ഡി. ഡേ ടൈം റണ്ണിങ് ലൈറ്റും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമായി ബമ്പര്‍ വേറിട്ടു നില്‍ക്കാത്ത രീതിയില്‍ ആണ് ഇത്. ആകര്‍ഷണീയമായ എയര്‍വെന്റുകളും, സ്‌കേട്ടിങ്ങും നല്‍കി മനോഹരമാക്കിയിട്ടുണ്ട്. വശങ്ങളിലേക്ക് വന്നാല്‍ റേഞ്ച് റോവറിന്റെ മുഖമുദ്രയായ കറുത്ത റാപ് റൗണ്ട് ഗ്രീന്‍ ഹൗസും വലിയ വിന്‍ഡോയും നേരെയുള്ള ബോഡി ലൈനും നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ വാഹനത്തില്‍ വശങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണം മുന്‍ ഡോറില്‍ കൊടുത്തിട്ടുള്ള ലൈനും സ്‌കേട്ടിങ്ങും ആണ്. ഇതിനോട് ചേര്‍ന്നിട്ടുള്ള അലൂമിനിയം ബീഡിങ്ങും ഇരു നിറങ്ങളില്‍ വളരെ ആകര്‍ഷണീയം.

പിന്‍വശത്തെ പുതുതായി രൂപകല്‍പനചെയ്ത ടെയില്‍ ലൈറ്റ് നേരിട്ട് കാണുമ്പോഴാണ് അതിന്റെ യഥാര്‍ഥ ഭംഗി മനസ്സിലാകുന്നത്. റേഞ്ച്‌റോവറിന്റെ എക്കാലത്തെയും ആകര്‍ഷണീയമായ, രണ്ട് ഭാഗമായി തുറക്കുന്ന ടെയില്‍ ഗേറ്റ് പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമെ വലിയ ബൂട്ട് സ്‌പെയ്‌സ് ആണ് പുതിയ റേഞ്ച് റോവറില്‍. ആകര്‍ഷണീയമായ വിവിധ ഡിസൈനില്‍ ഉള്ള അലോയ് വീലുകള്‍ പുതിയ റേഞ്ച് റോവറില്‍ ലഭ്യമാണ്. ഇതും കൂടി ചേരുമ്പോള്‍ ഈ വാഹനം എക്കാലത്തെയും പോലെ ഏറ്റവും മികച്ച ആഡംബര എസ്.യു.വി. ആയി മാറുന്നു.

പുതിയ റേഞ്ച് റോവറിന് കഴിഞ്ഞ തലമുറയെക്കാള്‍ നീളം കൂടുതലാണ്. വീല്‍ ബെയ്‌സും കൂടി. ഇത് ഏറ്റവുമധികം വ്യക്തമാകുന്നത് ഉള്‍വശത്താണ്. മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യമാണ് പുതിയ റേഞ്ച് റോവറില്‍ ലഭിക്കുന്നത്. റേഞ്ച് റോവറിന്റെ മുന്‍വശത്ത് അധികം സ്ഥലസൗകര്യമാണ് നല്‍കിയിട്ടുള്ളത്. വിശാലമായും സുഖസൗകര്യത്തോടെയും ഇരിക്കാവുന്ന രീതിയിലും ആണ് സീറ്റുകളുടെ ആകെ രൂപഘടന. ഈ വിഭാഗത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ പിന്‍സീറ്റ് ഉള്ള വാഹനം പുതിയ റേഞ്ച് റോവര്‍ ആണ്. ഇതിനു പുറമെ ഉയര്‍ന്ന മോഡലായ ഓട്ടോബയോഗ്രഫിയില്‍ നിന്നും വരുന്ന ക്യാപ്ഷന്‍ സീറ്റ് രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്നതാണെങ്കിലും ആഡംബരം നിറഞ്ഞതാണ്.

പുതിയ റേഞ്ച് റോവറില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ വസ്തുക്കളും ഉയര്‍ന്ന ഗുണനിലവാരത്തില്‍ ഉള്ളതാണ്. ഡാഷ്‌ബോര്‍ഡില്‍ ഉപയോഗിച്ചിട്ടുള്ള വസ്തുക്കളും സ്വിച്ചുകളും സീറ്റിന്റെ ലതറും വുഡ്ഡ്രിമ്മും ഉള്‍പ്പെടുന്ന ഓരോ വസ്തുവിലും ഈ ഗുണനിലവാരം വ്യക്തമാണ്. ഡാഷ് ബോര്‍ഡില്‍ വരുന്ന എല്‍സിഡി സ്‌ക്രീനില്‍ വാഹനത്തിന്റെ എല്ലാ കണ്‍ട്രോളുകള്‍ക്കും പുറമെ 360 ഡിഗ്രി ക്യാമറാ ദൃശ്യങ്ങളും ലഭിക്കും.ഇന്ത്യയില്‍ വന്ന മോഡലുകളില്‍ ഉപയോഗിച്ചത് എല്‍ആര്‍എസ്ഡിവി8 എന്ന 8 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ആണ്. 4367 സിസി വരുന്ന എഞ്ചിന്‍ ഉല്‍പാദിപ്പിക്കുന്നത് 313 ബിഎച്ച്പിയും 700 എന്‍എം ടോര്‍ക്കും ആണ്. ഇതിനോട് ഘടിപ്പിച്ചിട്ടുള്ളത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ആണ്. എന്നാല്‍ റേഞ്ച് റോവറിന്റെ ഏറ്റവും വലിയ കരുത്തായി എനിക്ക് തോന്നുന്നത് ഇതിലെ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റമായ ടെറെയ്ന്‍ റെസ്‌പോണ്‍സ് 2 ആണ്. അഞ്ച് വ്യത്യസ്തപ്രതലത്തില്‍ ഓഫ് റോഡ് ഉപയോഗിക്കാന്‍ പറ്റും എന്നത് ലാന്റ് റോവറിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ സഹായകമാകുന്നു.

ഇതിനെല്ലാം പുറമെ പുതിയ റേഞ്ച് റോവറിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത പൂര്‍ണമായും അലൂമിനിയത്തില്‍ നിര്‍മിക്കുന്ന ലോകത്തിലെ ആദ്യത്തെ എസ്.യു.വി. എന്നതാണ്. അതുകൊണ്ടു തന്നെ 200 കിലോയിലേറെ ഭാരക്കുറവാണ് പുതിയ റേഞ്ച് റോവറിന്. ആഡംബരപൂര്‍ണവും വലുപ്പവുമുള്ള എസ്.യു.വി.യെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ നേട്ടമാണ്. ഇന്ധനക്ഷമതയിലും, ടയര്‍ തേയ്മാനത്തിലും വലിയ നേട്ടം കൈവരിക്കാന്‍ ഈ ഭാരക്കുറവ് സഹായിക്കും.
Print
SocialTwist Tell-a-Friend