ഫ്യുവല്‍സെല്‍ സാങ്കേതികവിദ്യ ടൊയോട്ട ബിമ്മറിന് നല്‍കുന്നു
Posted on: 23 Jan 2013 ടോക്യോ: ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ജര്‍മ്മനിയിലെ ബി.എം.ഡബ്ല്യുവിന് ഫ്യുവല്‍സെല്‍ സാങ്കേതിക വിദ്യ കൈമാറുന്നു. 2020 ല്‍ വിപണിയിലെത്തുന്ന വാഹനത്തില്‍ ബി.എം.ഡബ്ല്യു ഈ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഗവേഷണല്‍ രംഗത്ത് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സാങ്കേതികവിദ്യ കൈമാറുന്നത്.
ഹൈഡ്രജന്‍ സ്‌റ്റോറേജ്, ഡ്രൈവ്‌ട്രെയിന്‍ സങ്കേതങ്ങളാണ് ടൊയോട്ട കൈമാറാനൊരുങ്ങുന്നത്. പരിസ്ഥിതി സൗഹൃദ ഗ്രീന്‍ കാറുകള്‍ നിര്‍മിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരു കമ്പനികളും പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ മാസത്തിലാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.
ഹൈഡ്രജന്‍ വാതകത്തെ വൈദ്യുതോര്‍ജ്ജമായി മാറ്റാന്‍ സാധിക്കുമെന്നതാണ് ഫ്യുവല്‍ സെല്ലുകളുടെ പ്രത്യേകത. ഇവ ഉപയോഗിക്കുന്ന കാറുകള്‍ക്ക് ഒറ്റ തവണ ചാര്‍ജ്ജ് ചെയ്താല്‍ സാധാരണ ഇലക്ട്രിക്ക് കാറുകള്‍ സഞ്ചരിക്കുന്നതിന്റെ ഇരട്ടിദൂരം പിന്നിടാന്‍ കഴിയും. കൂടാതെ ചാര്‍ജ്ജിങിനായി എട്ടോ പത്തോ മണിക്കുറുകള്‍ എടുക്കന്ന സ്ഥാനത്ത് മിനുട്ടുകള്‍ക്കകം ഇന്ധന ടാങ്കില്‍ ഹൈഡ്രജന്‍ നിറയ്ക്കാന്‍ കഴയുകയും ചെയ്യും. ടൊയോട്ടയുടെയും ബിമ്മറിന്റെയും പ്രധാന പ്രതിയോഗികളായ ഡെയിംലര്‍ എ.ജി, ജനറല്‍ മോട്ടോഴ്‌സ്, നിസ്സാന്‍, ഹോണ്ട എന്നീ കമ്പനികളെല്ലാം ഫ്യുവല്‍ സെല്ലുകളിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്.