ഫ്യൂരിയ: പുതുതലമുറയിലെ കൊറോള
Posted on: 19 Jan 2013
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് ഓട്ടോഷോയിലെ ടൊയോട്ട പവലിയനില്‍ ഇത്തവണ വാഹനപ്രേമികളുടെ മനം കവര്‍ന്നത് കോംപാക്ട് സെഡാന്‍ കണ്‍സപ്റ്റായ ഫ്യൂരിയ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ടൊയോട്ടയുടെ ഹോട്ട്‌സെല്ലിങ് കാറായ കൊറോളയുടെ പകരക്കാരനായി ഫ്യൂരിയ എത്തുമെന്നാണ് സൂചന. അമേരിക്കന്‍ വിപണിയില്‍ ഫ്യൂരിയ ഇവര്‍ഷംതന്നെ എത്തിയേക്കും.
യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കിക്കൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഫ്യൂരിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബോണറ്റിന്റെയും ബൂട്ടിന്റെയും വലിപ്പം കുറച്ചാണ് ടൊയോട്ട ഇത് സാധ്യമാക്കിയത്. വിന്‍ഡ് ഷീല്‍ഡിന്റെ ചരിവ് വര്‍ധിപ്പിച്ച് കാറിനെ കൂടുതല്‍ എയ്‌റോ ഡൈനാമിക് ആക്കിയിട്ടുണ്ട്. എല്‍.ഇ.ഡി ഹെഡ് ലാമ്പുകളും ടെയ്ല്‍ ലാമ്പുകളുമാണ് മറ്റൊരു സവിശേഷത. ഭാരം കുറയ്ക്കാനായി കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ വീല്‍ ആര്‍ച്ചുകള്‍ അടക്കം പലസ്ഥലത്തും ഉപയോഗിച്ചിട്ടുണ്ട്. വാഹനത്തിന്റെ വീല്‍ബേസും നീളവും വര്‍ധിപ്പിച്ചിട്ടുണ്ട്. കൊറോള 15-16 ഇഞ്ച് വീലുകളോടെയാണ് വരുന്നതെങ്കില്‍ ഫ്യൂറിയയ്ക്ക് 19 ഇഞ്ച് വീലുകളാണ്.