ആഡംബര കാറുകളുമായി ഡിട്രോയിറ്റ് ഓട്ടോഷോ
Posted on: 15 Jan 2013
ഡിട്രോയിറ്റില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോഷോയില്‍ ഇത്തവണ വാഹനപ്രേമികളുടെ മനംകവരുന്നത് വിലയേറിയ ആഡംബര കാറുകള്‍. പോയവര്‍ഷങ്ങളില്‍ ചെറുകാറുകളും വൈദ്യുത കാറുകളും ആയിരുന്നു ലോകത്തെ പ്രധാന ഓട്ടോഷോകളില്‍ ശ്രദ്ധ നേടിയിരുന്നത്. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെയും നാണയപ്പെരുപ്പത്തിന്റെയും ആശങ്കകള്‍ നിലനില്‍ക്കുമ്പൊഴും കുറച്ചുയൂണിറ്റുകള്‍ വിറ്റഴിച്ച് വലിയ മാര്‍ജിന്‍ നേടാന്‍ കഴിയുന്ന ആഡംബര കാറുകളുമായാവും വരും വര്‍ഷങ്ങളില്‍ വാഹന നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെ സമീപിക്കാന്‍ പോകുന്നതെന്ന് ഡിട്രോയിറ്റ് സൂചന നല്‍കുന്നു.
മനംകവരുന്ന രൂപകല്‍പ്പന, ആഡംബരം, പെര്‍ഫോമന്‍സ് എന്നിവയ്ക്ക് മാത്രമാണ് പ്രമുഖ നിര്‍മ്മാതാക്കള്‍ പലരും പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കൂടുതല്‍ നിര്‍മ്മാതാക്കള്‍ യുവാക്കളെ ലക്ഷ്യമാക്കി വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലേക്ക് തിരിയുന്നുവെന്നതും ശ്രദ്ധേയമാണ്. അമേരിക്കയിലും ചൈനയിലും തങ്ങളുടെ വിലയേറിയ ആഡംബര കാറുകള്‍ വിറ്റഴിക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.
അമേരിക്കയിലെ വാഹന വില്‍പ്പനയില്‍ 2013 ല്‍ അഞ്ചുമുതല്‍ പത്ത് ശതമാനംവരെ വര്‍ദ്ധനയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അവര്‍. 13 ശതമാനം ആയിരുന്നു 2012 ലെ വര്‍ധന. 1984 നുശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ വര്‍ദ്ധനയാണിത്. ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിലെ വില്‍പ്പനയില്‍ നേരിയ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും അഞ്ചു മുതല്‍ ആറു ശതമാനംവരെ വില്‍പ്പന വര്‍ദ്ധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നത്.
അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ പുതിയ കോര്‍വെറ്റാണ് ഡിട്രോയിറ്റില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ കാര്‍. 60 വര്‍ഷത്തിലേറെ പഴക്കമുള്ള അമേരിക്കന്‍ സ്‌പോര്‍ട്‌സ് കാറാണ് മുഖംമിനുക്കി യുവത്വത്തോടെ ഡിട്രോയിറ്റില്‍ എത്തിയിട്ടുള്ളത്. യുവാക്കളെ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്ത താരതമ്യേനെ വിലകുറഞ്ഞ സ്റ്റൈലന്‍ കോംപാക്ട് കാറായ മെഴ്‌സിഡസ് സി.എല്‍.എസ് കൂപെയാണ് ഡെയിംലര്‍ അവതരിപ്പിച്ചിട്ടുള്ളത്.
അമേരിക്കന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ കാഡിലാക്, ലിങ്കണ്‍ എന്നിവയും പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാഡിലാക്ക് ഇലക്ടോണിക് ടൂറിങ് കൂപെ, ലിങ്കണ്‍ എം.കെ.സി എന്നിവയാണ് പുതിയ വാഹനങ്ങള്‍. ആഡംബര കാറുകള്‍ക്ക് പുറമെ ജനപ്രിയ വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ടോയോട്ടയും ഹോണ്ടയും അടക്കമുള്ളവരും പുതിയ കാര്‍ മോഡലുകള്‍ ഡിട്രോയിറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ അര്‍ബന്‍ എസ്.യു.വി കണ്‍സപ്റ്റാണ് ഹോണ്ട അവതരിപ്പിച്ചിട്ടുള്ളത്. ടോയോട്ട യു.എസ് ഡിവിഷന്‍ വികസിപ്പിച്ച കോറോള ഫ്യൂറിയയാണ് അവരുടെ പവലിയനിലെ താരം.