മുംബൈ: മാരുതി സുസുക്കി ഇന്ത്യ ടോള്‍ബോയ് ഹാച്ച്ബാക്ക് കാറായ വാഗണ്‍ ആര്‍ മുഖംമിനുക്കി വിപണിയിലെത്തിച്ചു. കാറിന്റെ അകത്തും പുറത്തും പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ട്. കെ ടെണ്‍ എന്‍ജിനില്‍ മാറ്റമില്ല, എന്നാല്‍ മൈലേജ് വര്‍ധിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. വിലയിലും നേരിയ വര്‍ധനയുണ്ട്.
റേഡിയേറ്റര്‍ ഗ്രില്ലിലും മുന്‍ ബമ്പറിലും ഒതുങ്ങുന്നതാണ് എക്സ്റ്റീരിയര്‍ പുതുമകള്‍. അടുത്തിടെ മുഖംമിനുക്കിയെത്തിയ റിറ്റ്‌സിനെ അനുസ്മരിപ്പിക്കുന്നതാണ് അല്‍പ്പം ഇടുങ്ങിയ റേഡിയേറ്റര്‍ ഗ്രില്‍. അതിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് അഴികള്‍ക്ക് പകരം ഇനി കുറുകെയുള്ള ഒറ്റ സ്ട്രിപ്പുമാത്രം. എല്‍.എക്‌സ്.ഐ, വി.എക്‌സ്.ഐ വേരിയന്റുകളുടെ ഗ്രില്ലില്‍ അല്‍പ്പം ക്രോം മിനുക്കുപണികള്‍ ഉണ്ടാവും. മുന്‍ ബമ്പറില്‍ വലിയ വെന്റും പുതിയ ഫോഗ് ലാമ്പ് ഹൗസിങ്ങുകളുമുണ്ട്. എക്സ്റ്റീരിയര്‍ പുതുമകള്‍ ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉയരുന്ന കാറ്റിന്റെ ശബ്ദം ലഘൂരിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
എക്‌സ്റ്റീരിയറിനെ അപേക്ഷിച്ച് ഇന്റീരിയറിലാണ് പുതുമകളേറെ. എല്‍.എക്‌സ്, എല്‍.എക്‌സ്.ഐ വേരിയന്റുകളില്‍ ഇനി ബീജ്, ബ്ലാക്ക് നിറങ്ങള്‍ ഉള്‍പ്പെട്ട ഡ്യുവല്‍ടോണ്‍ ഇന്റീരിയറാവും ഉണ്ടാവുക. വിലയേറിയ വി.എക്‌സ്.ഐ വേരിയന്റില്‍ പൂര്‍ണ്ണമായും ബീജ് ഇന്റീരിയറും. ഗ്ലൗ ബോക്‌സിന് മുകളില്‍ ഒരുക്കിയിട്ടുള്ള പുതിയ സ്റ്റോറേജ് സ്‌പെയ്‌സ് ശ്രദ്ധേയമാണ്. ഡേ ഈന്‍ഡ് നൈറ്റ് വ്യൂ റിയര്‍വ്യൂ മിറര്‍ വാഗണ്‍ ആര്‍ കാറുകളില്‍ ഇനി ഓപ്ഷണലായി ലഭിക്കും. പുതിയ രണ്ട് നിറങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ വാഗണ്‍ ആര്‍ കാറിന് 20.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പെട്രോള്‍, സി.എന്‍.ജി, എല്‍.പി.ജി വേരിയന്റുകള്‍ വിപണിയില്‍ ലഭിക്കും. ഡീസല്‍ വേരിയന്റ് വൈകാതെ വിപണിയില്‍ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. 3.58 ലക്ഷം മുതല്‍ 4.42 ലക്ഷം (സി.എന്‍.ജി) വരെയാണ് വിവിധ വേരിയന്റുകളുടെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂംവില.