TopGear1
ഡാസിയ, ഡസ്റ്റര്‍ ഇനി ഡാറ്റ്‌സണ്‍
Posted on: 14 Jan 2013
സന്ദീപ് സുധാകര്‍

രണ്ടുനിര സീറ്റുകള്‍ മാത്രമായെത്തുന്ന റിനോയുടെ ഡെസ്റ്ററിനെ മിനി എസ്.യു.വി എന്ന് വിളിക്കാമോ ആവോ. മസില്‍ പെരുപ്പിച്ച് കരുത്തുറ്റ കാറെന്ന തോന്നല്‍ ഉളവാക്കുന്ന രൂപകല്‍പ്പനയാണ് റിനോയുടെ ജനപ്രിയ മോഡലായ ഡെസ്റ്ററിനെ മറ്റ് മിനി എസ്.യു.വികളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നതെന്ന്. രണ്ടുനിര സീറ്റുകള്‍ക്ക് പുറമെ ലഭിക്കുന്ന വിശാലമായ ബുട്ട് സ്‌പേസും ഡസ്റ്റര്‍ ആരാധകര്‍ കാറിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഡിസൈന്‍ തന്നെയല്ലേ ഈ മോഡലിന്റെ വിജയരഹസ്യം?.ഡിസൈന്‍ ഒരു മോഡലിനെ വിജയിപ്പിക്കുന്നത് മനസ്സിലാക്കാന്‍ ഡസ്റ്ററിന്റെ ആദ്യകാല ഉടമകളായ ഡാസിയയുടെ വിജയഗാഥ പരിശോധിച്ചാല്‍ മതി. സുസുക്കിയുടെ എസ് എക്‌സ് 4, ഫിയറ്റ് സെഡിസി, ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ മോഡലുകളെല്ലാം അരങ്ങു വാഴുന്ന വിപണിയിലാണ് ഡാസിയ ചരിത്രം തിരുത്തി മുന്നേറിയത്. ഡാസിയയെ തൊട്ടറിഞ്ഞ വാഹന വിദഗ്ധര്‍ക്കെല്ലാം ഒരു കാര്യത്തില്‍ വിരുദ്ധാഭിപ്രായമുണ്ടാവില്ല. പുറം മോഡിയും ചെലവ് കുറയ്ക്കാന്‍ കമ്പനി നടത്തിയ പരീക്ഷണങ്ങളുമാണ് അവരുടെ വാഹനങ്ങളുടെ വിജയം.

പുറം മോഡിയ്‌ക്കൊപ്പം ഇന്റീരിയര്‍ ഡിസൈന്‍ എത്തുന്നില്ലെങ്കിലും അടുത്ത പതിപ്പുകളില്‍ ഈ കുറവും റിനോയുടെ എന്‍ജിനിയര്‍മാര്‍ പരിഹരിക്കും എന്ന് തന്നെ കരുതാം. എല്ലാം ചെറുതാകുന്ന കാലത്ത് കൂടുതല്‍ ചെറുതായി; ഭംഗിയേറിയ ഡിസൈനോടെ എത്തുന്ന കാറുകള്‍ക്ക് ലഭിച്ചേയ്ക്കാവുന്ന ഡിമാന്‍ഡും ഡസ്റ്ററിന്റെ വിജയം സാക്ഷ്യപ്പെടത്തുന്നു. അതുകൊണ്ടാണ് ഇന്ത്യയടക്കമുള്ള വിപണികളില്‍ ഡസ്റ്ററിന്റെ വിജയത്തിന്റെ ചുവട് പിടിച്ച് നിസാന്‍ മണ്‍മറഞ്ഞ ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് പൊടി തട്ടിയെടുക്കാന്‍ ഒരുങ്ങുന്നത്.റിനോയുടെ കാര്യത്തിലേക്ക് വരാം. ആഗോള തലത്തില്‍ റിനോയ്ക്ക് മികച്ച മൈലേജ് നല്‍കുന്നത് ഡാസിയ ബ്രാണ്ട് വാഹനങ്ങളും ഡസ്റ്ററും തന്നെയാണ്. യൂറോപ്പില്‍ ഡാസിയ ഡസ്റ്ററിനുള്ളതിനെക്കാളേറെ വിലയ്ക്കാണ് ഡസ്റ്റര്‍ മറ്റു വിപണികളില്‍ വിറ്റഴിയുന്നത്. യൂറോപ്പില്‍ ഡാസിയ ഡസ്റ്റര്‍ വില്‍ക്കുന്നത് 12000 മുതല്‍ 19000 വരെ യൂറോയ്ക്കാണെങ്കില്‍(8.73 ലക്ഷം രൂപ മുതല്‍ 15.29 ലക്ഷം വരെ) ബ്രസീലില്‍ ഡസ്റ്റിന് വില 21,000 മുതല്‍ 27000 (15.29 ലക്ഷം രൂപ മുതല്‍ 19.66 ലക്ഷം വരെ) യൂറോ വരെയാണ്.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിനോ നടത്തിയ ഒരു പരീക്ഷണമായിരുന്നു ഡാസിയ ഡസ്റ്റര്‍. യൂസ്ഡ് കാറുകള്‍ക്ക് ഏറെ പ്രിയമുള്ള റൊമാനിയയില്‍ വില കുറഞ്ഞ മോഡല്‍ കാറുകളിറക്കുന്ന ഒരു കമ്പനിയെന്നതിലധികം വലിയൊരു മേല്‍വിലാസമൊന്നും വാഹന ലോകത്ത് ഡാസിയ്ക്ക് അന്നുണ്ടായിരുന്നില്ല.

കമ്പനിയുടെ മുന്‍ സി.ഇ.ഒ ലൂയിസ് ഷ്വയ്റ്ററാണ് തകര്‍ച്ചയുടെ കയത്തില്‍ നിന്ന് ഡാസിയ എന്ന ബ്രാന്‍ഡിനെ വിജയ വഴിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 5000 യൂറോ വിലയ്ക്ക് യൂറോപ്യര്‍ക്കായി ഒരു ചെറുകാര്‍ മോഡല്‍. ഇതായിരുന്നു ഷ്വയ്റ്ററിന്റെ മനസ്സിലെ സ്വപ്നം. പക്ഷെ ഇതേകാലത്താണ് റിനോ കടക്കെണിയിലായ നിസാനുമായി ബിസിനസ് കരാറിലെത്തിയത്. വിപണിയില്‍ ഈ കരാറിന് കിട്ടിയ മാധ്യമ ശ്രദ്ധയ്ക്ക് പിന്നില്‍ ഡാസിയയുമായുള്ള കരാര്‍ മുങ്ങിപ്പോയതാണ് സത്യം.2004ല്‍ ലോഗന്‍ പുറത്തിറക്കുന്നത് വരെ ഡാസിയയെ വാഹന ലോകം അറിഞ്ഞിരുന്നില്ല. ലോഗന്‍ എത്തിയതോടെ യൂസ്ഡ് കാറുകള്‍ വാങ്ങിയിരുന്ന വിലയ്ക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ കഴിയുമെന്നായി. 2004ന് ശേഷമിതുവരെ 36 വിപണികളിലായി 20 ലക്ഷം ലോഗനുകളിലേറെ വില്‍ക്കാന്‍ ഡാസിയ്ക്ക് കഴിഞ്ഞു. ഇതിനായി പ്രത്യേകം ഡിലര്‍ഷിപ്പുകള്‍ തുടങ്ങുകയും ചെയ്തില്ല. റിനോയുടെ ഡീലര്‍ഷിപ്പുകളിലൂടെ ലോഗന്‍ ലോകം കീഴടക്കുകയായിരുന്നു.

ലോകത്ത് വളരുന്ന വിപണികള്‍ക്കായി വില കുറഞ്ഞ മോഡലുകള്‍ പുറത്തിറക്കുകയെന്ന ബിസിനസ് തന്ത്രമാണ് റിനോയുടേത്. യൂറോപ്പ്, റഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ 11 പ്ലാന്റുകളിലൂടെ ഈ തന്ത്രം മനോഹരമായി നടപ്പാക്കുന്നു. ഇംഗ്ലണ്ടിലും അയര്‍ലാന്‍ഡിലും ഡാസിയ ഈ വര്‍ഷം വിറ്റഴിച്ചത് ചെന്നൈയില്‍ നിന്നും ഇറക്കുമതി ചെയ്ത ഡസ്റ്റര്‍ മോഡലുകളാണ്. 'ഡാസിയ റിനോയുടെ പൊന്‍മുട്ടയിടുന്ന താറാവാണ്' - റിനോയുടെചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കാര്‍ലോസ് ടവേരസിന്റേതാണ് ഈ വാക്കുകള്‍.

ഡാസിയയുടെയും ഡസ്റ്ററിന്റെയും വിജയത്തിന്റെ തിളക്കത്തില്‍ നിസാന്‍ വിപണയിലിറക്കുന്ന മോഡലാണ് ഡാറ്റ്‌സണ്‍. റഷ്യയിലും ഇന്ത്യയിലും 2014ല്‍ ഈ മോഡലെത്തും. ബജറ്റ് മോഡലുകളില്‍ അടുത്തതായി വിപ്ലവം സൃഷ്ടിക്കുക ഡാറ്റ്‌സണ്‍ ആയിരിക്കുമെന്ന് കരുതാം.
Print
SocialTwist Tell-a-Friend
Other stories in this section