റോള്‍സ് റോയ്‌സിന് റെക്കോര്‍ഡ് വില്‍പ്പന
Posted on: 11 Jan 2013
3575 കാറുകള്‍ കാറുകള്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ നിരത്തിലിറക്കി ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബ്രിട്ടനിലെ റോള്‍സ് റോയ്‌സ് റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ചു. 108 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ ഇത്രയേറെ കാറുകള്‍ ഒരുവര്‍ഷം വിറ്റഴിക്കുന്നത്. ഒരുകോടിയിലേറെ വിലയുള്ള റോള്‍സ് റോയ്‌സുകള്‍ അള്‍ട്രാ ലക്ഷ്വറി കാറുകളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
ചെറുകിട - ഇടത്തരം കാര്‍ നിര്‍മ്മാതാക്കള്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് കാറുകള്‍ വിറ്റഴിക്കുന്നതിനിടെയാണ് റോള്‍സ് റോയ്‌സ് വിറ്റഴിച്ച 3575 യൂണിറ്റുകള്‍ വാര്‍ത്തയാകുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിദഗ്ദ്ധ ജോലിക്കാരുടെ കരവിരുതില്‍ സവിശേഷ ശ്രദ്ധയോടെ നിര്‍മ്മിക്കുന്നവയാണ് ഓരോ റോള്‍സ് റോയ്‌സ് കാറുകളും എന്നതാണ് ഇതിന് കാരണം.
അമേരിക്കയിലും ചൈനയിലുമാണ് 2012ല്‍ ഏറ്റവും അധികം കാറുകള്‍ നിരത്തില്‍ ഇറങ്ങിയത്. റോള്‍സ് റോയ്‌സ് ഡീലര്‍ഷിപ്പുകളുടെ എണ്ണവും 2012 ല്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു. 30 പുതിയ ഡീലര്‍ഷിപ്പുകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ പുതുതായി തുടങ്ങിയത്. റോള്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡീലര്‍ഷിപ്പുകളുടെ എണ്ണം നൂറ് കവിയുന്നത്. ലോകത്തെ 40 രാജ്യങ്ങളില്‍ ഇന്ന് റോള്‍സുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം കാറുകളുടെ ഇന്റീരിയറും മറ്റും രൂപപ്പെടുത്തി നല്‍കുന്ന റോള്‍സ് റോയ്‌സ് ബെസ്‌പോക്ക് പേഴ്‌സണലൈസേഷന്‍ പ്രോഗ്രാമിനും 2012 ല്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഫാന്റം കുടുംബത്തില്‍പ്പെട്ട 95 ശതമാനം കാറുകളും ഗോസ്റ്റ് കുടുംബത്തില്‍പ്പെട്ട 73 ശതമാനം കാറുകളും ഉപഭോക്താക്കള്‍ പേഴ്‌സണലൈസേഷന് വിധേയമാക്കി. പ്രത്യേക രീതിയില്‍ രൂപമാറ്റംവരുത്തി വിപണിയിലെത്തിച്ച ഫാന്റം കൂപെ ഏവിയേറ്റര്‍, ആര്‍ട്ട് ഡീകോ, ഗോസ്റ്റ് 1001 നൈറ്റ്‌സ് എന്നിവയ്ക്കാണ് മികച്ച സ്വീകാര്യത ലഭിച്ചത്.
കാറുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നേരിടാന്‍ വെസ്റ്റ് സസ്സെക്‌സില്‍ തുടങ്ങിയ ഹോം ഓഫ് റോള്‍സ് റോയ്‌സ് പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍തന്നെയാണ് കമ്പനി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഇവിടെ നിര്‍മ്മിച്ച ആദ്യ കാര്‍ 2003 ജനവരി ഒന്നിന് അര്‍ധരാത്രി ഉടമയ്ക്ക് കൈമാറി. പ്രതിദിനം ഓരോ റോള്‍സ് റോയ്‌സ് കാറുകള്‍ മാത്രമാണ് മുന്‍പൊക്കെ നിര്‍മ്മിച്ചുപോന്നത്. 2003 അവസാനത്തോടെ ഇത് മൂന്നായി ഉയര്‍ന്നു. ഇന്ന് കമ്പനിയിലെ വിദഗ്ദ്ധരായ ജീവനക്കാരുടെ കരവിരുതില്‍ ഫാന്റം ഗോസ്റ്റ് കുടുംബങ്ങളില്‍പ്പെട്ട 20 കാറുകള്‍ പ്രതിദിനം നിര്‍മ്മിക്കുന്നുണ്ട്.