TopGear1
സ്‌മോള്‍ ഈസ് കൂള്‍
Posted on: 05 Jan 2013
സന്ദീപ് സുധാകര്‍വലുതെന്നാല്‍ മഹത്തരമെന്ന യൂറോപ്യന്‍ ചിന്താഗതി മാറുന്നു. സാമ്പത്തിക പ്രതിസന്ധി പാശ്ചാത്യരുടെ ധനസ്ഥിതി കുറച്ചതോടെ വലിയ കാറുകളില്‍ മാത്രം സഞ്ചരിച്ചിരുന്ന അവര്‍ ചെറുകാറുകളിലേക്ക് ചേക്കേറുകയാണ്. സ്‌മോള്‍ ഇസ് ബ്യൂട്ടിഫുള്‍ എന്ന വിശദീകരണത്തോടെ.

ഒരു കാലത്ത് കാറെന്നാല്‍ പാശ്ചാത്യ ലോകത്തിന് സെഡാനില്‍ കുറഞ്ഞൊന്നും ആലോചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്യാസോലിന് (പെട്രോള്‍) വില ഉയര്‍ന്നതോടെയാണ് ഇവരും മാറി ചിന്തിയ്ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുമായ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പണ്ടേയ്ക്കു പണ്ടു തന്നെ ചെറുകാറുകള്‍ക്കാണ് പ്രിയം. പക്ഷെ പാശ്ചാത്യര്‍ക്ക് ഒരിക്കലും ചെറു കാറുകളെ അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫോക്‌സ് വാഗണ്‍ ബീറ്റില്‍ മിനികൂപ്പര്‍ എന്നിങ്ങനെ വിലയേറെയുള്ള കുഞ്ഞന്‍ കാറുകള്‍ അവരുടെ മനം കവര്‍ന്നിരുന്നെങ്കിലും വലുതാണ് മഹത്തരമെന്ന ചിന്തയില്‍ അവര്‍ ഉറച്ചുനിന്നു.

മുമ്പോരിക്കലും കാണാത്ത വില്‍പ്പനയാണ് യൂറോപ്യന്‍ വിപണിയില്‍ ഇപ്പോള്‍ ചെറുകാറുകള്‍ക്ക്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വില കുറഞ്ഞ കാറായ നാനോയുടെ പ്രത്യേക പതിപ്പ് യൂറോപ്പിലേക്ക് കയറ്റി അയക്കുന്നത് ഇതിനുദാഹരണം. ഈ മാറ്റത്തില്‍ നിന്ന് ലാഭം കൊയ്യുകയും പാശ്ചാത്യ കാര്‍ കമ്പനികളുടെ ലക്ഷ്യമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. യൂറോപ്പിലും അമേരിക്കയിലും മറ്റും നല്ല പ്രതികരണം ലഭിക്കാന്‍ തുടങ്ങിയതോടെ ഏഷ്യയിലെപ്പോലെ അവിടെയും നല്ല വിപണി ലഭിച്ച സന്തോഷത്തിലാണിവര്‍. കൂടാതെ വിദേശത്ത് പരീക്ഷിച്ച് വിജയിക്കുന്ന ചെറു മോഡലുകളെ അല്‍പ്പം മാറ്റങ്ങളോടെ ഇന്ത്യയിലും മറ്റും അവതരിപ്പിക്കാനും അവര്‍ക്ക് കഴിയുന്നു.

ഇതിന് ഉദാഹരണമാണ് ഇന്ത്യയടക്കമുള്ള വിപണിയിലെ അവരുടെ വിജയഗാഥ. വിദേശ കാര്‍ നിര്‍മാണ കമ്പനികള്‍ വരെ ഇന്ത്യയില്‍ ഒരുപാട് ചെറുകാറുകളിറക്കി കഴിഞ്ഞു. ടൊയോട്ടയുടെ എത്തിയോസ് ലിവയ്ക്കും നിസാന്‍ മൈക്രയ്ക്കും ഹ്യുണ്ടായ് ഐ ടെന്നിനുമൊക്കെ ലഭിക്കുന്ന പ്രതികരണം സാക്ഷി. ചെറുകാറുകള്‍ക്ക് പിന്നാലെ മറ്റൊരു സെഗ്മന്റും ഈയിടെ രൂപംകൊണ്ടു. 10ത്തോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലുകളുടെ ചെറു രൂപമായ കോംപാക്ട് എം.പി.വികളാണിത്. ഇതോടെ യൂറോപ്യന്‍ വിപണയില്‍ റിനോ സെനിക്കും ഫിയറ്റ് മള്‍ട്ടിപ്ലയുമൊക്കെ നിലനിര്‍ത്തിയിരുന്ന സ്ഥാനമാണ് ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മാരുതി എയര്‍ടിഗയ്ക്കും റിനോ ഡസ്റ്ററിനും മഹീന്ദ്ര ക്വോണ്ടോയ്ക്കുമൊക്കെ.പാശ്ചാത്യ രാജ്യങ്ങളില്‍ ഷെവര്‍ലെയും ഫിയറ്റും തൊട്ട് ഫോക്‌സ്‌വാഗനും ടൊയോട്ടയും ഹോണ്ടയും വരെയുള്ള വമ്പന്‍ ബ്രാന്‍ഡുകളുടെയെല്ലാം ചെറുകാറുകള്‍ 90കളിലേതിന് വിരുദ്ധമായി വന്‍തോതിലാണ് വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നത്. ആഗോളമാന്ദ്യവും സാന്‍ഡി കൊടുങ്കാറ്റും ഇടിവെട്ടും പാമ്പുകടിയുമെല്ലാം കഴിഞ്ഞിരിക്കുന്ന അമേരിക്കന്‍ ജനത എണ്ണകുടിയന്‍ ഭീമന്മാരായ വണ്ടികളോട് വിട പറഞ്ഞ് ഇന്ധമക്ഷമതയുള്ള ചെറുകാറുകളിലേക്ക് കൂട്ടത്തോടെ ചേക്കേറിയതാണ് ഇതിന് കാരണം. പൊതുവെയുള്ള ദാരിദ്ര്യവും എണ്ണവിലക്കയറ്റവും മാത്രമല്ല കോംപാക്റ്റ്, സബ്‌കോംപാക്റ്റ് കാറുകളുടെ വില്‍പന ഒരു മാസം 50 ശതമാനം വരെ വര്‍ദ്ധിപ്പിച്ചത്. വിപണി ഇവേരെ കാണാത്തത്ര വൈവിദ്ധ്യമുള്ള ഒരു നിര ചെറു സെഡാന്‍, കൂപ്പെ, വാഗണ്‍ വാഹനങ്ങള്‍ വാങ്ങാനെത്തുവരെ കാത്തുനില്‍പ്പുണ്ട്.

മാത്രമല്ല ഒരു കാലത്ത് പാവപ്പെട്ടവര്‍ക്കുള്ള 'ഇക്കണോ-ബോക്‌സുകള്‍' ആയി അറിയപ്പെട്ടിരുന്ന ചെറുകാറുകളില്‍ ഇന്ന് 'വിലയേറിയ' സൗകര്യങ്ങളായ എയര്‍ബാഗുകള്‍ പോലെ പലതും ലഭ്യമാണ് താനും. ഇന്ത്യന്‍ വിപണി ഉദാഹരണമായെടുത്താല്‍ മാരുതിയുടെ താരതമ്യേന വില കുറഞ്ഞ ആള്‍ട്ടോ 800ല്‍ വരെ ഡ്രൈവര്‍ക്ക് എയര്‍ബാഗ് സൗകര്യം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വില്‍പ്പനയുടെ സ്ഥിതിവിവരക്കണക്കുകള്‍ വെച്ച് യു.എസ്സില്‍ ആകെ ചിലവായ കാറുകളുടെ 19.3 ശതമാനവും ചെറുകാറുകളാണ്. ഇതിലുമേറെ ചെറുകാറുകള്‍ വിറ്റഴിഞ്ഞത് 1993-ലായിരുന്നു. മുമ്പെല്ലാം വലിയ കാറുകള്‍ വാങ്ങാന്‍ നിവൃത്തിയില്ലാത്തവരായിരുന്നു ചെറുകാറുകളിലേക്ക് തരിഞ്ഞിരുന്നതെങ്കില്‍ ഇന്ന് ചെറിയ കാറുകളില്‍ ആകൃഷ്ടരായിട്ടാണ് പലരും വാങ്ങുന്നതെന്ന് പറയുന്നത് ട്രൂ കാര്‍ ഡോട്ട്് കോം എ ഓട്ടോമോട്ടീവ് വിശകലനസ്ഥാപനത്തിലെ ഗവേഷകരാണ്.

ചെറുകാറായ ഫോക്‌സ്‌വാഗന്‍ അപ്പിന്റെ ശ്രദ്ധയകര്‍ഷിച്ച പരസ്യംPrint
SocialTwist Tell-a-Friend
Other stories in this section