ലംബോര്‍ഗിനിയുടെ പുതിയ പോരുകാള
Posted on: 31 Dec 2012 സജി സി. നായര്‍
ലംബോര്‍ഗിനി എന്തുചെയ്താലും വാര്‍ത്തയാണ്. പുതിയ വാഹനങ്ങള്‍ക്ക് പേരിടുന്നതില്‍പ്പോലും ഇവര്‍ പുലര്‍ത്തുന്ന അസാധാരണത്വം തന്നെ ഇതിനുകാരണം. ഇറ്റലിയുടെ സ്വന്തം ലംബോര്‍ഗിനി പുതിയ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ യുറൂസിന് നല്‍കിയ പേരുനോക്കൂ. ഏറ്റവും കരുത്തുള്ള പോരുകാളയുടെ പേരാണിത്. പുതിയ എസ്.യു.വി. ലക്ഷണമൊത്ത ഒരു പോര്‍ക്കാള ആയിരിക്കുമെന്നതില്‍ സംശയമില്ല. ബെയ്ജിങ്ങ് ഓട്ടോഷോയ്ക്ക് മുന്നോടിയായാണ് ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള ലംബോര്‍ഗിനി തങ്ങളുടെ പുതിയ ട്രെന്‍ഡ് സെറ്ററിന്റെ പേര് പുറത്ത് വിട്ടത്. ലോകവിപണിയില്‍ എസ്.യു.വികള്‍ക്ക് ഡിമാന്‍ഡ് ഏറുമെന്ന സര്‍വ്വേറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യൂറുസിന്റെ ജനനം.
പ്രതിവര്‍ഷം 3000 യൂറൂസ് എസ്. യു. വികള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബെയ്ജിങ്ങായിരിക്കും എസ്.യു.വികളുടെ പ്രിയനഗരമെന്ന സാധ്യതമുന്നില്‍ കണ്ടാണ് അവിടെത്തന്നെ പുറത്തിറക്കലിന് വേദിയാക്കിയതും. ലംബോര്‍ഗിനിയുടെ മറ്റ് എസ്.യു.വികളില്‍ നിന്ന് വ്യത്യസ്തമായി രൂപത്തിലും കരുത്തിലും ഏറെ മുന്നിലാണ് യൂറൂസ്. എന്നാല്‍ സൂപ്പര്‍ എസ്.യു.വി. എന്ന വിഭാഗത്തില്‍ കടന്നു ചെല്ലുന്ന യൂറുസ് ഒരു കുടുംബകാര്‍ എന്ന നിലയിലും വ്യത്യസ്തമാകുന്നു.
സൂപ്പര്‍കാറുകള്‍ രണ്ട് സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ യൂറുസ് വിശാലമായ നാല് സീറ്റുകള്‍ നല്‍കുന്നു. വിശാലമായ ലഗേജ് കംപാര്‍ട്ട്‌മെന്റ്, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയ്ക്ക് പുറമെ ലംബോര്‍ഗിനിയുടെ മുഖമുദ്രയായ സ്ഥിരം ഫോര്‍വീല്‍ ഡ്രൈവും യാത്രയ്ക്ക് കുതിപ്പേകുന്നു. അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ജര്‍മ്മനി, ചൈന, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ആദ്യം യൂറുസ് എത്തുക. സാങ്കേതിക വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
2015 ഓടെ ചൈനയില്‍ എസ്.യു.വികളുടെ ഡിമാന്‍ഡ് 48 ശതമാനം ഉയരുമെന്നാണ് പ്രവചനം. ഇത് കണക്കിലെടുത്താണ് ബെയ്ജിങ് ഓട്ടോഷോയില്‍തന്നെ ലംബോര്‍ഗിനി യൂറുസ് അവതരിപ്പിക്കുന്നത്. ആഗോള വിപണിയില്‍ എസ്.യു.വികളുടെ വില്‍പ്പന 18 ശതമാനം വര്‍ധിക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. വാഹന വിപണിയിലെ ചലനങ്ങള്‍ മനസ്സിലാക്കി ആദ്യം എസ്.യു.വി. വിപണിയിലെത്തിച്ചത് പോര്‍ഷെയാണ്. പോര്‍ഷെയുടെ കായേനെ പിന്തുടര്‍ന്നാണ് ലംബോര്‍ഗിനി യൂറുസ് വികസിപ്പിച്ചത്. ലംബോര്‍ഗിനിയുടെ രണ്ടാമത്തെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമാണ് യൂറുസ്. ആദ്യ എസ്.യു.വി എല്‍.എം 002 വിന്റെ നിര്‍മ്മാണം 1993 ല്‍ അവര്‍ നിര്‍ത്തി.