റിറ്റ്‌സും ഇനി ഓട്ടോമാറ്റിക്
Posted on: 29 Dec 2012
ന്യൂഡല്‍ഹി: ഹാച്ച്ബാക്ക് കാര്‍ റിറ്റ്‌സിന്റെ ഓട്ടോമാറ്റിക് വേരിയന്റ് മാരുതി സുസുക്കി ഇന്ത്യ വിപണിയിലെത്തിച്ചു. വി.എക്‌സ്.ഐ എ.ബി.എസ് വേരിയന്റിലാവും ഓട്ടോമാറ്റിക് റിറ്റ്‌സ് ലഭിക്കുക. നാലുസ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമുള്ള 1.2 ലിറ്റര്‍ കെ.ബി 12 പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച കാര്‍ 86 ബി.എച്ച്.പി പരമാവധി കരുത്ത് നല്‍കും. 6.15 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
മാരുതി സുസുക്കി ഇന്ത്യയുടെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച മൂന്നാമത്തെ ഇടത്തരം കാറാണ് റിറ്റ്‌സ്. എ സ്റ്റാര്‍, ഡിസയര്‍ എന്നിവയുടെ ഓട്ടോമാറ്റിക് വേരിയന്റുകളാണ് നേരത്തെ വിപണിയില്‍ ഉണ്ടായിരുന്നത്. ഹ്യുണ്ടായ് ഐ ടെണ്‍, ഹോണ്ട ബ്രിയോ എന്നിവയുടെ ഓട്ടോമാറ്റിക് വേരിയന്റുകളോടാവും വിപണിയില്‍ റിറ്റ്‌സിന് മത്സരിക്കേണ്ടി വരിക. അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച ബ്രിയോയ്ക്ക് 5.74 ലക്ഷം മുതല്‍ 5.99 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഐ ടെണ്ണിന് 6.16 ലക്ഷവും (എക്‌സ്‌ഷോറൂം). ഓട്ടോമാറ്റിക് റിറ്റ്‌സുകളുടെ ബുക്കിങ് മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങി. 50,000 രൂപ നല്‍കി കാര്‍ ബുക്കുചെയ്യാം. ജനവരി 15 മുതല്‍ ബുക്കു ചെയ്തവര്‍ക്ക് കാര്‍ ലഭിച്ചു തുടങ്ങും.