TopGear1
TopGear2
ഫോഡ് ബി-മാക്‌സ്: നടുമടക്കാതെ കയറാം
Posted on: 27 Dec 2012
ബി എസ്‌കാറിനുള്ളില്‍ കയറാന്‍ വാതിലുകള്‍ക്ക് കുറച്ചുകൂടി വീതി ലഭിച്ചിരുന്നെങ്കില്‍ എന്ന് നമ്മള്‍ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. നടുവേദയുള്ളപ്പോള്‍, ഒരു ചെറിയ പനിയുള്ളപ്പോള്‍ പോലും മുട്ടുമടക്കി ശരീരം വളച്ച് അകത്തു കയറുമ്പോള്‍ ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചിട്ടുണ്ടാകും. സാധാരണ ഹാച്ച് ബാക്ക് കാറിന് അകത്ത് കയറാന്‍ ഒന്നര മീറ്റര്‍ വീതിയില്‍ സ്ഥലം ലഭിച്ചാല്‍ എങ്ങനെയിരിക്കും!!! വെറും കണ്‍സപ്റ്റ് കാറിന്റെ കഥയല്ല, ഫോഡിന്റെ പുതിയ ബി-മാക്‌സിനേക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

സാധാരണ കാറുകളുടേതു പോലെ തന്നെയാണ് മുന്നിലെ വാതിലുകള്‍. ഓമ്‌നി വാനിലേതു പോലെ പിന്നിലേക്ക് സ്‌ളൈഡ് ചെയ്യാവുന്ന പിന്‍വാതിലുകള്‍. ഇടക്കുള്ള പാനല്‍ ഇല്ലേയില്ല. രണ്ട് ഭാഗങ്ങളായുള്ള ഒറ്റ വാതില്‍ പോലെ. അങ്ങനെയാണ് ബി- മാക്‌സ് ഒരു സൂപ്പര്‍ കാറാകുന്നത്.

തടിയനങ്ങാന്‍ മടിയുള്ളവര്‍ക്കും ആര്‍ഭാടപ്രിയര്‍ക്കും വേണ്ടിയാണ് ബി-മാക്‌സ് എന്നു തെറ്റിദ്ധരിക്കരുത്. വീട്ടില്‍ കൊച്ചു കുട്ടികളും പ്രായമുള്ളവരുമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല. പിഞ്ചു കുഞ്ഞുങ്ങളെ എടുത്തുകൊണ്ടു തന്നെ അകത്തിരിക്കാം. പ്രായമുള്ളവര്‍ക്ക് പരസഹായമില്ലാതെ അകത്തെത്താം. ഇനി മുന്നിലത്തെ സീറ്റ് മടക്കി വെച്ചാല്‍ സൈഡിലൂടെ തന്നെ അത്യാവശ്യം വലിപ്പമുള്ള സാധനങ്ങള്‍ കൊണ്ടുപോകാം. ബ്രിട്ടനില്‍ കാര്‍ പുറത്തിറക്കിയ ഉടനെ ഉപയോക്താക്കളുടെ ഭാഗത്തു നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ഇതൊക്കയാണ്. മുന്നിലത്തെ വാതില്‍ സൈഡിലേക്കു തുറക്കാതെ മുകളിലേക്കായിരുന്നെങ്കില്‍ എന്ന് അത്യാഗ്രഹികളില്‍ ചിലരെങ്കിലും ആലോചിച്ചു പോകും. അങ്ങനെയായിരുന്നെങ്കില്‍ ഇടുങ്ങിയ വഴിയില്‍ ഇറങ്ങാനും മുന്‍സീറ്റില്‍ കയറിയിരിക്കാനും കൂടുതല്‍ സൗകര്യമായേനെയെന്നാണ് കാര്‍ പ്രേമികളുടെ ഇന്റര്‍നെറ്റ് പൊതു ഇടങ്ങളില്‍ കണ്ട കമന്റ്.എന്നും ഫോഡിന്റെ പുത്തന്‍ ആശയങ്ങള്‍ക്ക് താങ്ങായി നിന്നിട്ടുള്ള ഡണ്‍ടണ്‍ ഇന്നവേഷന്‍ ഗ്രൂപ്പാണ് ബി-മാക്‌സിന്റെ രൂപകല്പനക്ക് പിന്നില്‍. 2011 ലെ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കണ്‍സപ്റ്റ് കാര്‍ 2012 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് പുറത്തിറക്കുന്നത്. സെപ്തംബര്‍ മുതല്‍ വിപണിയില്‍ ലഭ്യമായ ബി-മാക്‌സിന്റെ മുഖ്യ എതിരാളികള്‍ ഹോണ്ട ജാസും അതേ സീരീസിലെ കാറുകളാണ്.

ഫോഡ് ഫിയസ്റ്റയുടെ പ്ലാറ്റ്‌ഫോമിലാണ് ബി-മാക്‌സും നിര്‍മ്മിച്ചിരിക്കുന്നത്.ഫോഡിന്റെ എക്കോ ബൂസ്റ്റ് കുടുംബത്തിലെ മൂന്നു സിലിണ്ടറുള്ള ഒരു ലിറ്റര്‍ എന്‍ജിന്‍ മുതല്‍ 1.6 ലിറ്റര്‍ ഡ്യൂറാ ടോര്‍ക്ക് ടിഡിസിഐ എന്‍ജിന്‍ വരെ ബി-മാക്‌സിന് കരുത്ത് പകരുന്നു. സ്റ്റുഡിയോ, സെടെക്, ടൈറ്റാനിയം എന്നിങ്ങനെ മൂന്നു മോഡലുകളില്‍ ലഭ്യമാണ്.
Print
SocialTwist Tell-a-Friend
Other stories in this section