TopGear1
സുസുക്കിയുടെ ഇന്ത്യ
Posted on: 15 Dec 2012
സന്ദീപ് സുധാകര്‍

ഒരു കാലത്ത് ഇരുചക്ര വാഹന പ്രേമികള്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു സുസുക്കി. സാമുറായ് എന്ന ബൈക്കിലൂടെ പെരുമയാര്‍ജ്ജിച്ച് ഷോവോലിനിലൂടെയും ഷോഗണിലൂടെയും മുന്നേറിയ ജാപ്പാനീസ് ഇരുചക്ര വീര്യം. ഓഫ്‌റോഡ് പരിവേഷമുള്ള ബൈക്കുകളായിരുന്നു ഇവ. സ്‌പോര്‍ട്ട്‌സ് ബൈക്കുകളല്ലെങ്കിലും സ്‌പോര്‍ട്ടീ ആയ ഡിസൈനായിരുന്നു ഇവയുടെ പ്രധാന ആകര്‍ഷണം. സൈക്കിളുകളില്‍ ബി.എസ്.എ എസ്.എല്‍ ആറിനെപ്പോലെ. പിന്നീട് ഹീറോ ഹോണ്ടയോടും ഹോണ്ടയോടും മറ്റും മത്സരിച്ച് ഈ ബ്രാന്‍ഡുകള്‍ മണ്‍മറഞ്ഞു.

പക്ഷെ സുസുക്കിയ്ക്കിന്നും പ്രിയമാണ് ഇന്ത്യയെ. ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ മുന്‍നിരയിലുള്ള മാരുതി സുസുക്കിയെ. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാണക്കമ്പനിയായ ഹ്യുണ്ടായിയും മറ്റും അരയും തലയും മുറുക്കി മത്സരത്തിനുണ്ടെങ്കിലും മാരുതി സുസുക്കി മുന്നില്‍ നിന്ന് നയിക്കുന്നു. സുസുക്കി മാരുതിയ്ക്ക് പിന്നിലും. ഇന്ന് സുസുക്കി ഇന്ത്യയെ കാണുന്നത് അനേകം നിര്‍മാണ കേന്ദ്രങ്ങളില്‍ കേവലം ഒന്നായി മാത്രമല്ല. മറിച്ച് തങ്ങളുടെ ചെറുകാറുകളുടെ നിര്‍മാണ ഹബ്ബ് ആയാണ്. ഗുജറാത്തില്‍ മാരുതിയുടെ പുതിയ ഫാക്ടറി വരുന്നതോടെ കമ്പനിയുടെ മുഴുവന്‍ ചെറുകാറുകളും ഇനി ഇന്ത്യയില്‍ നിന്നായിരിക്കും കയറ്റി അയക്കുക.

ജാപ്പനീസ് കറന്‍സിയായ യെന്നിന് വില കുതിച്ചുയരുന്നതാണ് ജപ്പാനില്‍ നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് പലരാജ്യങ്ങളെയും വിലക്കുന്നത്. ഇറക്കുമതിയ്ക്ക് നല്‍കേണ്ട അമിത ചെലവ് തന്നെയാണ് ഇതിന് പ്രധാന കാരണം. ഇതു മാത്രമല്ല ഇന്ത്യയെ പ്രധാന നിര്‍മാണ ഹബ്ബാക്കി മാറ്റാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ (എസ്.എം.സി) ഏറെയും അറിയപ്പെടുന്നത് ചെറുകാറുകളുടെ നിര്‍മാതാവായിട്ടാണ്. ഇന്ത്യ ചെറുകാറുകള്‍ക്ക് ഏറെ പ്രിയമുള്ള രാജ്യവും. അപ്പോള്‍ പിന്നെ ഇന്ത്യയില്‍ തന്നെ കാര്‍നിര്‍മിച്ചാല്‍ ചെലവ് കുറയ്ക്കാനെങ്കിലും സാധിക്കുമെന്ന് മാരുതി മനസിലാക്കികഴിഞ്ഞു.

ഇന്ത്യയില്‍ കമ്പനിയക്ക് വലിയൊരു വിതരണ ശൃംഖലയും വെന്‍ഡര്‍ ബേസുമുള്ളത് സുസുക്കിയ്ക്ക് ഗുണം ചെയ്യും. ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലെ രാജാക്കന്‍മാരായ മാരുതി സുസുക്കിയില്‍ സുസുക്കിയ്ക്കുള്ള പങ്കാളിത്തം 54.2 ശതമാനമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് കുറഞ്ഞ വേതനം നല്‍കിയാല്‍ മതി എന്നതും സുസുക്കിയ്ക്ക് അനുകൂല ഘടകമാണ്. കൂടാതെ തീരപ്രദേശങ്ങളേറെയുള്ള ഗുജറാത്തില്‍ നിന്ന് കയറ്റുമതി എളുപ്പമാണെന്നുള്ളത് മാരുതിയ്ക്ക് ഗുജറാത്ത് ഇഷ്ട കയറ്റുമതി കേന്ദ്രവുമാവുന്നു.

ഈയിടെ മാരുതി ഗുജറാത്തില്‍ രണ്ട് സ്ഥലങ്ങളിലായി 1110 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഇതിനായി കമ്പനി ചെലവാക്കിയതാകട്ടെ 450 കോടി രൂപയും. ഫാക്ടറികളുടെ നിര്‍മാണത്തിനായി 4000 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപം ജനവരിയിലുണ്ടാവുമെന്നാണ് കരുതുന്നത്. ഇതിന് ശേഷമായിരിക്കും നിര്‍മാണം ആരംഭിക്കുക. ഫാക്ടറിയുടെ വാര്‍ഷിക ഉത്പാദനക്ഷമത 15 ലക്ഷം കാറുകളായിരിക്കുമെന്നാണ് കരുതുന്നു. ഇതോടെ ഇന്ത്യയില്‍ നിന്നുമുള്ള കമ്പനിയുടെ മൊത്തം ഉത്പാദനം 32 ലക്ഷം യൂണിറ്റാക്കി ഉയര്‍ത്തുകയും ചെയ്യും.

ഇതൊക്കെ ശരിയാണെങ്കിലും ജീവനക്കാരുമായി സൗഹാര്‍ദ്ദപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് തന്നെയാവും മാരുതിയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മാരുതിയുടെ മനേസര്‍ പ്ലാന്റിലുണ്ടായ സംഘര്‍ഷം ഒരു ജീനവക്കാരന്റെ മരണത്തിനിടയാക്കുകയും കമ്പനിയുടെ ഉത്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. ഇത് കമ്പനിയുടെ ജനപ്രിയ മോഡലുകളുടെ വില്‍പനയെയും കാര്യമായി ബാധിച്ചിരുന്നു.

എന്നാല്‍ സുസുക്കി മാത്രമാല്ല ഇന്ത്യയിലെ നിര്‍മാണ സാധ്യത തരിച്ചറിഞ്ഞ കമ്പനി. ജപ്പാനിലെ മറ്റു മുന്‍നിര കമ്പനികളായ ടൊയോട്ടയും ഹോണ്ടയും തങ്ങളുടെ ചില മോഡലുകളുടെ നിര്‍മാണ ഹബ്ബായി ഇന്ത്യയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ലാഭകരമായി പ്രവര്‍ത്തനം തുടരുകയെന്നത് തന്നെയാണ് സുസുക്കിയുടെ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. യെന്നിന് വില കൂടിയതും ഇന്ത്യയില്‍ വില്‍പന കുറഞ്ഞതുമാണ് ലാഭം 8.7 ശതമാനം കുറയാന്‍ പ്രധാന കാരണമെന്ന് എസ്.എം.സി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നത് വായിക്കുമ്പോള്‍ ഇത് മനസിലാക്കാം. ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ യെന്നിന്ന് വില അനിയന്ത്രിതമായി വര്‍ധിച്ചത് മിക്ക ജാപ്പനീസ് വാഹന കമ്പനികളെയും വെട്ടിലാക്കിയിരുന്നു. ഇൗ പ്രതിസന്ധി മറികടക്കുകയും സുസുക്കിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
Print
SocialTwist Tell-a-Friend
Other stories in this section