ആകാശത്തോളം വളര്‍ന്ന് ഹോണ്ട
Posted on: 07 Dec 2012 സന്ദീപ് സുധാകര്‍
അടുത്ത വര്‍ഷം പറന്നുയരുന്ന ജെറ്റ് വിമാനങ്ങളിലൊന്നില്‍ വാഹന പ്രേമികള്‍ക്ക് ചിരപരിചിതമായ ഹോണ്ടയുടെ ലോഗോയുണ്ടാവും; പക്ഷെ അല്‍പം വ്യത്യാസത്തോട് കൂടിയായിരിക്കുമെന്ന് മാത്രം. എച്ച് എന്ന അക്ഷരത്തിന് കുറുകെ ഒരു വാള്‍ താഴ്ത്തി വെച്ചിരിക്കുന്നതിന് സമാനമായാവും ആ ലോഗോ അകാശത്തും ഉയര്‍ന്ന് പറക്കുക. നിരത്തുകളിലെ ആധിപത്യം ആകാശത്തേയ്ക്കു കൂടി വ്യാപിപ്പിക്കുകയെന്ന സ്വപ്‌നം അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാവുമെന്ന് ഹോണ്ട വ്യക്തമാക്കിക്കഴിഞ്ഞു. മറ്റു കാര്‍ കമ്പനികളും ഹോണ്ടയോട് തോളോടുതോള്‍ ചേര്‍ന്ന് മത്സരിച്ചാല്‍ ആകാശത്തും ഇനി പുകള്‍പെറ്റ ബ്രാന്‍ഡുകളുടെ പോരാട്ടം കാണം.
ആഗോള വാഹന വിപണിയിലെ അതികായരായ ഹോണ്ട; വിമാനങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ ലോകത്തെ ഏറ്റവും സാങ്കേതിക തികവേറിയ ലൈറ്റ് ജെറ്റ് എയര്‍ക്രാഫ്‌റ്റെന്നാണ് ഹോണ്ടജെറ്റിനെ കമ്പനി വിശേഷിപ്പിക്കുന്നത്. നാഷണല്‍ ബിസിനസ് ഏവിയേഷന്‍ അസോസിയേഷന്‍(എന്‍.ബി.ബി.എ) നടത്തിയ വാര്‍ഷിക യോഗത്തിനോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് വിമാന നിര്‍മാണം തുടങ്ങിയ വാര്‍ത്ത അവര്‍ പുറത്തുവിട്ടത്.
ജെറ്റ് വിമാന നിര്‍മാണ രംഗത്തേക്ക് കടക്കാന്‍ ഉദേശിക്കുന്നതായി ഹോണ്ട നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് എന്ന് യാഥാര്‍ത്ഥ്യമാവുമെന്ന് അക്ഷമരായി കാത്തിരിക്കുകയായിരുന്നു വാഹന പ്രേമികള്‍. ഒരുപാട് പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് കമ്പനി വിമാന നിര്‍മാണം തുടങ്ങിയിരിക്കുന്നത്.
ഉയര്‍ന്ന ചൂടില്‍ വിമാനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്നും ഹോണ്ട ഈയിടെ നിരീക്ഷിച്ചിരുന്നു. യുമ, അരിസോണ എന്നിവടങ്ങളിലെ പരീക്ഷണങ്ങളിലൂടെയായിരുന്നു ഇത്. ജെറ്റിന്റെ പ്രവര്‍ത്തനം വിശകലനം ചെയ്യുന്നതിനായി പ്രത്യേക ടെലിമെറ്ററി സ്റ്റേഷനുകളും സ്ഥാപിച്ചിരുന്നു. ഒക്ടോബറില്‍ ഇതിനായി ഒരു ടെലിമെറ്ററി വാഹനം തന്നെ ഉപയോഗിച്ചു. അടുത്ത വര്‍ഷം അദ്യം അമേരിക്കയില്‍ നോര്‍ത്ത് കരോലിനയിലുള്ള നിര്‍മാണ കേന്ദ്രത്തില്‍ നിന്നായിരിക്കും ജെറ്റുകള്‍ പറന്നുയരുക.
നിര്‍മാണ കേന്ദ്രത്തില്‍ റോബോട്ടുകള്‍
നോര്‍ത്ത് കരോലിനയിലെ ജെറ്റ് നിര്‍മാണ കേന്ദ്രത്തില്‍ വിമാനത്തിന്റെ ഘടകഭാഗങ്ങളുടെ വിതരണത്തിന് ഓട്ടോമാറ്റിക്ക് ഗൈഡഡ് കാര്‍ട്ട് (എ.ജി.സി)സംവിധാനമായിരിക്കും കമ്പനി ഉപയോഗിക്കുക. റോബോട്ടുകളെപ്പോലെ തന്നെയാണ് ഈ സംവിധാനവും പ്രവര്‍ത്തിക്കുക. പെയിന്റുകള്‍ സംയോജിപ്പിര്രിക്കാന്‍ ഒരു അത്യാധുനിക പെയിന്റ് മിക്‌സിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി ആഗോള ഏവിയേഷന്‍ ട്രെയിനിങ് കമ്പനിയായ ഫ്ലൈറ്റ്‌സേഫ്റ്റിയുമായി ചേര്‍ന്ന് ഫ്ലൈറ്റ് സിമുലേഷന്‍ കേന്ദ്രവും സ്ഥാപിക്കാനൊരുങ്ങുകയാണ് ഹോണ്ട. ക്രത്രിമമായി വിമാനം പറക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക വഴി പൈലറ്റുമാര്‍ക്ക് പറക്കാന്‍ പരിശീലനം നല്‍കുന്ന സംവിധാനമാണ് ഫ്ലൈറ്റ് സിമുലേഷന്‍. ഗ്രീന്‍സ്ബറോയിലെ ആസ്ഥാനത്ത് 2013 വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്രം സ്ഥാപിക്കും.