TopGear1
TopGear2
മാരുതി കാറുകളുടെ വില ജനവരി മുതല്‍ വര്‍ധിക്കും
Posted on: 06 Dec 2012



ന്യൂഡല്‍ഹി: കാറുകളുടെ വില ജനവരി മുതല്‍ വര്‍ധിപ്പിക്കുമെന്ന് രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. വിപണിയില്‍ ഇറക്കുന്ന എല്ലാ മോഡലുകളുടെയും വില ഉയരും. 20,000 രൂപ വരെയാവും പരമാവധി വില വര്‍ധനയെന്ന് മാരുതി സുസുക്കി ഇന്ത്യ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) മായങ്ക് പരീഖ് പറഞ്ഞു.

രൂപയുടെ വിനിമയ നിരക്കില്‍വന്ന മാറ്റമാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് മാരുതി സുസുക്കി വിശദീകരിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 227.45 കോടി (5.41 ശതമാനം) യുടെ ഇടിവുണ്ടായി. മനേസറിലെ നിര്‍മ്മാണ ശാലയിലുണ്ടായ സമരവും തുടര്‍ന്ന് നടന്ന അക്രമങ്ങളും വിനിമയ നിരക്കിലെ വ്യതിയാനവുമാണ് അറ്റാദായത്തില്‍ ഉണ്ടായ ഇടിവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.



അറ്റാദായം ഇടിഞ്ഞുവെങ്കിലും മാരുതി കാറുകളുടെ വില്‍പ്പനയും കയറ്റുമതിയും നവംബര്‍ മാസം ഉയര്‍ന്നിട്ടുണ്ട്. മൊത്തം വില്‍പ്പന 12.45 ശതമാനം (1,03,200 യൂണിറ്റുകള്‍) ആണ് ഉയര്‍ന്നത്. ആഭ്യന്തര വില്‍പ്പനയില്‍ പോയവര്‍ഷത്തെക്കാള്‍ 9.67 ശതമാനം വര്‍ധനയുണ്ടായി. കാറുകളുടെ കയറ്റുമതിയില്‍ പോയവര്‍ഷത്തെക്കാള്‍ 38.37 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

2.09 ലക്ഷം മുതല്‍ 17.52 ലക്ഷം രൂപവരെ വിലയുള്ള കാറുകളാണ് മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്നത്. ഏറ്റവും വിലകുറഞ്ഞ കാറായ എം 800 മുതല്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിറ്റഴിക്കുന്ന ആഡംബര കാര്‍ കിസാഷിവരെ ഇവയില്‍ ഉള്‍പ്പെടുന്നു.
Print
SocialTwist Tell-a-Friend









Other stories in this section