TopGear1
ജാപ്പനീസ് കാര്‍ ഓഫ് ദ ഇയര്‍
Posted on: 03 Dec 2012
സന്ദീപ് സുധാകര്‍ഹിരോഷിമ വാര്‍ത്താ ലോകത്ത് ഇടം നേടുന്നത് ഒരു അരുംകൊലയുടെ പേരിലാണ്. 1945 ആഗസ്ത് ആറിന് അമേരിക്ക ഈ നഗരത്തിന് മേല്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് എന്ന ആണവ ബോംബിന്റെ പേരില്‍; അല്ലെങ്കില്‍ ആണവ ദുരന്തം സമ്മാനിച്ച ആഗാത നിശ്ചലതയില്‍ നിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ജാപ്പനീസ് ശൗര്യത്തിന്റെ പേരില്‍. എന്നാല്‍ വാഹന വിപണിയില്‍ ഹിരോഷിമ ഈ വര്‍ഷം അഭിമാനിക്കുക മസ്ഡയ്ക്ക് ആസ്ഥാനമേകിയതിനാലാവാം.

ആഗോള വിപണിയിലെ വമ്പന്‍മാരായ ടൊയോട്ടയോടും റേഞ്ച് റോവറിനോടും ബിമ്മറിനോടും ഫോക്‌സ് വാഗണോടുമൊക്കെ മത്സരിച്ച് ജപ്പാനിലെ ഈ വര്‍ഷത്തെ കാര്‍ എന്ന പദവി നേടിയിരിക്കയാണ് മസ്ഡയുടെ ഹാച്ച്ബാക്ക് മോഡലായ സി.എക്‌സ് 5. ജാപ്പനീസ് കാര്‍ മേഖലയില്‍ പ്രശ്സ്ഥമായ ഈ പുരസ്‌ക്കാരം നേടാന്‍ മസ്ഡ മത്സരിച്ചതാകട്ടെ രണ്ട് വമ്പന്‍മാര്‍ ഒരുമിച്ചു ചേര്‍ന്ന രൂപം നല്‍കിയ ഒരു സ്‌പോര്‍ട്‌സ് കാറിനോടും.

ടൊയോട്ടയും സുബാറുവും മുന്നോട്ട് വെച്ച അതികഠിനമായ മത്സരത്തെ അതീജീവിച്ച് 363 വോട്ടുകള്‍ നേടിയാണ് മസ്ഡ ജാപ്പനീസ് കാര്‍ വിപണിയുടെ നെറുകയിലെത്തിയിരിക്കുന്നത്. ടെയോട്ടയും സുബാറുവും സംയുക്തമായി നിര്‍മിച്ച സ്‌പോര്‍ട്‌സ് കാറായ ജി.ടി 86ന് 318 വോട്ടുകള്‍ നേടാന്‍ മാത്രമാണ് സാധിച്ചത്.

മസ്ഡ വികസിപ്പിച്ച് ലോകപ്രശ്‌സ്തി നേടിയ സ്‌കൈ ആക്ടീവ് സങ്കേതത്തിലധിഷ്ടിതമായ എന്‍ജിനാണ് സി.എക്‌സ് ഫൈവിന് ജി.ടി 86ന് മുകളില്‍ മേല്‍ക്കൈ നേടി കൊടുത്തത്. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് സി.എക്‌സ് ഫൈവിനെ മറ്റുകാറുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തിയതെന്നും പറയാം. അല്ലെങ്കില്‍ കൂടുതല്‍ ആക്‌സിലറേഷന്‍ നല്‍കുന്ന ബോക്‌സര്‍ എന്‍ജിനും താരതമ്യേന കുറഞ്ഞ വിലയുമായി എത്തിയ ജി.ടി 86 ബി.ആര്‍.ഇസഡ് സ്‌പോര്‍ട്‌സ് കാര്‍ തന്നെ 2012-13 വര്‍ഷത്തിലെ ജപ്പാന്‍ കാര്‍ ഓഫ് ദ ഇയര്‍ ട്രോഫി കരസ്ഥമാക്കിയേനെ. കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതിനായി പ്രത്യേകം രൂപം നല്‍കിയ ബോഡിയും ഷാസിയും എന്‍ജിനും ട്രാന്‍സ്മിഷന്‍ സങ്കേതകള്‍ക്കും ഒരുമിച്ച് പറയുന്ന പേരാണ് സ്‌കൈ ആക്ടീവ് സങ്കേതമെന്നത്.ടോക്കിയോയിലെ സെപ് ഡ്രൈവര്‍ സിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ മസ്ഡയ്ക്കും ടൊയോട്ടയ്ക്കും പിന്നില്‍ ബി.എം.ഡബ്ല്യൂവും റോഞ്ച് റോവര്‍ ഇവോക്കുമാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. 282ഉം 218ഉം. ഫോക്‌സ് വാഗണ്‍ അപ്പ് 152 വോട്ടുകളുമായി അഞ്ചാം സ്ഥാനത്തെത്തി.

അറുപത് വിധികര്‍ത്താക്കളുടെ വോട്ടുകളാണ് ജാപ്പനീസ് കാര്‍ ഓഫ് ദ ഇയര്‍ ആരെന്ന് തിരഞ്ഞെടുക്കുക. ഒരോ വിധികര്‍ത്താവിനും 25 വോട്ടുകളാണ് ചെയ്യാന്‍ കഴിയുക. പത്ത് വോട്ടുകള്‍ ഇഷ്ടപെട്ട കാറിനും അടുത്ത പതിനഞ്ച് വോട്ടുകള്‍ പിന്നീടുള്ള മികച്ച നാല് കാറുകള്‍ക്കും നല്‍കുകയെന്ന രീതിയിലാണ് വോട്ടിങ്. എന്തായാലും വോട്ടെടുപ്പ് മത്സരത്തില്‍ പങ്കെടുത്ത മറ്റു വമ്പന്‍മാര്‍ക്കും വെറുംകൈയ്യോടെ തിരിച്ചു പോകേണ്ടി വന്നിട്ടില്ല. 282 വോട്ടുകള്‍ ലഭിച്ച ബി.എം.ഡബ്യൂ ത്രീ സീരീസിനെ ഏറ്റവും മികച്ച ഇറക്കുമതി ചെയ്ത കാറായി വിധികര്‍ത്താക്കള്‍ തിരഞ്ഞെടുത്തു. മസ്ഡയോട് മത്സരിച്ച് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ടൊയോട്ടയുടെയും സുബാറുവിന്റെയും ജി.ടി 86 ബി.ആര്‍.ഇസഡിന് സി.ഒ.ടി.വൈ സ്റ്റീറിങ് കമ്മറ്റിയുടെ പ്രത്യേക പുരസ്‌ക്കാരവും ലഭിച്ചു.Print
SocialTwist Tell-a-Friend
Other stories in this section