TopGear1
എന്‍ജിനിലേക്കൊരു ലേസര്‍ രശ്മി
Posted on: 03 Dec 2012
ബി എസ്‌

അതിരാവിലെ തണുപ്പത്ത് ഇഗ്നിഷ്യന്‍ ഓണ്‍ ചെയ്താല്‍ എന്‍ജിന്‍ കിടന്ന് കിതക്കുമ്പോഴാണ് നമ്മളില്‍ പലരും സ്പാര്‍ക്ക് പ്ലഗ്ഗിനെ ഓര്‍ക്കുക. വാഹനങ്ങള്‍ക്ക് എന്താണ് സ്പാര്‍ക്ക് പ്ലഗ്ഗ്? എന്‍ജിനിലെ അറയില്‍ ഇന്ധനം കത്തിക്കാന്‍ സഹായിക്കുന്ന സംവിധാനമെന്ന് ഒറ്റ വാചകത്തില്‍ പറയാം. ഇഗ്നീഷ്യന്‍ സംവിധാനത്തില്‍ നിന്നും ഇലക്ട്രിക്ക് കറണ്ട് സ്വീകരിച്ച് വേണ്ടവിധം തീപ്പൊരി സമ്മാനിക്കുന്ന സംവിധാനം. പേരില്‍ തന്നെയുണ്ട് ആ സ്പാര്‍ക്ക്.

ഇന്ധനം കത്തിക്കാന്‍ 'സ്പാര്‍ക്കി'നു പകരം ലേസര്‍ രശ്മികളുപയോഗിച്ചാല്‍ പ്രവര്‍ത്തനം കുടുതല്‍ മികച്ചതാക്കാമെന്ന കണ്ടെത്തലിനേക്കുറിച്ചാണ് ഇന്ന് വാഹന ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. പതിവുപോലെ ഇന്ധന ക്ഷമത, ചിലവു കുറവ്, സാങ്കേതിക മുന്നേറ്റം തുടങ്ങിയ വാക്കുകളും ലേസര്‍ സ്പാര്‍ക്ക് പ്ലഗ്ഗിനനൊപ്പം പറഞ്ഞു കേട്ടു. നൂറ് വര്‍ഷം മുമ്പ് അന്ന് നാല്‍പ്പതുവയസ്സുണ്ടായിരുന്ന സ്പാര്‍ക്ക് പ്ലഗ്ഗിനെ വിപണിക്കനുയോജ്യമായി മാറ്റിയയാളാണ് ഗോട്ട്‌ലോബ് ഹൊണോള്‍ഡ്. റോബര്‍ട്ട് ബോഷിലെ എന്‍ജീനീയറായ ഹോണോള്‍ഡിന്റെ കൊട്ടിഘോഷിക്കപ്പെട്ട വിപ്ലവത്തിനു ശേഷം നിലവില്‍ വരാന്‍ പോകുന്ന രണ്ടാം ഘട്ട വിപ്ലവമെന്നാണ് ലേസര്‍ സ്പാര്‍ക്ക് പ്ലഗ്ഗിനേക്കുറിച്ച് വിശേഷിപ്പിച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍ജിനില്‍ ലേസര്‍ ടെക്‌നോളജി ഉപയോഗിക്കുന്നതു സംബന്ധിച്ച പരീക്ഷണങ്ങള്‍ തുടങ്ങിയിട്ട്. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞരും ഫോഡിലെ എന്‍ജിനീയര്‍മാരും ചേര്‍ന്ന് നടത്തിയ പരീക്ഷണം മുതല്‍ ഫെഡറല്‍ മൊഗുള്‍ കോര്‍പ്പറേഷന്‍, റൊമാനിയന്‍ - ജപ്പാന്‍ ശ്ാസ്ത്രജ്ഞര്‍ തുടങ്ങിയവരെടേയൊക്കെ ആശാവഹമായ പരീക്ഷണങ്ങള്‍ നടത്തി വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്.ഇന്ധനത്തിനൊപ്പം ഒരു പ്രത്യേക അളവില്‍ വായു ചേര്‍ത്ത് അത് അറയിലേക്ക് പമ്പു ചെയ്യുമ്പോള്‍ ആവശ്യത്തിന് തീപ്പൊരികള്‍ കടത്തിവിട്ട് അതു കത്തിക്കലാണ് സ്പാര്‍ക്ക് പ്ലഗ്ഗിന്റെ ജോലി. ഇഗ്നീഷ്യന്‍ സംവിധാനത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇന്ധനം എന്‍ജിനിലെ സ്പാര്‍ക്ക് ഗ്യാപ്പിലെത്തുമ്പോള്‍ ഒരു പ്രത്യേക താളത്തില്‍ അവ കത്താനുള്ള തീപ്പൊരി നല്‍കുകയാണ് സ്പാര്‍ക്ക് പ്ലഗ്ഗ് ചെയ്യുന്നത്. എല്ലാം സമയം കൊണ്ടൊരു കളിയാണ്. മൈക്രോപ്രൊസസിങ് ചിപ്പുകളുടെ സഹായത്തോടെ ഈ താളക്രമവും രീതിയും നിയന്ത്രിച്ചാണ് പുത്തന്‍ സാങ്കേതിക വിദ്യയുള്ള എന്‍ജിനുകള്‍ ഓരോ കമ്പനിയും വിപണിയിലെത്തിക്കുന്നത്.

പ്രശ്‌നം അവിടെയല്ല. സ്പാര്‍ക്ക് പ്ലഗ്ഗില്‍ നിന്ന് പുറത്തുവരുന്ന തീപ്പൊരികള്‍ സിലിണ്ടറിലെത്തുന്ന ഇന്ധനത്തെ മുഴുവനായും കത്തിച്ചെന്നു വരില്ല ചിലപ്പോള്‍. ഒരു സമയം കഴിഞ്ഞാല്‍ സ്പാര്‍ക്ക് പ്ലഗ്ഗ് തുരുമ്പെടുക്കുകയും കേടുവരികയും ചെയ്യും. ഈ പ്രശ്‌നങ്ങളൊക്കെ തരണം ചെയ്യാന്‍ പുതിയ ലേസര്‍ സാങ്കേതിക വിദ്യക്ക് കഴിയുമെന്നാണ് അവരൊക്കെ അവകാശപ്പെടുന്നത്.

സാധാരണ സ്പാര്‍ക്ക് ഗ്യാപ്പിനടുത്ത് എത്തുന്ന ഇന്ധന മിശ്രിതം മാത്രമേ കത്തുകയുള്ളു. എന്നാല്‍ സിലിണ്ടറിലേക്ക് രണ്ടോ മൂന്നോ വ്യത്യസ്ഥ ആഴത്തിലുള്ള ലേസര്‍ രശ്മികള്‍ കടത്തിവിടുമ്പോള്‍ ചേംബറിലെത്തുന്നമുഴുവന്‍ ഇന്ധനവും കത്തും. അങ്ങനെ കൂടുതല്‍ ഇന്ധന ക്ഷമതയുണ്ടാകും. മലിനീകരണം കുറയും. ലേസറായതിനാല്‍ സ്പാര്‍ക്ക് പ്ലഗ്ഗ് തുരുമ്പെടുത്ത് കേടുവരില്ല.

പരീക്ഷണത്തിനിടെ ലേസര്‍ സ്പാര്‍ക്ക് പ്ലഗ്ഗുകള്‍ സൃഷ്ടിച്ച പ്രധാന പ്രശ്‌നം സിലിണ്ടറിലെ ഒപ്റ്റിക്കല്‍ ഫൈബറുകളെ നശിപ്പിച്ചു കളയുമെന്നതായിരുന്നു. സെറാമിക് പൗഡറുപയോഗിച്ച് ആ പ്രശ്‌നവും പരിഹരിച്ചതായാണ് പുതിയ വാര്‍ത്ത. നിലവിലുള്ള സ്പാര്‍ക്ക് പ്ലഗ്ഗിനു പകരം ലേസര്‍ പ്ലഗ്ഗുകള്‍ ഉപയോഗിക്കുമ്പോള്‍ അടുത്ത പ്രശ്‌നം വലിപ്പം കൂടുമെന്നതാണ്. എങ്ങനെ വലിപ്പം കുറക്കാമെന്നതാണ് അടുത്ത വെല്ലുവിളി.

വണ്ടിയോടിക്കുന്നവര്‍ ഇടക്കിടെ പറയാറുള്ള വാക്കാണ് മിസ്സിങ്. എന്‍ജിനിലെ മിസ്സിങ് എന്നാല്‍ മുകളില്‍ പറഞ്ഞ എന്‍ജിനിന്റെ താളക്രമം തെറ്റുന്നുവെന്ന് കണക്കാക്കിയാല്‍ മതി. തണുപ്പുകാലത്തും കുറേ ദിവസം വണ്ടി നിര്‍ത്തിയിട്ട് വീണ്ടും ഉപയോഗിക്കുമ്പോഴും സ്വാഭാവിക പ്രവൃത്തികള്‍ക്ക് ഭംഗമുണ്ടാകുന്നതുമാണ് മിസ്സിങിനു കാരണം. ലേസര്‍ വരുമ്പോള്‍ ഇത്തരം ലളിതമായ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടും. ഇനി ലേസര്‍ പ്ലഗ്ഗുകള്‍ വന്നാല്‍ വണ്ടിയോടിക്കുന്നതൊന്നു സങ്കല്‍പ്പിച്ചു നോക്കാം. ഏതുവണ്ടിയായാലും ഇഗ്നീഷ്യനില്‍ തൊടുമ്പോള്‍ തന്നെ വണ്ടി സ്റ്റാര്‍ട്ടാവും. റെയ്‌സ് ചെയ്തു ചൂടാക്കേണ്ട ആവശ്യം വരില്ല. തുടക്കത്തിലെ കിതപ്പില്ല. മഞ്ഞുകാലത്ത് അതിരാവിലെ ചോക്കുപയോഗിച്ച് ബുദ്ധിമുട്ടേണ്ടിവരില്ല....
Print
SocialTwist Tell-a-Friend
Other stories in this section