ഓള്‍ന്യൂ റേഞ്ച് റോവര്‍
Posted on: 30 Nov 2012 ന്യൂഡല്‍ഹി: ലോകത്തെ ആദ്യ സമ്പൂര്‍ണ്ണ അലുമിനിയം മോണോകോക്ക് എസ്.യു.വി എന്ന വിശേഷണവുമായി നവീകരിച്ച ഓള്‍ ന്യൂ റേഞ്ച് റോവര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 1.72 കോടി മുതല്‍ 1.84 കോടി രൂപ വരെയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ടാറ്റാ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ നിര്‍മ്മിക്കുന്ന നാലാം തലമുറയില്‍പ്പെട്ട റേഞ്ച് റോവര്‍ വാഹനമാണിത്.
ജാഗ്വാര്‍ - ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍) ഇന്ത്യ വൈസ് പ്രസിഡന്റ് രോഹിത് സൂരിയാണ് ഗുര്‍ഗാവില്‍ നടന്ന ചടങ്ങില്‍ വാഹനം പുറത്തിറക്കിയത്. ഭാരക്കുറവ് തന്നെയാണ് പൂര്‍ണ്ണമായും അലുമിനിയത്തില്‍ നിര്‍മ്മിച്ച വാഹനത്തിന്റെ മുഖ്യ സവിശേഷത. വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥലസൗകര്യം, എന്‍ജിന്റെ കരുത്തുറ്റ പ്രകടനം, വിവിധ നിരത്തുകളിലും ഓഫ് റോഡിലും ഓടുമ്പോള്‍ വാഹനത്തിന്റെ ഷാസിയും ട്രാന്‍സ്മിഷനും അടക്കമുള്ളവ സ്വയം നിയന്ത്രിക്കുന്ന നവീന ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റു സവിശേഷതകള്‍. ചെളി, മണല്‍, പാറകള്‍ നിറഞ്ഞ റോഡ് എന്നിവയുള്‍പ്പെടെ അഞ്ച് തരത്തില്‍ ക്രമീകരിക്കാവുന്നതാണ് ലാന്‍ഡ് റോവറിന്റെ ടെറെയ്ന്‍ റെസ്‌പോണ്‍സ് 2 സംവിധാനം. സെന്റര്‍ കണ്‍സോളിലുള്ള നോബ് തിരിച്ച് വിവിധ ടെറെയ്‌നുകള്‍ തിരിഞ്ഞെടുക്കാം.
ബെന്‍ലി, മെഴ്‌സിഡീസ് എസ് ക്ലാസ് എന്നിവയെ വെല്ലുന്ന ഇന്റീരിയര്‍ സ്‌പെയ്‌സാണ് ഓള്‍ ന്യൂ റേഞ്ച് റോവറിനുള്ളതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പഴയ റേഞ്ച് റോവറിനെക്കാള്‍ 250 കിലോഗ്രാം ഭാരക്കുറവുണ്ട്. 334 ബി.എച്ച്.പി പരമാവധി കരുത്ത് നല്‍കുന്ന 4.4 ലിറ്റര്‍ വി എയ്റ്റ് ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 503 ബി.എച്ച്.പി പരമാവധി കരുത്ത് നല്‍കുന്ന അഞ്ചുലിറ്റര്‍ വി എയ്റ്റ് പെട്രോള്‍ എന്‍ജിനുമാണ് ഇന്ത്യയില്‍ ഓള്‍ ന്യൂ റേഞ്ച് റോവറിന് കരുത്ത് പകരുന്നത്.