TopGear1
പോര്‍ഷെയില്‍ നിന്ന് പാസ്തയിലേക്ക്‌
Posted on: 29 Nov 2012
പി.എസ്. രാകേഷ്

പോര്‍ഷെ കാറുകളും ഇറ്റാലിയന്‍ ഭക്ഷ്യവിഭവുമായ പാസ്തയും തമ്മിലെന്താണ് ബന്ധം? ഉത്തരം വെന്‍ഡലിന്‍ വീഡ്കിങ് 61കാരന്‍ പറയും. ജര്‍മന്‍ കാര്‍നിര്‍മാണക്കമ്പനിയായ പോര്‍ഷെയുടെ സി.ഇ.ഒ. ആയി 16 വര്‍ഷം പ്രവര്‍ത്തിച്ച വീഡ്കിങ് ഇപ്പോള്‍ പാസ്തയും പിസ്സയും വില്‍ക്കാനൊരുങ്ങുകയാണ്. 'വയാനിലോ' എന്ന പേരില്‍ ജര്‍മനിയില്‍ റസ്‌റ്റോറന്റ് ശൃംഖല ആരംഭിക്കുമെന്ന് വീഡ്കിങ് പ്രഖ്യാപിച്ചുകഴിഞ്ഞു.

വെന്‍ഡലിന്‍ വീഡ്കിങ് എന്ന ജര്‍മന്‍കാരനും പോര്‍ഷെ കമ്പനിയും തമ്മിലുളള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മെക്കാനിക്കല്‍ എഞ്ചിനിയറായ വീഡ്കിങ് 1983ല്‍ തന്റെ് 33ാം വയസിലാണ് പോര്‍ഷെയില്‍ ജോലിക്കു ചേരുന്നത്. പ്രൊഡക്ഷന്‍ ആന്‍ഡ് മറ്റീരിയല്‍സ് ഡയറക്ടറുടെ അസിസ്റ്റന്റ് ജോലിയാണ് ആദ്യം ലഭിച്ചത്. വളരെ പെട്ടെന്ന കാര്യങ്ങളെല്ലാം പഠിച്ച വീഡ്കിങ് 91 ആയപ്പോഴേക്കും പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ തലവനായി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും പോര്‍ഷെയുടെ സി.ഇ.ഒ. സ്ഥാനത്ത് വീഡ്കിങ് അവരോധിക്കപ്പെട്ടു. കടക്കെണിയില്‍ പെട്ട് കമ്പനി ഏതുനിമിഷവും പൂട്ടിപ്പോകുന്ന സമയത്താണ് വീഡ്കിങ് സി.ഇ.ഒ. ആയി ചുമതലയേല്‍ക്കുന്നത്.

രണ്ടുവര്‍ഷത്തിനുള്ളില്‍ കമ്പനിയെ നഷ്ടത്തിന്റെ കയത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കാര്‍ നിര്‍മാണച്ചെലവുകള്‍ കുറച്ചും വില്‍പന കുറഞ്ഞ മോഡലുകള്‍ നിര്‍ത്തലാക്കിയും തൊഴിലാളി യൂണിയനുകളുമായി നിരന്തരം ചര്‍ച്ച നടത്തി കാര്യങ്ങള്‍ നേടിയുമാണ് വീഡ്കിങ് കമ്പനിയുടെ ജീവന്‍ നിലനിര്‍ത്തിയത്. 2003 ആകുമ്പോഴേക്കും കമ്പനി ലാഭത്തിലായിത്തുടങ്ങി. അതോടെ ബിസിനസ് മാഗസിനുകളെല്ലാം വീഡ്കിങിന്റെ മാനേജ്‌മെന്റ് മികവിനെ വാഴ്ത്തിക്കൊണ്ട് കവര്‍സ്‌റ്റോറികളെഴുതാന്‍ മത്സരിച്ചു. 2008ല്‍ ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിയ എക്‌സിക്യുട്ടീവ് എന്ന ബഹുമതിയും വീഡ്കിങിനു ലഭിച്ചു. എട്ട് കോടി യൂറോ (5,759,300,375 രൂപ) യായിരുന്നു വീഡ്കിങിന്റെ വാര്‍ഷികശമ്പളം!!.

2009 മുതല്‍ക്കാണ് പോര്‍ഷെയുടെയും വീഡ്കിങിന്റെയും ചീത്തസമയം ആരംഭിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ കമ്പനി ഏറ്റെടുക്കാന്‍ പോര്‍ഷെ നടത്തിയ നീക്കങ്ങള്‍ കമ്പനിയുടെ സാമ്പത്തികഭദ്രത തകര്‍ത്തു. പണ്ടുമുതല്‍ക്കെ പോര്‍ഷെ കമ്പനിക്ക് ഫോക്‌സ്‌വാഗണില്‍ ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. ഫോക്‌സ്‌വാഗണെ പൂര്‍ണമായി ഏറ്റെടുക്കാന്‍ പോര്‍ഷെ നടത്തിയ നീക്കങ്ങളാണ് തിരിച്ചടിയായത്. ഫോക്‌സ്‌വാഗണെ വിഴുങ്ങാനുളള പോര്‍ഷെയുടെ തീരുമാനത്തിനെതിരെ യൂറോപ്യന്‍ യൂണിയനും തൊഴിലാളിസംഘടനകളും രംഗത്തുവന്നു.

ഫോക്‌സ്‌വാഗണ്‍ ഏറ്റെടുക്കാനായി വന്‍തുക വായ്പയെടുത്ത പോര്‍ഷെ കമ്പനി ആകട്ടെ പലിശ കുന്നുകൂടുന്നതു കണ്ട് നിസ്സഹായരായി നിന്നു. ഒടുവില്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപക്കമ്പനി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് വലിയൊരു ഭാഗം ഓഹരികള്‍ കൈമാറിയാണ് പോര്‍ഷെ ജീവന്‍ നിലനിര്‍ത്തിയത്. ഫോക്‌സ്‌വാഗണ്‍ ഏറ്റെടുക്കല്‍ നീക്കം താറുമാറായതോടെ സി.ഇ.ഒ. വീഡ്കിങിന്റെ നിലയും പരുങ്ങലിലായി. സി.ഇ.ഒ. സ്ഥാനം രാജിവെക്കണമെന്ന് പോര്‍ഷെ കമ്പനി ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കുകയേ അദ്ദേഹത്തിന് നിര്‍വാഹമുണ്ടായിരുന്നുളളൂ. രാജിവെക്കുന്നതിനു മുമ്പായി അഞ്ചുകോടി യൂറോ നഷ്ടപരിഹാരത്തുക കമ്പനിയില്‍ നിന്ന് വാങ്ങാന്‍ വീഡ്കിങ് മറന്നില്ല.പോര്‍ഷെയില്‍ നിന്ന് രാജിവച്ച പിറ്റേദിവസം തന്നെ വീഡ്കിങ് മറ്റേതെങ്കിലും വാഹനക്കമ്പനിയില്‍ ജോലിക്ക് കയറുമെന്നാണ് ഏവരും കരുതിയത്. പക്ഷേ അതുണ്ടായില്ല. 2009ല്‍ പോര്‍ഷെ വിട്ടതിനുശേഷമുള്ള മൂന്നുവര്‍ഷം വീഡ്കിങ് വീട്ടില്‍തന്നെയിരുന്നു. അതിനുശേഷം ഇപ്പോഴിതാ റസ്‌റ്റോറന്റുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലായി റസ്‌റ്റോറന്റുകളുടെ ശൃംഖല തീര്‍ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വീഡ്കിങ് പറയുന്നു. പിസ്സയും പാസ്തയുമൊക്കെ വില്‍ക്കുന്ന റസ്‌റ്റോറന്റുകളായിരിക്കുമിത്. 'നോ റിസ്‌ക്, നോ ഫണ്‍' എന്ന മുദ്രാവാക്യവുമായി ജീവിക്കുന്ന വീഡ്കിങിന്റെ ഹോട്ടല്‍വ്യവസായത്തിലേക്കുള്ള കടന്നുവരവ് ആകാംക്ഷാപൂര്‍വം ഏവരും ഉറ്റുനോക്കുകയാണ്.


Print
SocialTwist Tell-a-Friend
Other stories in this section