എസ്.യു.വിയുടെ ഭാവി ബെന്‍സിന്റെ കണ്ണില്‍
Posted on: 26 Nov 2012
ലോസ് ആഞ്ജലിസ്: മനംകവരുന്ന ആഡംബര കാറുകള്‍ രൂപകല്‍പ്പന ചെയ്യുന്ന കാലിഫോര്‍ണിയയിലെ മെഴ്‌സഡീസ് ബെന്‍സ് ഡിസൈന്‍ സ്റ്റുഡിയോവില്‍നിന്ന് പുറത്തിറങ്ങിയ പരുക്കന്‍ കണ്‍സപ്റ്റ് വാഹനമാണ് എനര്‍-ജി-ഫോഴ്‌സ്. ഭാവിയിലെ പോലീസ് വാഹനമെന്നോ, പരിസ്ഥിതി സൗഹൃദ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമെന്നോ, സമ്പൂര്‍ണ്ണ ഓഫ് റോഡറെന്നോ ഇതിനെ വിശേഷിപ്പിക്കാം. ഓട്ടോഷോയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ലോസ് ആഞ്ജലിസ് ഡിസൈന്‍ ചലഞ്ചിലാണ് മെഴ്‌സഡീസ് ബെന്‍സ് ഡിസൈനര്‍മാര്‍ ഈ വാഹനം അവതരിപ്പിച്ചത്.
മെഴ്‌സിഡീസ് ബെന്‍സിന്റെ മുക്കോണ്‍ നക്ഷത്രം (ട്രൈസ്റ്റാര്‍) പതിച്ച ഓഫ് റോഡ് വാഹനം മാത്രമല്ല എനര്‍-ജി-ഫോഴ്‌സ്. പരിസ്ഥിതി സൗഹൃദ വാഹന മെന്ന നിലയില്‍ വണ്ടിപുറത്തുവിടുന്നത് ശുദ്ധജലം മാത്രം. കാര്‍ബണ്‍ ഇല്ലേയില്ല. ഫ്യുവല്‍സെല്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം വെള്ളം ഹൈഡ്രജന്‍ ഇന്ധനമാക്കി മാറ്റിയാണ് ഓടുന്നത്. ടാങ്കില്‍ കൊള്ളുന്ന വെള്ളം ഉപയോഗിച്ച് 800 കിലോമീറ്റര്‍ ദൂരംവരെ സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. നാല് വൈദ്യുത മോട്ടോറുകളാണ് ഓരോ ചക്രത്തിനും കരുത്ത് പകരുന്നത്. വാഹനത്തിന് മുകളിലുള്ള സ്‌കാനര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ വിലയിരുത്തി വാഹനം എന്‍ജിനും സസ്‌പെന്‍ഷനും അടക്കമുള്ളവയുടെ പ്രവര്‍ത്തനം സ്വയം ക്രമീകരിക്കും. വാഹനത്തിന്റെ വശങ്ങളിലുള്ള മസിലുകള്‍ നിറയെ ബാറ്ററികളാണ്. ബാറ്ററിയുടെ ചാര്‍ജ്ജ് കുറയുന്നത് അനുസരിച്ച് സൈഡ് സ്‌കര്‍ട്ടുകളുടെ നിറം മാറും.
പേര് സൂചിപ്പിക്കുന്നതുപോലെ ജി ക്ലാസില്‍നിന്ന് കടംകൊണ്ടതാണ് എനര്‍ ജി ഫോഴ്‌സിന്റെ അടിസ്ഥാനരൂപം. സൈനിക ആവശ്യങ്ങള്‍ക്കും ഓഫ് റോഡ് ആവശ്യങ്ങള്‍ക്കും വേണ്ട സവിശേഷതകള്‍ സമാസമം ചേര്‍ത്താണ് എനര്‍ -ജി -ഫോഴ്‌സ വികസിപ്പിച്ചതെന്ന് മെഴ്‌സിഡീസ് ബെന്‍സ് അവകാശപ്പെടുന്നു. 2025 ലെ പോലീസ് വാഹനമെന്ന് വിശേഷിപ്പിക്കുന്ന എനര്‍-ജി-ഫോഴ്‌സ് എന്ന് നിരത്തിലിറങ്ങുമെന്ന് വ്യക്തമല്ല.