റിക്ഷയില്‍ ഇനി താമസവുമാകാം!
Posted on: 26 Nov 2012
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇത് തണുപ്പ് കാലം. കമ്പിളിവസ്ത്രങ്ങള്‍ അണിയാതെ പുറത്തിറങ്ങുക ദുഷ്‌കരം. എന്നാല്‍, ആയിരക്കണക്കിന് വരുന്ന ഡല്‍ഹിയിലെ സൈക്കിള്‍ റിക്ഷ തൊഴിലാളികള്‍ മാത്രം തണുപ്പിനെ അതിജീവിക്കാന്‍ അഭയകേന്ദ്രമില്ലാതെ സ്വന്തം റിക്ഷയില്‍ തന്നെ രാപകല്‍ തള്ളിനീക്കുന്നു. കൊടുംതണുപ്പില്‍ രാത്രിയിലെ നരകയാതന അവര്‍ക്ക് ജീവിതത്തിന്റെ ഭാഗമാകുന്നു.
റിക്ഷാക്കാരെ അവരുടെ ഈ ദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ഒരുസംഘം വിദ്യാര്‍ഥികള്‍. റിക്ഷയെ ഒരു പാര്‍പ്പിടം കൂടിയാക്കി മാറ്റാവുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് അവര്‍. സെന്റ് സ്റ്റീഫന്‍സ്, ഇന്ദ്രപ്രസ്ഥ എന്നീ കോളേജുകളിലെ വിദ്യാര്‍ഥികളാണ് ഇതിന് പിന്നില്‍.
'സുകുണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക തരം സൈക്കിള്‍ റിക്ഷയില്‍ സീറ്റ് ആറടി നീളമുള്ള കട്ടിലാക്കി മാറ്റാനുള്ള സംവിധാനവുമുണ്ട്. കൊതുകിന്റെ ആക്രമണം ചെറുക്കാന്‍ കൊതുകുവലയും, ഒരു സോളാര്‍ പാനലും, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള യൂണിറ്റും, രാത്രിയില്‍ ഉപയോഗിക്കാന്‍ വിളക്കും, റിഫ്ലാക്ടറുകളും, മുന്‍ഭാഗത്ത് ലൈറ്റും സീലിങ് ഫാനും എല്ലാം അടങ്ങുന്ന ഒരു മിനിവീട് തന്നെയാണ് റിക്ഷയില്‍ സജ്ജമാക്കിയിരിക്കുന്നത്. വില ഏകദേശം 16,000 രൂപ വരും.
കഴിഞ്ഞ മാസം ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് മൂന്നു ചക്രങ്ങളുള്ള ഈ ആധുനിക റിക്ഷ ഉദ്ഘാടനം ചെയ്തത്. വളരെ നല്ല ആശയമാണിതെന്നും, ഇതിന് ആവശ്യമായ പ്രചാരം നല്‍കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ.അമോദ് കുമാറിന്റെ കീഴിലാണ് വിദ്യാര്‍ഥികള്‍ പുതിയ റിക്ഷ രൂപകല്‍പന ചെയ്തത്. 'മെട്രോയുടെ യഥാര്‍ഥ ജുഗല്‍ബന്ദിയാണ് റിക്ഷകള്‍. ഏറ്റവും പരിസ്ഥിതി സൗഹൃദവാഹനവും റിക്ഷ തന്നെ. ഒരര്‍ഥത്തില്‍ പാവങ്ങളുടെ പാരച്യൂട്ട് തന്നെ'-അദ്ദേഹം പറയുന്നു.
ഡല്‍ഹി സര്‍വകലാശാലാ കാമ്പസിലൊരുങ്ങുന്ന പുതിയ റിക്ഷ വൈകാതെ നിരത്തിലെത്തും. റിക്ഷ തൊഴിലാളികളെ സംബന്ധിച്ച് ഏറെ പ്രതീക്ഷയും ആശ്വസവും നല്‍കുന്ന വാര്‍ത്തയാണ് സുകുണ്‍ നല്‍കുന്നത്.