ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഓഹരികള്‍ മഹീന്ദ്ര സ്വന്തമാക്കുമോ ?
Posted on: 15 Mar 2012
ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ 50 ശതമാനം ഓഹരികള്‍ ഇന്ത്യയിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വന്തമാക്കുമോ ?. മഹീന്ദ്രയുടെ നീക്കങ്ങള്‍ വിജയിച്ചാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റാ മോട്ടോഴ്‌സ് സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു പ്രമുഖ ബ്രിട്ടീഷ് വാഹന ബ്രാണ്ടിലെ ഭൂരിഭാഗം ഓഹരികളും ഇന്ത്യന്‍ സ്ഥാപനത്തിന് സ്വന്തമാകും. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തി നേടിയവയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍.
50 ശതമാനം ഓഹരികള്‍ വാങ്ങാന്‍ രണ്ട് സ്ഥാപനങ്ങള്‍ രംഗത്തുവന്നുവെന്ന വാര്‍ത്തകള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിഷേധിച്ചിട്ടുണ്ട്. ഓഹരി വില്‍ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നേയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. മഹീന്ദ്രയെക്കൂടാതെ ഇറ്റാലിയന്‍ നിക്ഷേപകരുടെ കൂട്ടായ്മയാണ് വാഹന ബ്രാണ്ട് സ്വന്തമാക്കാന്‍ രംഗത്തുള്ളത്. 250 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തി ഓഹരി സ്വന്തമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ മഹീന്ദ്രയാണ് നീക്കങ്ങളില്‍ ഒരുപടി മുന്നില്‍. വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തയ്യാറായിട്ടില്ല.
അമേരിക്കയിലെയും കുവൈത്തിലെയും നിക്ഷേപകരുടെ കൂട്ടായ്മയ്ക്ക് 2007 ലാണ് ആസ്റ്റണ്‍ മാര്‍ട്ടിനെ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് വിറ്റത്. 479 മില്യണ്‍ പൗണ്ടിനായിരുന്നു കൈമാറ്റം. പുതിയ ഉടമകള്‍ക്ക് ചൈനയില്‍ മികച്ച വില്‍പ്പന കൈവരിക്കാന്‍ കഴിഞ്ഞുവെങ്കിലും യു.കെയിലെയും അമേരിക്കയിലെയും വില്‍പ്പന വന്‍തോതില്‍ ഇടിഞ്ഞു. വാര്‍വിക്കിലെ ഗെയ്ഡണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ അടുത്തവര്‍ഷം നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്.
കൊറിയന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ സാങ്യോങ്ങിനെ അടുത്തിടെയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വന്തമാക്കിയത്. ഏറ്റെടുക്കലിനുശേഷം റെക്‌സ്റ്റണ്‍ എസ്.യു.വി മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. നേരത്തെ സ്വീഡിഷ് കാര്‍- ട്രക്ക് നിര്‍മ്മാതാക്കളായ സാബിനെയും സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടിയെയും ഏറ്റെടുക്കാന്‍ മഹീന്ദ്ര നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഡ്യുക്കാട്ടിയെ പിന്നീട് ഓഡി സ്വന്തമാക്കി.