TopGear1
സിറ്റി ഡ്രൈവിനായി ഓട്ടോമാറ്റിക് ബ്രിയോ
Posted on: 25 Nov 2012
ഹാനി മുസ്തഫ

അതിവേഗം വളരുന്ന നഗരങ്ങളും തിരക്കു പിടിച്ച ജീവിതശൈലിയും ഡ്രൈവിങ്ങില്‍ അശ്രദ്ധ വര്‍ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ സുരക്ഷയ്ക്കു മുന്‍ഗണന നല്‍കി ചെറു കാറുകളില്‍ വാഹന കമ്പനികള്‍ ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം ഏര്‍പ്പെടുത്തി തുടങ്ങി. ഈ നിരയിലേക്ക് അവസാനമായി എത്തിയതാണ് ഹോണ്ടയുടെ ബ്രിയോ ഓട്ടോമാറ്റിക്.

ജാപ്പനീസ് വാഹനക്കമ്പനികളില്‍ ഗുണമേന്‍മയില്‍ മുന്‍നിരയിലുള്ളതാണ് ഹോണ്ട. മെട്രോകളിലും വലിയ പട്ടണങ്ങളിലുമാണ് ഹോണ്ടയുടെ കൂടുതല്‍ കാറുകളും വിറ്റഴിയുന്നത്. നഗരമേഖലകളില്‍ വാഹനം തിരഞ്ഞെടുക്കുമ്പോള്‍ ഓട്ടോമാറ്റിക് ഗിയറിന് പ്രധാന പരിഗണന നല്‍കിത്തുടങ്ങിയിട്ടുണ്ട്.ഈ വിഭാഗത്തില്‍ നമുക്ക് ആകെ ലഭ്യമായിട്ടുണ്ടായിരുന്നത് മാരുതി എ-സ്റ്റാറും ഹ്യുണ്ടായ് ഐ-10ഉം ആണ്. ഈ മോഡലുകള്‍ക്ക് ആവശ്യം ഉയരുന്ന സാഹചര്യം മുതലെടുക്കാനാണ് ഹോണ്ട കരുക്കള്‍ നീക്കുന്നത്. വിപണിയിലുള്ള ചെറുകാറുകളില്‍ ഏറ്റവും ആകര്‍ഷണീയമായ ഡിസൈനര്‍ ഉള്ളത് ഹോണ്ട ബ്രിയോയ്ക്കാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ചെറുതാണെങ്കിലും വലുപ്പം തോന്നിക്കുന്നതും സ്‌പോര്‍ട്ടിയുമായുള്ള രൂപഘടനയാണ് ബ്രിയോയ്ക്ക് ഹോണ്ട നല്‍കിയിരിക്കുന്നത്. മുന്‍വശത്തെ വലിയ രണ്ട് ഹെഡ്‌ലൈറ്റും ചെറിയ ഗ്രില്ലും വലിയ എയര്‍വെന്റും ബമ്പറും കൂടിച്ചേരുമ്പോള്‍ ഈ വിഭാഗത്തിലെ മറ്റൊരു കാറിനും ഇല്ലാത്ത രൂപസൗന്ദര്യമാണ് ബ്രിയോയ്ക്ക് ലഭിക്കുന്നത്. ഇതിനുപുറമെ വശങ്ങളില്‍ നല്‍കിയിട്ടുള്ള പ്രോഗ്രസ്സീവ് ബോഡി ലൈനുകളും വൃത്തിയായി ഒരുക്കിയിരിക്കുന്ന റൂഫ്‌ലൈനും വലിയ ഗ്രീന്‍ഹൗസും ബ്രിയോക്ക് കൂടുതല്‍ വലുപ്പം തോന്നിപ്പിക്കുന്നു.

ഇന്ത്യയില്‍ ആഡംബര കാറിനുശേഷം ഏറ്റവും മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന ഇന്റീരിയര്‍ ആണ് ഹോണ്ട കാറുകളില്‍ കൊടുത്തുവന്നിട്ടുള്ളത്. ബ്രിയോയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്ക് ഹോണ്ട തയ്യാറായിട്ടില്ല. മികച്ച ഡാഷ് ബോര്‍ഡും എളുപ്പം വായിക്കാവുന്ന മീറ്ററുകളും ധൈര്യം നല്‍കുന്ന സ്റ്റിയറിങ് വീലും അടങ്ങുന്ന ഭാഗങ്ങളില്‍ ഒന്നും ഒരു മാറ്റവും വരുത്തിയിട്ടില്ല, ആകെയുള്ള മാറ്റം ഗിയര്‍ ലിവറിന്റെ ഭാഗത്ത് ഓട്ടോമാറ്റിക് ലിവറും പെടലിന്റെ ഭാഗത്ത് ക്ലച്ച് പെടല്‍ അപ്രത്യക്ഷമായതും മാത്രമാണ്.

ബ്രിയോയില്‍ ഏറ്റവും സുഖപ്രദമായി ഇരിക്കാവുന്നത് മുന്‍ സീറ്റ് ആണ്. പിന്‍ സീറ്റില്‍ അല്‍പം സ്ഥലക്കുറവുണ്ട്. എങ്കിലും അത്യാവശ്യം വലുപ്പമുള്ളവര്‍ക്കും ബുദ്ധിമുട്ട് കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നു. ഈ വിഭാഗത്തില്‍ എ-സ്റ്റാറിന് തുല്യമായ ബൂട്ട് സ്‌പേസ് മാത്രമാണ് ബ്രിയോയ്ക്കുള്ളത്.ഹോണ്ടയുടെ സാങ്കേതിക മികവുള്ള 1.2 ലിറ്റര്‍ 4 സിലിണ്ടര്‍, പെട്രോള്‍ എന്‍ജിന്‍ ആണ് ഓട്ടോമാറ്റിക് മോഡലില്‍ ഘടിപ്പിച്ചിട്ടുള്ളത്. 6000 ആര്‍.പിഎമ്മില്‍ 87 ബിഎച്ച്പി കരുത്തും, 4500 ആര്‍പിഎമ്മില്‍ 109 എന്‍എം ടോര്‍ഖും ആണ് ബ്രിയോ ഉല്‍പാദിപ്പിക്കുന്നത്. ഹോണ്ടയുടെ ഫൈവ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ആണ് പുതുതായി ഘടിപ്പിച്ചിട്ടുള്ളത്. ബ്രിയോയുടെ മറ്റ് രണ്ട് എതിരാളികള്‍ക്കും ഉള്ളത് 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ആണ്. തിരക്കേറിയ സമയത്ത് പലപ്പോഴും യഥാസമയം ഗിയര്‍ മാറ്റാന്‍ മറന്നുപോകാറുണ്ട്.

ട്രാഫിക് ബ്ലോക്കുകളില്‍ ഇഴഞ്ഞ് നീങ്ങുമ്പോള്‍ ഗിയര്‍ മാറ്റിക്കൊണ്ടിരിക്കുന്നത് ഇന്ധനക്ഷമതയെയും ബാധിക്കും. പ്രായം ചെന്നവര്‍ക്കും കാലിന് അസുഖങ്ങളുള്ളവര്‍ക്കും ഓട്ടോമാറ്റിക് കാറുകള്‍ സൗകര്യപ്രദമാണ്. സിറ്റി ട്രാഫിക്കില്‍ സുഖകരമായി എളുപ്പത്തില്‍ ഓടിക്കാവുന്ന രീതിയിലാണ് ബ്രിയോയുടെ രൂപകല്‍പന. എന്നാല്‍ പെട്ടെന്ന് വേഗം വര്‍ധിപ്പിക്കാനോ ഓവര്‍ടേക്ക് ചെയ്യാനോ തുടങ്ങുമ്പോള്‍ ചെറിയൊരു അലസത ഗിയര്‍ ബോക്‌സ് വരുത്തുന്നുണ്ട്. ഇത് മറികടക്കാന്‍ ബി3, ബി2 എന്നീ കുറഞ്ഞ ഗിയര്‍ റേഷ്യോവിലേക്ക് മാറ്റുമ്പോള്‍ സാധിക്കുന്നുണ്ട്.

ഒരു ലിറ്റര്‍ പെട്രോളിന് 16.5 കി.മീ ഇന്ധനക്ഷമതയാണ് എ.ആര്‍.എ.ഐയുടെ ടെസ്റ്റില്‍ ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത്തരം ഒരു മൈലേജും ഓട്ടോമാറ്റിക്കിന്റെ സുഖപ്രദമായ ഡ്രൈവും ഹോണ്ടയുടെ ഉയര്‍ന്ന ഗുണനിലവാരവും അടങ്ങിയ ഒരു ഉഗ്രന്‍ പാക്കേജ് ആയാണ് ബ്രിയോ അവതരിച്ചിരിക്കുന്നത്. 5.88 മുതല്‍ 6.14 ലക്ഷം രൂപ വരെയാണ് വില.


Print
SocialTwist Tell-a-Friend