ഫാറ്റ്‌ബോബ് ഇന്ത്യയില്‍
Posted on: 24 Nov 2012 ന്യൂഡല്‍ഹി: അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോബ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12.80 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ഹരിയാനയിലെ ഹാര്‍ലി പ്ലാന്റില്‍ അസംബിള്‍ ചെയ്ത ഫാറ്റ്‌ബോബ് ബൈക്കുകളാവും ഇന്ത്യയില്‍ ലഭിക്കുക.
1585 സി.സി എന്‍ജിനാണ് ഡൈന കുടുംബത്തില്‍പ്പെട്ട ഫാറ്റ് ബോബിന് കരുത്ത് പകരുന്നത്. ആറു സ്പീഡാണ് ട്രാന്‍സ്മിഷന്‍. 18.8 ലിറ്റര്‍ ഇന്ധനം നിറയ്ക്കാന്‍ ശേഷിയുള്ളതാണ് ടാങ്ക്. ഫാറ്റ്‌ബോബിന്റെ വരവോടെ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് വിറ്റഴിക്കുന്ന ഹാര്‍ലി ബൈക്കുകളുടെ എണ്ണം ആറായി. ഇറക്കുമതി ചെയ്യുന്ന വാഹന ഘടകങ്ങളുടെ ഫൈനല്‍ അസംബ്ലി മാത്രമാവും ഇന്ത്യയില്‍ നടക്കുക. ബൈക്കുകളുടെ നിര്‍മ്മാണ ചിലവും അതുവഴി വിലയും കുറയ്ക്കാനാണ് അവ ഇന്ത്യയില്‍ കൂട്ടിയിണക്കുന്നത്. അമേരിക്കയെ കൂടാതെ ഇന്ത്യയിലും ബ്രസീലിലും മാത്രമാണ് ഹാര്‍ലി ഡേവിഡ്‌സണ്‌ന് അസംബ്ലി പ്ലാന്റുള്ളത്.
ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം 2009 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഹാര്‍ലി ഡേവിഡ്‌സണിന്റെ 13 മോഡലുകള്‍ വിപണിയില്‍ ലഭിക്കും. ഇറക്കുമതി ചെയ്ത് വിറ്റഴിക്കുന്നവയും ഇന്ത്യയില്‍ത്തന്നെ കൂട്ടിയിണക്കുന്നവയും ഇവയില്‍പ്പെടും. രാജ്യത്തെ ഒന്‍പത് ഡീലര്‍ഷിപ്പുകള്‍വഴി 1000 ബൈക്കുകള്‍ ഹാര്‍ലി 2011 ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നു. ഈ വര്‍ഷം വില്‍പ്പന ഇരട്ടിയാക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. കൊച്ചിയിലും ഹാര്‍ലി ഡീലര്‍ഷിപ്പുണ്ട്.