മുഖം മിനുക്കിയ എക്‌സ് സിക്‌സ്
Posted on: 23 Nov 2012
ഫരീദാബാദ്: സ്‌പോര്‍ട്‌സ് ആക്ടിവിറ്റി കൂപെ എന്ന വിശേഷണമുള്ള എക്‌സ് സിക്‌സിന്റെ നവീകരിച്ച പതിപ്പ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂ ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ജിനും ഗിയര്‍ബോക്‌സും അടക്കമുള്ളവയില്‍ പുതുമകളുമായാണ് വാഹനം മുഖംമിനുക്കിയെത്തുന്നത്. 78.9 ലക്ഷം മുതല്‍ 93.4 ലക്ഷം വരെയാണ് പെട്രോള്‍ - ഡീസല്‍ വേരിയന്റുകളുടെ ഇന്ത്യയിലെ വില.
മുന്‍പ് എക്‌സ് സിക്‌സില്‍ ഉണ്ടായിരുന്ന എക്‌സ് ഡ്രൈവ് 30 ഡി എന്ന ഡീസല്‍ എന്‍ജിന് പകരം എക്‌സ് ഡ്രൈവ് 40 ഡി എന്ന എന്‍ജിന്‍ വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 50 ഐ എന്ന ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ മുഖംമിനുക്കിയ എക്‌സ് സിക്‌സിന്റെ പെട്രോള്‍ വേരിയന്റില്‍ തുടരും. 306 ബി.എച്ച്.പി പരമാവധി കരുത്തും 64.2 കെ.ജി.എം പരമാവധി ടോര്‍ക്കും പകരുന്നതാണ് പുതിയ ഡീസല്‍ എന്‍ജിന്‍. ആറര സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലെത്തും. മണിക്കൂറില്‍ 325 കിലോമീറ്ററാണ് പരമാവധി വേഗം. അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തിയ സിക്‌സ് സീരീസ് ഗ്രാന്‍ കൂപെ, 640 ഡി കൂപെ, കണ്‍വെര്‍ട്ടബിള്‍, സെവന്‍ സീരീസ് എന്നിവയ്ക്ക് കരുത്ത് പകരുന്നത് ഈ എന്‍ജിനാണ്.
ആറുസ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് പകരം എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പുതിയ എക്‌സ് സിക്‌സില്‍. ഇന്ധനക്ഷമതയും കുതിപ്പും വര്‍ധിപ്പിക്കാനാണ് ഗിയര്‍ബോക്‌സില്‍ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. പുറംകാഴ്ചയില്‍ ബമ്പര്‍, ഫോഗ് ലാമ്പുകള്‍, അലോയ് വീലുകള്‍, ക്രോം ഗ്രില്‍, എല്‍.ഇ.ഡി ഹെഡ് ലാമ്പുകള്‍ (ഓപ്ഷണല്‍), ടെയ്‌ലാമ്പുകള്‍ എന്നിവയൊക്കെയാണ് പുതുമകള്‍. നാല് പുതിയ നിറങ്ങളും എക്‌സ് സിക്‌സിന് ബി.എം.ഡബ്ല്യൂ നല്‍കിയിട്ടുണ്ട്. ബെയ്ജ്, ബ്ലാക്ക്, ഓയ്സ്റ്റര്‍, ബ്ലാക്ക്, സാഡില്‍ ബ്രൗണ്‍, ബ്ലാക്ക്, വെര്‍മിലിയോണ്‍ റെഡ്, ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍.