വിലക്കുറവിന്റെ ഉത്സവകാലം
Posted on: 17 Nov 2012 സന്ദീപ് സുധാകര്‍
ദീപാവലിയോടെ തുടങ്ങിയ ഉത്സവകാല വില്‍പ്പന ഉയര്‍ത്താനായി പ്രമുഖ കാര്‍ കമ്പനികള്‍ വന്‍ ഡിസ്‌കൗണ്ടുകളുമായി രംഗത്ത്. ഇതോടനുബന്ധിച്ച് ബി.എം.ഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ള ത്രി സീരീസ് കാറുകള്‍ക്ക് നവംബര്‍ 13 വരെ നല്‍കുന്ന കിഴിവ് ഒരു ലക്ഷം രൂപയാണ്. 520 ഡി, 525 ഡി മോഡലുകള്‍ക്ക് കിഴിവ് മൂന്നു ലക്ഷം രൂപയും 730 ഡി ക്കിത് അഞ്ചു ലക്ഷം രൂപയുമാണ്. എക്‌സ് ത്രി മോഡലിന് 75, 000 രൂപയും കോര്‍പ്പറേറ്റ് പതിപ്പുകളായ എക്‌സ് ഫൈവ്, എക്‌സ് വണ്‍ മോഡലുകള്‍ക്ക് രണ്ടു ലക്ഷം രൂപയ്ക്കും നാലു ലക്ഷം രൂപയ്ക്കുമിടയിലുമാണ് വിലക്കുറവ്.
ബി.എം.ഡബ്ല്യുവിനെ വെല്ലാന്‍ മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് പെട്രോള്‍ മോഡലുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയാണ് വിലകുറച്ചിരിക്കുന്നത്. ഇതോടൊപ്പം 1.5 ലക്ഷം രൂപ മതിപ്പുള്ള പെട്രോ കാര്‍ഡുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇ 220 സി.ഡി.ഐ മോഡലുകള്‍ക്ക് നല്‍കുന്ന ഡിസ്‌കൗണ്ട് 3.5 ലക്ഷം രൂപയാണ്. ഇ 250 ഡീസല്‍ പതിപ്പിന് രണ്ടു ലക്ഷത്തോളം രൂപയും കിഴിവ് നല്‍കുന്നുണ്ട്. എത്ര കാറുകള്‍ വില്‍ക്കുന്നുവെന്നത് കമ്പനിയെ സംബന്ധിച്ച് അത്ര പ്രധാനമല്ലെന്ന് മെഴ്‌സിഡസ് പല തവണ വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ നല്‍കിയിരിക്കുന്ന വിലക്കുറവ് ബി.എം.ഡബ്ല്യുവിനെയും ഓഡിയെയുംവെല്ലാനാണെന്ന കാര്യത്തില്‍ സംശയമില്ല.
ജനറല്‍ മോട്ടോഴ്‌സിന്റെ ബ്രാന്‍ഡായ ഷെവര്‍ലെ സ്പാര്‍ക്ക്, ക്രൂസ്, ടവേര മോഡലുകള്‍ക്ക് നല്‍കുന്ന കിഴിവ് 20, 000 രൂപ മുതല്‍ 45, 000 രൂപ വരെയാണ്. വിദേശ ബ്രാന്‍ഡുകള്‍ വില കുറച്ച് മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാണക്കമ്പനിയും ആഡംബര ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഉടമസ്ഥരുമായ ടാറ്റയും വെറുതെയിരിക്കുന്നില്ല. ഇന്‍ഡിക്ക വിസ്റ്റ പെട്രോള്‍ മോഡലുകള്‍ക്ക് ഇന്ത്യയില്‍ ഒരു ലക്ഷം രൂപയുടെ ഓഫറുകളാണ് ടാറ്റ നല്‍കുന്നത്. ഡീസല്‍ മോഡലുകള്‍ക്ക് 55, 000 രൂപയും. വിലക്കുറവിന്റെ കാര്യത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ചെറുകാര്‍ മോഡലായ നാനോയ്ക്ക് നല്‍കുന്നതാകട്ടെ 25,000രൂപ മുതല്‍ 40,000 രൂപ വരെ കിഴിവാണ്.
മാന്‍സ പെട്രോള്‍ മോഡലിന് 1.3 ലക്ഷം രൂപയുടെ കിഴിവും ഡീസല്‍ മോഡലിന് 70, 000 രൂപയുടെ കിഴിവും നല്‍കുന്നു. ആരിയ എത്തുന്നത് ഒരു ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ടോടെയാണ്. സുമോ ഗോള്‍ഡിന്റെ ഡൗണ്‍പേമെന്റ് തുക 45, 000 രൂപയായും കുറച്ചിട്ടുണ്ട്. ഇതോടൊപ്പം 70, 000 രൂപയുടെ ഓഫറും നല്‍കുന്നു. സഫാരി ഡൈക്കോറിന്റെയും വെന്‍ച്വറിന്റെയും ഡൗണ്‍പേമെന്റ് തുക കുറച്ചിട്ടുണ്ട്. സഫാരി ഡൈക്കോറിന് ഉത്സവകാലത്ത് 99, 000 രൂപയും വെന്‍ച്വറിന് 45, 000 രൂപയും ഡൗണ്‍പേമെന്റ് നല്‍കിയാല്‍ മതിയാവും. കാര്‍ മാറ്റി വാങ്ങുന്നവര്‍ക്ക് 50, 000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ടാറ്റ നല്‍കുന്നുണ്ട്.
പോളോയുടെയും ജെറ്റയുടെയും പെട്രോള്‍ മോഡലിന് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സാണ് ഫോക്‌സ് വാഗണ്‍ നല്‍കുന്നത്. 17 വരെയാണ് ഫോക്‌സ് വാഗണിന്റെ ഉത്സവകാല ഓഫര്‍. ഫോര്‍ഡും കണഞ്ചിപ്പിക്കുന്ന ഓഫറുകളുമായാണ് വിപണിയിലെത്തിയിരിക്കുന്നത്. ഫിഗോ പെട്രോള്‍ ഇസഡ് എക്‌സ് ഐ, ടൈറ്റാനിയം മോഡലുകള്‍ക്ക് 8000 രൂപ വില വരുന്ന അസസറികള്‍ സൗജന്യമായി ലഭിക്കും. ക്ലാസിക്ക് പെട്രോള്‍ മോഡലുകള്‍ക്ക് 5000 രൂപ മുതല്‍ 12, 000 രൂപ വരെ ഡിസ്‌ക്കൗണ്ടും കമ്പനി നല്‍കുന്നുണ്ട്. ഡീസല്‍ മോഡലുകള്‍ക്ക് 5000 രൂപ മുതല്‍ 15000 രൂപ വരെയും. ഫിയസ്റ്റ പെട്രോള്‍ ടൈറ്റാനിയം എത്തുന്നത് 34, 000 രൂപയുടെ ഡിസ്‌കൗണ്ടോടെയാണ്.
ചെറുകാര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ മാരുതി ഓഫര്‍ നല്‍കുന്ന കാര്യത്തിലും പിന്നിലല്ല. കമ്പനിയുടെ ഏറ്റവും വില്‍പനയുള്ള മോഡലായഓള്‍ട്ടോയുടെ കെ ടെന്‍ മോഡലിന് 24, 000 രൂപ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. എസ്എക്‌സ്‌ഫോര്‍ പെട്രോള്‍ മോഡലിന് 30, 000 രൂപയുടെ കിഴിവും നല്‍കുന്നു. റിറ്റ്‌സ് പെട്രോള്‍ മോഡല്‍ എത്തുന്നത് 15,000 രൂപയുടെ ഡിസ്‌കൗണ്ടോടെയാണ്. എസ്റ്റാര്‍ ഓട്ടോമാറ്റിക്ക് മാന്വല്‍ വേരിയന്റുകള്‍ക്ക് 30, 000 രൂപയുടെ കിഴിവും നല്‍കുന്നു. 35, 000 രൂപയുടെ വിലക്കുറവോടെയാണ് എസ്റ്റിലോ ഉത്സവകാല വിപണിയില്‍ മത്സരിക്കുന്നത്. വാഗണ്‍ ആറിന് 30,000 രൂപയുടെ കിഴിവും നല്‍കുന്നു.
മാരുതിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് തങ്ങളുടെ ജനപ്രിയ ഐ ട്വന്റി മോഡലുകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും നല്‍കുന്നു. ഐടെന്‍ മോഡലുകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും 12,000 രൂപയുടെ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. വെര്‍ണയുടെ പെട്രോള്‍ മോഡലിന് 25,000 രൂപയുടെ ബോണസും സാന്‍ട്രോ സിങ് മോഡലിന് സൗജന്യ ഇന്‍ഷുറന്‍സിനൊപ്പം 9,000 രൂപയുടെ ഡിസ്‌കൗണ്ടും അവതരിപ്പിരിക്കുന്നു.
ചെറുകാര്‍ വിപണിയില്‍ മൈക്ര മോഡലുകളിറക്കി തംരംഗം സൃഷ്ടിച്ച നിസ്സാനും ഡിസ്‌കൗണ്ട് യുദ്ധത്തില്‍ പങ്കുചേരുന്നുണ്ട്. മിക്ക മോഡലുകള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സും എക്‌സ്‌ചേഞ്ച് ബോണസും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൈക്ര പെട്രോള്‍ മോഡലിനും ഡീസല്‍ മോഡലിനും സൗജന്യ ഇന്‍ഷുറന്‍സിനൊപ്പം 50000 രൂപയുടെയും 20000 രൂപയുടെയും എക്‌സ്‌ചേഞ്ച് ബോണസും കമ്പനി നല്‍കുന്നു. സണ്ണിയുടെ പെട്രോള്‍ മോഡലിന് 50, 000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഡീസല്‍ മോഡലിന് 25, 000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി നല്‍കുന്നു. അതോടൊപ്പം സണ്ണിയുടെ ഡീസല്‍ മോഡലിന് 7, 000 രൂപയുടെ ഡിസ്‌കൗണ്ടും നല്‍കുന്നു. മഹീന്ദ്ര സൈലോയുടെ ഡി വേരിയന്റുകള്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ 50 ശതമാനം കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ചില ഓഫറുകള്‍ ഇതിനോടകം പല കമ്പനികളും പിന്‍വലിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.