TopGear1
കുമരകത്തേക്ക് ഒരു റാപ്പിഡ് ട്രിപ്പ്‌
Posted on: 17 Nov 2012
സന്ദീപ് സുധാകര്‍ഒരോ യാത്രയും നല്‍കുന്ന ഓര്‍മകളാണ് ഒരു സഞ്ചാരിയ്ക്ക് അടുത്ത യാത്രയ്ക്കുള്ള പ്രചോദനം. അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ നിന്ന് കായലുകളുടെ നാടായ കുമരകത്തേയ്ക്കുള്ള യാത്രയും അത്തരത്തിലുള്ള ഒന്നായിരുന്നു. അതിന് ഏറ്റവും നന്ദി പറയേണ്ടത് പ്രമുഖ കാര്‍ ബ്രാന്‍ഡായി സ്‌ക്കോഡയോടാണ്. പത്രപ്രവര്‍ത്തകരായ സുഹൃത്തുക്കളുമൊത്ത് സ്‌ക്കോഡ കാറുകള്‍ തൊട്ടറിയാന്‍ കിട്ടിയ അപൂര്‍വ്വ അവസരമായിരുന്നു സ്‌ക്കോഡ ഒരുക്കിയ ഈ വണ്‍ ഡേ ഡ്രൈവ്.

ഫാബിയ, ലോറ, റാപ്പിഡ്, യതി, സൂപ്പര്‍ബെര്‍ബ് എന്നീ മോഡലുകളുടെ നീണ്ട നിര ഞങ്ങളെകാത്ത് എറണാകുളത്തെ ഷോറുമിനു മുന്നില്‍ യാത്രയ്ക്ക് സജ്ജമായി നിന്നിരുന്നു. യാത്രയ്ക്ക് മുമ്പ് യാത്രയുടെ സ്വഭാവത്തെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമെല്ലാം സ്‌ക്കോഡയുടെ കമ്യുണിക്കേഷന്‍സ് വിഭാഗത്തിന്റെ ചുമതലയുള്ള ഡെന്‍വര്‍ ഫൊന്‍സെക്ക വിശദീകരിച്ചു നിന്നു. കാറുകള്‍ വളരെ സുരക്ഷിതമായി മാത്രം ഓടിക്കണമെന്ന് പറയുമ്പോള്‍ എറണാകുളത്ത് നിന്നും കുമരകം വരെയുള്ള തിരക്കേറിയ റോഡാണ് മനസ്സിലെത്തിയത്. ഈ തിരക്കിലൂടെ എന്ത് റൈഡിങ് എക്‌സ്പീരിയന്‍സ് ലഭിക്കാനാണ് എന്ന സംശയം കാന്‍ഡി വൈറ്റ് റാപ്പിഡിലെത്തിയപ്പോള്‍ വഴി മാറി.

സ്‌ക്കോഡ സാധാരണക്കാര്‍ക്കൊരുക്കിയ മോഡലാണ് ഫാബിയയെങ്കില്‍ വിലയുടെ കാര്യത്തില്‍ ഏറ്റവും അടുത്തു നില്‍ക്കുന്ന മറ്റൊരു മോഡലാണ് റാപ്പിഡ്. റാപ്പിഡില്‍ യാത്രയ്ക്ക് ഒപ്പം ചേര്‍ന്നത് ഇന്ത്യന്‍ എക്‌സ്പ്രസിലെയും ചന്ദ്രികയിലെയും സുഹൃത്തുക്കളായിരുന്നു. കൂടെ സ്‌ക്കോഡയുടെ തന്നെ ട്രെയിന്‍ഡ് ഡ്രൈവറായ ഡയസും. ഒരു സ്‌ക്കോഡ കാര്‍ എങ്ങനെ ഓടിക്കണമെന്ന് ഡയസ് തിരക്കേറിയ വൈറ്റില ജംഗ്ഷനിലെത്തും മുമ്പ് തന്നെ മനസ്സിലാക്കി തന്നു.തിരക്കിലൂടെയുള്ള യാത്ര വളരെ വേഗത്തിലും അതേസമയം സുരക്ഷിതവുമായിരുന്നു. ഡയസിന്റെ ഗിയര്‍ ഷിഫ്റ്റിങ് റേസിങ് കാറിലെ ഡ്രൈവര്‍മാരുടേത് പോലെ വളരെ ചടുലമായിരുന്നു. ഒരു ടെക്്‌നിക്കല്‍ ഡ്രൈവറെന്നതിലുപരി കാര്‍ വിപണിയെക്കുറിച്ച് ഡസിന് നല്ല ധാരണയുണ്ട്. കാര്‍ വാടകയ്ക്ക് കൊടുക്കുന്ന ബിസനസിനെക്കുറിച്ചും ഡസയിന് നന്നായി അറിയാം. ആഢംബര കാറുകള്‍ വരെ വാടകയ്ക്ക് ലഭിക്കുന്ന ഇക്കാലത്ത് എങ്ങനെയാണ് ഈ ബിസിനസ് നടക്കുന്നതെന്ന് പല തവണ ആലോചിച്ചിട്ടുണ്ട്. ആഢംബര കാറുകള്‍ ഒന്ന് തട്ടുകയോ മുട്ടുകയോ ചെയ്താല്‍ തന്നെ മെയിന്റന്‍സിനായി വലിയൊരു തുക ചെലവാവുമെന്നതിനാല്‍ തന്നെയാണിത്. കാറുകള്‍ വാടകയ്ക്ക് കൊടുക്കുമ്പോഴുള്ള റിസ്‌ക്കും മെയ്ന്റനന്‍സ് ചെലവുകളും ലാഭവുമൊക്കെ ഡയസ് വിശദീകരിച്ചു തന്നു.

അതിഥികളെ എങ്ങനെ ലക്ഷ്യസ്ഥാനത്തെത്തിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും ഡയസിനെ മാതൃകയാക്കാം. യാത്ര ഒട്ടും ബോറടിപ്പിക്കാതെ ഹൃദ്യമായി സംസാരിച്ചു കൊണ്ടു തന്നെയായിരുന്നു വളരെ ശ്രദ്ധയോടെയുള്ള ഡയസിന്റെ ഡ്രൈവിങ്. ഇടയ്ക്ക് ഡ്രൈവിങ് സീറ്റിലേക്ക് മാറിയപ്പോള്‍ വളരെ ശ്രദ്ധിച്ച് പതുക്കെ മാത്രം ഓടിച്ചാല്‍ മതിയെന്ന മുന്നറിയിപ്പും തന്നു. നൂറ് കിലോമീറ്ററിന് മുകളില്‍ കുതിക്കുമ്പോഴും സ്റ്റബിലിറ്റിയുടെ കാര്യത്തില്‍ റാപ്പിഡിന് ഒരു കുലുക്കവുമില്ല. എയറോഡൈനാമിക്ക് ആയ ഡിസൈനിന് നന്ദി പറയാം.

എത് കാറോടിക്കുമ്പോഴും അദ്യ പത്ത് കിലോമീറ്ററുകള്‍ കാറിനെ മെരുക്കാന്‍ എടുക്കുന്ന ദൂരമാണ്. അധികം വൈകാതെ തന്നെ റാപ്പിഡ് പൂര്‍ണ നിയന്ത്രണത്തിലായി. ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള റാപിഡില്‍ ഒട്ടുമിക്ക സൗകര്യങ്ങളും സ്‌ക്കോഡ ഒരുക്കിയിട്ടുണ്ട്. 1.6 എം.പി.ഐ/77 കെ.ഡബ്ല്യൂ എന്‍ജിനാണ് റാപ്പിഡിന് ശക്തി പകരുന്നത്. 5250 ആര്‍.പി.എമ്മില്‍ 105 പി.എസ് പവര്‍ നല്‍കാന്‍ പര്യാപ്തമാണ് ഈ എന്‍ജിന്‍. ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനോട് കൂടിയ റാപ്പിഡും വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് കിട്ടിയത് മാന്വല്‍ ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയ മോഡലാണ്. ഇന്‍സ്്ട്രമെന്റ് ക്ലസ്റ്ററും നിലവാരം പുലര്‍ത്തുന്നു.

ആവശ്യത്തിന് സ്ഥലമുള്ള വിശാലമായ ഗ്ലൗവ് ബോക്‌സും സുഖപ്രധമായ യാത്ര വാഗ്ദാനം ചെയ്യുന്ന സീറ്റുകളുമാണ് ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഏറെ ആകര്‍ഷിക്കുന്നവ. എ.ബി.എസ്, മള്‍ട്ടിഫങ്ങ്ഷണല്‍ ഡിസ്‌പ്ലെ, സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്നതിനായുള്ള എര്‍ഗോ ലിവര്‍ സൗകര്യപ്രധമായി ഒരുക്കിയിട്ടുള്ള ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നിവയെല്ലാം ്അകത്തെ ആകര്‍ഷണങ്ങളാണ്. ഇലക്ട്രോണിക്ക് മിററുകളും അഡ്ജസ്റ്റബിള്‍ സ്റ്റിയറിങ്ങുമെല്ലാം ഉന്നത നിലവാരത്തിലുള്ളത് തന്നെ.കുമരകമെത്തിയതോടെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ശ്രദ്ധ പുറം കാഴ്ച്ചകളിലേക്ക് നീങ്ങി. വെമ്പനാട് കായല്‍പ്പരപ്പില്‍ ഒഴുകി നീങ്ങുന്ന ഹൗസ്‌ബോട്ടുകളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഒരുക്കിയിരിക്കുന്ന കടകളും കുമരകം എത്താനായതിന്റെ സൂചനകള്‍ നല്‍കി. കുമരകത്ത് എത്തിയതോടെ പിന്നി സൂറി റിസോര്‍ട്ട് എവിടെയാണെന്ന് അന്വേഷിച്ചു. ഇതൊരു വിനോദ യാത്രയല്ലെന്നും തരിച്ച് ഒഫീസിലെത്തി ജോലി തുടരേണ്ടതുണ്ടെന്നതിനാലും ഏവരും റിസോര്‍ട്ടിലേക്കുള്ള റോഡ് തിരക്കിട്ട് തിരഞ്ഞു. കുമരകത്തെ സൂറി റിസോര്‍ട്ടിലാണ് യാത്ര അവസാനിച്ചപ്പോള്‍ മുമ്പില്‍ മറ്റൊരു വിസ്മയ ലോകം. റിസോര്‍ട്ടിലെ പരിപാടികളൊക്കെ തിടുക്കത്തില്‍ അവസാനിപ്പിച്ച് തിരിച്ചു യാത്ര ചെയ്യുമ്പോള്‍ കാഴ്ച്ചകള്‍ കാണാന്‍ മാത്രമായി മറ്റൊരു ദിവസം ഇവിടെയെത്തണമെന്ന് ഉറപ്പിച്ചു.
Print
SocialTwist Tell-a-Friend
Other stories in this section