ലോസ് ആഞ്ജലിസ്: മുഖംമിനുക്കിയ പുതിയ സിവിക് ഹോണ്ട ലോസ് ആഞ്ജലിസ് ഓട്ടോഷോയില്‍ അവതരിപ്പിക്കും. ചിത്രങ്ങള്‍ ഹോണ്ട ഔദ്യോഗികമായി പുറത്തുവിട്ടു. ഹോണ്ടയുടെ അക്കോര്‍ഡിനോടും സിറ്റിയോടും സാദൃശ്യമുള്ള മുഖംമിനുക്കിയ സിവിക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വൈകാതെയെത്തും. ഒന്‍പതാം തലമുറയില്‍പ്പെട്ട സിവിക്കാണ് ഇത്. സുരക്ഷയ്ക്കും സുഖ സൗകര്യങ്ങള്‍ക്കും പ്രാധ്യാന്യം നല്‍കിയാണ് സിവിക് നവീകരിച്ചതെന്ന് ഹോണ്ട അവകാശപ്പെടുന്നു. ഷാസിയിലും പരിഷ്‌കരണം വരുത്തിയിട്ടുണ്ട്.
എന്‍ജിനിലും കരുത്തിലുമൊക്കെ മാറ്റങ്ങളുണ്ടോയെന്ന് ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. യുവാക്കളെ മുന്നില്‍ക്കണ്ടാണ് വാഹനത്തിന്റെ മുഖം മിനുക്കിയതെന്ന് എല്ലാ നിര്‍മ്മാതാക്കളും പറയുംപോലെ ഹോണ്ടയും അവകാശപ്പെടുന്നു. ബമ്പര്‍, ഗ്രില്‍, ഫോഗ് ലൈറ്റുകള്‍ എന്നിവയിലെല്ലാം പുതുമകളുണ്ട്. കോര്‍ണര്‍ ലൈറ്റുകള്‍ക്ക് ക്ലിയര്‍ ലെന്‍സുകള്‍ നല്‍കിയത് ഭംഗി വര്‍ധിപ്പിച്ചിട്ടുണ്ട്. പിന്നില്‍ വലിയ ക്രോം ലൈനും കരുത്ത് തോന്നിപ്പിക്കുന്ന വരകളും പുതുതായി വന്നിട്ടുണ്ട്. ടെയില്‍ ലാമ്പ് ബൂട്ട് ലിഡ്ഡിലേക്ക് നീട്ടി. പിന്‍ ബമ്പറില്‍ റിഫ്ലാക്ടറുകളും നല്‍കിയിട്ടുണ്ട്.