സിക്‌സ് സീരീസ് ഗ്രാന്‍ കൂപെ
Posted on: 09 Nov 2012
മുംബൈ: ബി.എം.ഡബ്ല്യൂ സിക്‌സ് സീരീസ് ഗ്രാന്‍ കൂപെ മുംബൈയില്‍ പുറത്തിറക്കി. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂ ചരിത്രത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന നാലുഡോര്‍ കൂപെയാണ് ഇത്. രാജ്യത്തെ ബി.എം.ഡബ്ല്യൂ ഷോറൂമുകളില്‍നിന്ന് നവംബര്‍ മുതല്‍ വാഹനം ലഭിച്ചു തുടങ്ങും. 86,40,000 രൂപയാണ് ഡീസല്‍ കാറിന്റെ എക്‌സ് ഷോറൂം വില.
ബി.എം.ഡബ്ല്യൂവിന്റെ ട്വിന്‍ പവര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. 5.4 സെക്കന്‍ഡുകള്‍കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്തും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ് മിഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, മാനുവല്‍ ഗിയര്‍മാറ്റം സാധ്യമാക്കുന്ന ഷിഫ്റ്റ് പെഡലുകള്‍, സ്‌പോര്‍ട്‌സ് ലെതര്‍ സ്റ്റിയറിങ് തുടങ്ങിയവയാണ് കാറിന്റെ മറ്റ് സവിശേഷതകള്‍.
ആവശ്യാനുസരണം നാല് ഡ്രൈവിങ് മോഡുകള്‍ ഡ്രൈവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇക്കോ പ്രോ, കംഫര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിവയാണ് ഡ്രൈവിങ് മോഡുകള്‍. ഓരോ മോഡിലും കാറിന്റെ കരുത്തും കുതിപ്പുമെല്ലാം വ്യത്യാസം വരും. റോഡിന്റെ നിലവാരം അനുസരിച്ച് ക്രമീകരിക്കാവുന്നവയാണ് ഷോക്ക് അബ്‌സോര്‍ബറുകള്‍.
ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മൂന്ന് പാക്കേജുകള്‍ തിരഞ്ഞെടുക്കാം. എം സ്‌പോര്‍ട്, ലക്ഷ്വറി, എഫിഷ്യന്റ് ഡൈനാമിക്‌സ് എന്നിവയാണ് പാക്കേജുകള്‍. കാറിന്റെ സവിശേഷതകള്‍ ഓരോ പാക്കേജിലും വ്യത്യസ്തമായിരിക്കും. ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ മഹേഷ് മല്‍ഹോത്ര രൂപകല്‍പ്പനചെയ്ത വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫാഷന്‍ഷോയും സിക്‌സ് സീരീസ് ഗ്രാന്‍ കൂപെ പുറത്തിറക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.