TopGear1
മികവോടെ ഹോണ്ട സിബിആര്‍ 150 ആര്‍
Posted on: 08 Nov 2012
ഹാനി മുസ്തഫപുത്തന്‍ സാങ്കേതികവിദ്യയും രൂപകല്പനയും ചെലവേറിയത്. അതുകൊണ്ടുതന്നെ ഉയര്‍ന്ന മോഡലുകളിലാണ് ഇവ ആദ്യം അവതരിപ്പിക്കാറ്. സാധാരണക്കാരന്റെ കൈകളിലേക്ക് ഇവ എത്തിക്കുന്നതാണ് നിര്‍മാതാവിന്റെ വിജയം.
ഈ തത്വം നടപ്പാക്കിയ ഒരു കമ്പനിയാണ് ഹോണ്ട. അതുകൊണ്ട്തന്നെയാണ് ഹോണ്ട ഇന്ന് ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായി നിലനില്‍ക്കുന്നതും. ലോകത്തെ ആദ്യ ഓട്ടോമാറ്റിക് സൂപ്പര്‍ ബൈക്ക് വിഎഫ്ആര്‍ 1200 ആര്‍ പുറത്തിറക്കി. വ്യത്യസ്തമായ രൂപകല്പനയായിരുന്നു ഹോണ്ട അവതരിപ്പിച്ചത്. ഇതിന്റെ വിജയം കണക്കിലെടുത്ത് ഈ രൂപകല്പന ഹോണ്ട ചെറിയ മോഡലിലേക്ക് കൊണ്ടുവന്നു. സിബിആര്‍ 250ന്റെ ആകര്‍ഷണവും അതായിരുന്നു. അതിവേഗം കുതിക്കുന്ന 150 സിസി വിഭാഗത്തിലേക്ക് ശക്തമായ യൂണിക്കോണിനൊപ്പം മറ്റൊന്നുകൂടി അവതരിപ്പിക്കാന്‍ ഹോണ്ടയെ പ്രേരിപ്പിച്ചതിന്റെ ഹോണ്ട പിന്‍ബലവും ഈ രൂപകല്പനയായിരുന്നു.

വിഎഫ്ആറിന്റെ മുഖ്യ ആകര്‍ഷണമായ മുന്‍വശമാണ് സിബിആര്‍ 150ലുള്ളത്. ചെറുതായിക്കൊണ്ടിരിക്കുന്ന ബൈക്ക് ഹെഡ്‌ലാമ്പിന് വിപരീതമായി വലിയ ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലൈറ്റാണ് സിബിആര്‍ 150നുള്ളത്. രാത്രിയാത്രയ്ക്ക് ഈ ലൈറ്റ് കൂടുതല്‍ ഉപകാരപ്രദമാകുമെന്നാണ് ഹോണ്ടയുടെ ഭാഷ്യം. വിഎഫ്ആറിലും സിബിആര്‍ 250 ആര്‍-ലും കണ്ടുവന്നിട്ടുള്ള രൂപത്തില്‍ത്തന്നെയാണ് സിബിആര്‍ 150 ആര്‍-ലും ഫെയറിങ്‌സ് വന്നിട്ടുള്ളത്. എന്നാല്‍ പിന്‍വശമെത്തുമ്പോഴാണ് തന്റെ മുതിര്‍ന്ന സഹോദരങ്ങളില്‍ വ്യത്യസ്തത കാണുന്നത്.

സിബിആര്‍ 150 ആര്‍ ന്റെ പിന്‍വശം താരതമ്യേന മെലിഞ്ഞതാണ്. പിന്നിലെ ടയറും വീതികുറഞ്ഞതാണ്. എങ്കിലും ടെയില്‍ലാമ്പില്‍ വിഎഫ്ആറിന്റെയും സിബിആര്‍ 250 ന്റെയും സാദൃശ്യം വ്യക്തമാകുന്നുണ്ട്. സിബിആര്‍ 150 ആര്‍ ന്റെ സൈഡ് മിററിന് വലിയ സ്‌പോര്‍ട്ട് ബൈക്കുകളില്‍ കാണുന്ന രൂപമാണുള്ളത്. പെട്രോള്‍ ടാങ്കും സിബിആര്‍ കുടുംബത്തിന്റെ രൂപസാദൃശ്യം തെളിയിക്കുന്നു.
ഹോണ്ടയുടെ മോട്ടോ ജിപി വിജയിച്ച റെസ്‌പോള്‍ ടീമിന്റെ നിറമാണ്. ഈ നിറം ബൈക്ക്‌പ്രേമികള്‍ക്ക് ഏറെ ഹരമാകുമെന്നാണ് ഹോണ്ട കരുതുന്നത്.

ഹോണ്ടയുടെ ഈ കൊച്ചു സ്‌പോര്‍ട്ട്‌സ് ബൈക്കിന്റെ സീറ്റുകളും ഇതിന്റെ ഉയര്‍ന്ന മോഡലിലുള്ളത്‌പോലെതന്നെയാണ്. ഹോണ്ടയുടെ പുതിയ ലോകോത്തര മോഡലുകളിലുള്ളതുപോലെയുള്ള വളരെ ആകര്‍ഷണവും സ്‌പോര്‍ട്ടിയുമായ സൈലന്‍സര്‍ മഫ്ലറാണ്‌സിബിആര്‍ 150 ആര്‍ ലുമുള്ളത്. ഇതിന്റെ ആകൃതിയാണ് വലതുവശത്തെ ഏറ്റവും വലിയ ആകര്‍ഷണം. 149 സിസി നാല് സ്‌ട്രോക്ക് കാര്‍ബറേറ്റഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സിബിആര്‍ 150 ആര്‍ ന് കരുത്തേകുന്നത്. 17.58 ബി.എച്ച്.പി കരുത്താണ് 10500 ആര്‍.പി.എമ്മില്‍ ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.12.66 എന്‍.എം. ടോര്‍ക്ക് 8500 ആര്‍.പി.എമ്മിന് ലഭിക്കുന്നത് ആവേശകരമായ കുതിപ്പിന് സഹായിക്കുന്നു. മികച്ച പെര്‍ഫോമന്‍സിന് ലിക്വിഡ് കൂളിങ് സിസ്റ്റമുള്ള എന്‍ജിനും തുണയാകുന്നു. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സിബിആര്‍ 150 ആര്‍ ല്‍ ഉള്ളത്.
ജനവരിയിലെ ഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലായിരുന്നു സിബിആര്‍ 150 ആര്‍ നെ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഇരുചക്രവാഹനമായി സിബിആര്‍ 250 ആര്‍ നെ തിരഞ്ഞെടുത്തുകൊണ്ടു തന്നെ ആകാംക്ഷയോടെയാണ് സിബിആര്‍ 150ആര്‍ നെ നോക്കി കണ്ടത്. ഇതിന് യാതൊരു കോട്ടവും സംഭവിക്കാതിരിക്കാന്‍ ഹോണ്ട പരിശ്രമിച്ചതായി സിബിആര്‍ 150 ആര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോള്‍ തന്നെ മനസ്സിലായി. ഹോണ്ടയുടെ സവിശേഷതയായ ഇന്ധനക്ഷമതയ്ക്ക് കാരണമായി പിജിഎം-ഫ്യുവല്‍ എഫിഷ്യന്‍സിയുള്ളത് സിബിആര്‍150 ആര്‍ ന് ശരാശരി 40 കി.മീ. വരെ മൈലേജ് നല്‍കുന്നു.

സ്‌പോര്‍ട്ട്‌സ് ബൈക്കാണെങ്കിലും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് സസ്‌പെന്‍ഷന്‍. അതുകൊണ്ടുതന്നെ സുഖപ്രദമായ റൈഡാണ് സിബിആര്‍ 150 ആര്‍ നല്‍കുന്നത്. മുന്നിലെ ഡിക്‌സ്‌ബ്രേക്ക് എത്രവേഗത്തില്‍ കുതിക്കുമ്പോഴും മനസ്സ് പതറാതിരിക്കാന്‍ സഹായകമാവുന്നു. മുഖ്യ എതിരാളിയായ യമഹ ആര്‍ 15 ന്റെ അത്രയ്ക്കും താഴ്ന്നിട്ടില്ലെങ്കിലും മുന്നിലേക്ക് ചാഞ്ഞുള്ള ഇരുപ്പ് തന്നെ ഏതൊരു ബൈക്ക് പ്രേമിയുടെയും മനസ്സിലെ റെയ്‌സറിനെ ഉണര്‍ത്തുന്നു. സീറ്റിന്റെ താഴെയുള്ള ഗ്ല്യവ് ബോക്‌സും, സാരിഗാര്‍ഡും ഹോണ്ടയുടെ സര്‍വീസും ഇതിനെല്ലാം ഉപരി സിആര്‍ബി 250 യുടെ രൂപസാദൃശ്യവും ഒത്തുചേരുമ്പോള്‍ ഹോണ്ടയുടെ ഈ പുതിയ അവതാരത്തിന് മാറ്റേറുന്നു.
Print
SocialTwist Tell-a-Friend