റോള്‍സ് റോയ്‌സ് കോഴിക്കോട്ടും
Posted on: 04 Nov 2012 വാഹനലോകത്തെ ആഢ്യത്വത്തിന്റെയും അത്യാഡംഭരത്തിന്റെയും അവസാന അക്ഷരങ്ങളായ ആര്‍.ആര്‍. കോഴിക്കോട്ടുമെത്തുന്നു. ഒരു കാലത്ത് ബ്രിട്ടീഷ് രാജ്ഞിയുടെ മാത്രം വാഹനമായിരുന്ന റോള്‍സ് റോയ്‌സിന്റെ പുത്തന്‍ മോഡലാണ് ഇവിടേക്കെത്തുന്നത്. നാലര കോടി രൂപ വിലവരുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റിന്റെ ഏറ്റവും പുത്തന്‍ മോഡലാണ് ഒരു കോഴിക്കോട്ടുകാരന്‍ സ്വന്തമാക്കുന്നത്.
തൊട്ടുമുമ്പ് വിപണിയിലിറങ്ങിയ ഗോസ്റ്റിനേക്കാള്‍ പതിനേഴ് സെന്റിമീറ്റര്‍ അധികനീളമുണ്ട് ഇതിന്. വീല്‍ബെയ്‌സും അതുവഴി പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് കാലുകള്‍ കൂടുതല്‍ നിവര്‍ത്തിവെക്കാന്‍ സൗകര്യവുമുണ്ടെന്നതാണ് പുതുമോഡലിന്റെ പ്രത്യേകത. വശങ്ങളിലും റെയര്‍വ്യൂ കണ്ണാടിയിലും പുറകുവശത്തെ നമ്പര്‍ പ്‌ളേറ്റിനോടും ചേര്‍ന്നുള്ള ക്യാമറകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതോടെ ഡ്രൈവര്‍ ക്ക് വാഹനത്തിന്റെ ചുറ്റുപാടും കാണാം. ആകാരവടിവുകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന മോഡലിന്റെ ബോണറ്റിലും ബോഡിയിലും വ്യത്യസ്ത നിറങ്ങളാണ്. ക്രോമിയം പൂശിയ ബോണറ്റിന്റെ ഏറ്റവും അറ്റത്താണ് ചിറകുവിരിച്ചുപറക്കുന്ന മാലാഖയുടെ പ്രതിമ (സ്പിരിറ്റ് ഓഫ് എക്സ്റ്റസി) ഇടം പിടിച്ചിരിക്കുന്നത്.
കാര്‍ ഓഫാക്കി പുറത്തിറങ്ങുമ്പോള്‍ ഈ പ്രതിമ പുതുക്കെ താഴ്ന്ന് ബോണറ്റിനുള്ളില്‍ ഒളിക്കും. ബട്ടണ്‍ അമത്തിയാല്‍ അടയുന്ന വാതിലുകള്‍, നൂതന മ്യൂസിക്ക് സിസ്റ്റം, കമ്പിളിനൂലുകൊണ്ടുള്ള പരവതാനി, പുറകുവശവും വശങ്ങളും കാണാന്‍ നിരീക്ഷണ കാമറകള്‍, ഒരു മണിക്കൂറില്‍ 250 കിലോമീറ്റര്‍ ദൂരത്തേക്ക് കാറിനെ എത്തിക്കാന്‍ 560 ഹോഴ്‌സ് പവര്‍ ശക്തിയുള്ള വിസ് എന്‍ജിന്‍ എന്നിവയാണ് കാറിന്റെ സവിശേഷതകളെന്ന് റോള്‍സ് റോയ്‌സ് ഏരിയ സെയില്‍സ് മാനേജര്‍ പീറ്റര്‍ വിന്‍ഡ്‌സര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. കോയമ്പത്തൂരിലെ റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സാണ് വിതരണക്കാര്‍.