TopGear1
മഹീന്ദ്രയുടെ മിടുമിടുക്കന്‍
Posted on: 04 Nov 2012
ഹാനി മുസ്തഫ

സാങ്കേതികമായി മുന്നിലുള്ള സ്ഥാപനങ്ങളെ സാമ്പത്തികമായി കരുത്തന്മാരായ സ്ഥാപനങ്ങള്‍ സ്വന്തമാക്കുന്നത് സര്‍വസാധാരണമാണ്. ഇന്ത്യന്‍ വാഹനവിപണിയില്‍ അത്തരം വന്‍കിട ഏറ്റെടുക്കല്‍ നടത്തിയത് ടാറ്റയും മഹീന്ദ്രയുമാണ്. ജീപ്പ്, എസ്‌യുവി നിര്‍മാണത്തില്‍ പ്രശസ്തിനേടിയ മഹീന്ദ്ര സ്വന്തമാക്കിയത് തെക്കന്‍ കൊറിയയിലെ പ്രശസ്ത എസ്‌യുവി നിര്‍മാതാക്കളായ സാങ്ങ്‌യോങ്ങിനെയാണ്. ഈ ഏറ്റെടുക്കലിന്റെ ഭാഗമായി ആദ്യം പുറത്തുവന്ന മോഡലാണ് റെക്‌സ്ടണ്‍.രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളായിട്ടാണ് സാങ്ങ്‌യോങ്ങിന്റെ ജനനം. 1963ഓടെ ഒന്നായ ഈ സ്ഥാപനങ്ങള്‍ 1977ലാണ് സാങ്ങ്‌യോങ്ങ് എന്ന് പേര് സ്വീകരിച്ചത്. ട്രക്കും ബസ്സുംവരെ നിര്‍മിച്ചിരുന്ന സാങ്ങ്‌യോങ്ങ് പിന്നീട് കൊറിയയുടെ ഏറ്റവും പ്രശസ്തമായ എസ്‌യുവി നിര്‍മാതാക്കളായി. ഓട്ടോമൊബൈല്‍ സാങ്കേതികതയില്‍ രാജാക്കന്മാരായ മെഴ്‌സിഡസ് ബെന്‍സുമായിട്ടായിരുന്നു സാങ്ങ്‌യോങ്ങിന്റെ ചങ്ങാത്തം. അങ്ങനെ പുറത്തിറക്കിയ മൂസോ എന്ന ചെറിയ ആഡംബര എസ്‌യുവി ഏറെ പ്രശസ്തിനേടിയിരുന്നു. അതോടുകൂടി സാങ്ങ്‌യോങ്ങിന്റെ ഡിസൈനിനും നിര്‍മാണശൈലിക്കും ഏറെ അംഗീകാരം ലഭിച്ചു. പിന്നീട് പുറത്തിറക്കിയ മോഡലാണ് റെക്‌സ്ടണ്‍. ആദ്യതലമുറ മെഴ്‌സിഡസ് എം ക്ലാസായ ഡബ്ല്യു163യുടെ സാങ്കേതിക വിദ്യകളാണ് ഇതിലുള്ളത്. 2010ല്‍ പുറത്തിറക്കിയ മൂന്നാംതലമുറ റെക്‌സ്ടണ്‍ ചില മാറ്റങ്ങളോടെയാണ് മഹീന്ദ്ര ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

സാങ്കേതിക കൂട്ടുകാരനായ എം. ക്ലാസിന്റെ (ആദ്യ തലമുറ) ചില രൂപസാദൃശ്യം ഇതില്‍ കാണാം. വലിയ ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലൈറ്റിനുമിടയ്ക്കായി ഉടനീളം ക്രോം പ്ലേറ്റിങ്ങോടുകൂടിയ പുഞ്ചിരിവിടരുന്ന ഗ്രില്ലാണ് മുന്‍വശത്തിന്റെ ഐശ്വര്യം. പേശീസമ്പുഷ്ടമാണ് വശങ്ങള്‍. വലിയ വീല്‍ ആര്‍ച്ചും പരന്ന റൂഫ്‌ലൈസും വലിയ ഡോര്‍ ഹാന്‍ഡിലും പുറത്തുകാണുന്ന 'സി പില്ലറുമെല്ലാം എം. ക്ലാസിനെ ഓര്‍മിപ്പിക്കുന്നുണ്ട്. പിന്‍വശത്തിന് പഴയ എ. ക്ലാസുമായിട്ടാണ് സാമ്യം. കുത്തനെനില്‍ക്കുന്ന ടെയില്‍ ലൈറ്റും റാപ്പ് റൗണ്ട് ഗ്ലാസ്സും വലിയ ബൂട്ട് ഡോറുമാണ് ഈ സാമ്യതയ്ക്ക് കാരണം. ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണറും മിത്‌സുബിഷി പജേറൊയുമായിട്ടാണ് റെക്‌സ്ടണ്‍ മത്സരിക്കേണ്ടത്. മറ്റുള്ള എന്‍ട്രിലെവല്‍ ലക്ഷ്വറി എസ്.യു.വി.കളെക്കാള്‍ വ്യത്യസ്തമായ രൂപകല്പനയാണ് ഇതിനുള്ളത്. 235/75 ആര്‍16 വലിയ ടയറുകളും 16 ഇഞ്ച് അലോയി വീലുകളും കൂടിച്ചേരുമ്പോള്‍ എസ്.യു.വി.യുടെ തനതായ ഭാവം ലഭിക്കുന്നു.മഹീന്ദ്രയുടെ ഏറ്റവും മുന്തിയ മോഡലായ എക്‌സ്.യു.വി.500 യെക്കാള്‍ ആഡംബര പൂര്‍ണമായാണ് റെക്‌സ്ടണെ അവതരിപ്പിച്ചിരിക്കുന്നത്. ഉടനീളം ലെതറും വുഡ് ട്രിമും ചേര്‍ന്നിട്ടുള്ളതാണ് ഉള്‍വശം. മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിങ് വീലും ടച്ച് സ്‌ക്രീനോടുകൂടിയ ഓഡിയോ സിസ്റ്റവും ക്ലൈമറ്റ് കണ്‍ട്രോള്‍ എസിയുമെല്ലാമുണ്ട്. മുന്‍സീറ്റ് ക്രമീകരിച്ചിരിക്കുന്നത് നല്ല ഉയരത്തില്‍ ഇരിക്കാവുന്ന തരത്തിലാണ്. പിന്‍സീറ്റിന് സപ്പോര്‍ട്ട് കുറവുള്ളതാണ് ഒരു ന്യൂനത. വിശാലമായ ലെഗ് സ്‌പേസും വലിയ ബൂട്ട് സ്‌പേസുമുണ്ട്.

മെഴ്‌സിഡസിന്റെ ഡബ്ല്യു.163 എം.-ക്ലാസ്സിലും ഡബ്ലു.210 ഇ-ക്ലാസ്സിലും ഉപയോഗിച്ചിരുന്ന 2.7 ലിറ്റര്‍ ഇന്‍ലൈന്‍ 5-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റെക്‌സ്ടണ് കരുത്തേകുന്നത്. ഇതിനോട് ഘടിപ്പിക്കുന്നത് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോകേ്‌സാ 5-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോകേ്‌സാ ആണ്. മാന്വല്‍ മോഡലിന് 162 ബിഎച്ച്പി കരുത്തും ഓട്ടോമാറ്റിക്കിന് 184 ബിഎച്ച്പി കരുത്തുമുണ്ട്. ഓട്ടോമാറ്റിക് മോഡല്‍ ടിപ്‌ട്രോണിക് ആയതുകൊണ്ട് മാന്വല്‍ ആയി ഉപയോഗിക്കാന്‍ വേണ്ടി പെഡല്‍ ഷിഫ്റ്റും കൊടുത്തിട്ടുണ്ട്. മറ്റു പല 4-സിലിണ്ടര്‍ എന്‍ജിന്റെയത്രയും സ്മൂത്ത് അല്ല. സസ്‌പെന്‍ഷന്‍മികച്ച താ ണ്. ഇതിന്റെ ട്യൂണിങ്, പക്ഷേ ഷാസ്സിസ് ഫ്രെയിമിന്റെ മുകളില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ മോണോ കോക്ക് നിര്‍മിതിയിലുള്ള ഹോണ്ട സി.ആര്‍.വി.യുടെ യാത്രാസുഖം പ്രതീക്ഷിക്കാനാവില്ല.17.67 ലക്ഷം മുതല്‍ 19.67 ലക്ഷം രൂപവരെയാണ് മുംബൈയിലെ ഓണ്‍റോഡ് വില. ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്, വൈപ്പര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, ക്രൂഡ് കണ്‍ട്രോള്‍, മെമ്മറിയോടുകൂടിയ ഇലക്ട്രിക് അഡ്ജസ്റ്റ് സീറ്റ്, എബിഎസ്, ഇഎസ്പി, 16-ഇഞ്ച് അലോയി വീല്‍ തുടങ്ങിയ പ്രത്യേകതകള്‍ കൊണ്ട് റെക്‌സ്ടണെ എന്‍ട്രി ലെവല്‍ ലക്ഷ്വറി എസ്.യു.വി. വിഭാഗത്തിലെ ഒരു താരമാക്കാനാണ് മഹീന്ദ്രയുടെ ശ്രമം.Print
SocialTwist Tell-a-Friend